ന്നട സൂപ്പര്‍ താരം പുനീത് രാജ്കുമാറിന്റെ മരണം സിനിമാലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. കൂടെ ആ മരണം ഉയര്‍ത്തുന്ന ഒരു പാട് ചോദ്യങ്ങളും. ആരോഗ്യത്തിനായി വര്‍ക്ക്ഔട്ട് ചെയ്യുന്നതില്‍ ഏറെ കണിശക്കാരനായിരുന്നു അദ്ദേഹം. കൊറോണയെ പ്രതിരോധിക്കേണ്ടതും നവമി ആഘോഷിക്കേണ്ടതും വ്യായാമം ചെയ്തു കൊണ്ടു വേണം എന്ന് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. ഇതിനോട് ചേര്‍ത്ത് വായിക്കേണ്ട ഒന്നാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കാപ്റ്റന്‍ സൗരവ് ഗാംഗുലിക്ക് ഉണ്ടായ ഹൃദയാഘാതം. ട്രോളന്‍മാര്‍ പറയുന്ന പോലെ, വ്യായാമം ചെയ്തതുകൊണ്ടൊന്നും കാര്യമില്ല, ചുമ്മാതിരിക്കുന്നതാണ്  നല്ലത് എന്നാണോ മനസ്സിലാക്കേണ്ടത്?

വ്യായാമം ആവശ്യമോ?

തീര്‍ച്ചയായും ആവശ്യമാണ്. ശരീരത്തിന്റെ സ്വാഭാവികമായുള്ള കര്‍മ്മശേഷിയെ നിലനിര്‍ത്താന്‍ അവയ്ക്ക് ആയാസം കൊടുക്കേണ്ടത് ആവശ്യമാണ്. മുന്‍കാലങ്ങളിലെ ജീവിതരീതി ശാരീരിക അധ്വാനം ഉണ്ടാകുന്ന വിധത്തില്‍ ആയിരുന്നു. എന്നാല്‍ ഇന്നത്തെ മാറിയ സാഹചര്യങ്ങളില്‍ അധ്വാനത്തിനായി വ്യായാമം ചെയ്യണം എന്ന അവസ്ഥയില്‍ എത്തിയിരിക്കുന്നു കാര്യങ്ങള്‍. 

ശരീരത്തിന്റെ സന്തുലിതാവസ്ഥ, കര്‍മ്മകരണശേഷി തുടങ്ങിയവ നിലനിര്‍ത്താന്‍ വ്യായാമം അത്യന്താപേക്ഷിതമാണ്. ഈ തിരിച്ചറിവ് ഇന്നത്തെ യുവതലമുറയ്ക്ക് ഉണ്ട്. അതുകൊണ്ടാണല്ലോ ജിമ്മുകളില്‍ പോയി വിയര്‍ക്കാനും രാത്രി ടര്‍ഫില്‍ പോയി ഫുട്‌ബോള്‍ കളിക്കാനും ഇവര്‍ തയ്യാറാവുന്നത്. എന്നാല്‍ ഒരുപാട് വര്‍ക്കൗട്ട് ചെയ്തു വിയര്‍ത്ത് വരുന്നതാണോ ശരിയായ വ്യായാമരീതി? ഇത് ആരും ആലോചിക്കാറില്ല.

കായികമായി അധ്വാനമില്ലാത്ത വിധത്തിലുള്ള ജോലികള്‍ ചെയ്യുന്നവര്‍ക്കും ശരീരത്തിന്റെ കാര്യക്ഷമത വളരെയധികം ആവശ്യമായ കായികതാരങ്ങള്‍ക്കും വ്യായാമം അത്യാവശ്യമാണ്. എന്നാല്‍ മേല്‍പ്പറഞ്ഞ രണ്ട് കൂട്ടരും ഒരേ രീതിയിലുള്ള വ്യായാമമുറകള്‍ അല്ല ശീലിക്കേണ്ടത്. അവരവരുടെ ശാരീരിക ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ആവണം വ്യായാമമുറകള്‍ നിശ്ചയിക്കേണ്ടത്.

എപ്പോഴാണ് വ്യായാമം ചെയ്യേണ്ടത്?

ശരീരം പ്രവര്‍ത്തനോന്മുഖമായിരിക്കുന്ന പകല്‍ സമയത്താണ് വ്യായാമം ചെയ്യേണ്ടത്. ഉടനെ യുവതലമുറയ്ക്ക് തോന്നാവുന്ന ഒരു ചോദ്യമാണ് രാത്രി ചെയ്താല്‍ എന്താണ് കുഴപ്പം? എനിക്ക് രാത്രിയെ ഒഴിവുള്ളൂ...

രാത്രി എന്നാല്‍ ഇരുട്ട് മാത്രമല്ല. ബയോളജിക്കല്‍ ക്ലോക്ക് ശരീരവും ദിനരാത്രങ്ങളും തമ്മിലുള്ള ബന്ധം വെളിവാക്കുന്നു. രാത്രി എന്നത് ശരീരം വിശ്രമിക്കുവാനായി പ്രകൃതി നിശ്ചയിച്ചിരിക്കുന്ന സമയമാണ്. അതുകൊണ്ട് സൂര്യന്‍ അസ്തമിക്കുന്നതോടെ ശരീരം വിശ്രമിക്കാന്‍ തയ്യാറാകുന്നു. വൈദ്യുതി വിളക്കുകളുടെ കണ്ടുപിടുത്തത്തോടെ രാത്രിയിലെ ഇരുട്ടിനെ ജയിക്കാന്‍ മനുഷ്യന് സാധിച്ചു. എന്നാല്‍ പ്രകൃതിയും ശരീരവും തമ്മിലുള്ള ഈ ബന്ധത്തെ ജയിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ രാത്രി ഉണര്‍ന്നിരിക്കുന്നത് പോലും ശരീരത്തിന് ക്ഷീണം ഉണ്ടാക്കുന്ന കാര്യമാണ്. അപ്പോള്‍ പിന്നെ അധ്വാനകരമായ കളികളുടെയും വര്‍ക്കൗട്ടുകളുടെയും കാര്യം പറയാനുണ്ടോ....

എത്ര സമയം ചെയ്യണം?

ശരീരസൗന്ദര്യം നിലനിര്‍ത്തുവാന്‍ മണിക്കൂറുകളോളം വ്യായാമ മുറകളില്‍ ഏര്‍പ്പെടുന്നതും ഈയിടെ ട്രെന്‍ഡിങ് ആയ ഒരു കാര്യമാണ്. പലപ്പോഴും ഇതിനു ശേഷം തീര്‍ത്തും അവശരാകുന്ന അവസ്ഥ ഇവര്‍ അനുഭവിക്കുന്നുണ്ടാവും. കുറച്ചു സമയത്തിനുശേഷം പൂര്‍വ്വസ്ഥിതിയിലേക്ക് എത്തുന്നുണ്ടെങ്കിലും ഇത് ശരീരത്തിനുണ്ടാകുന്ന ആഘാതം ചെറുതല്ല. തീര്‍ത്തും ക്ഷീണിക്കുന്നത് വരെ വ്യായാമം ചെയ്യുന്നത് ശരീരത്തിന് ഹാനികരമാണ്. തന്റെ ശക്തിയുടെ പകുതി അളവില്‍ മാത്രമേ വ്യായാമം ശീലിക്കാവൂ. കൂടാതെ വേനല്‍ക്കാലം പോലെ പ്രകൃത്യാ ശരീരത്തിന് ബലം കുറഞ്ഞിരിക്കുന്ന സാഹചര്യങ്ങളില്‍ വ്യായാമത്തിന്റെ അളവ് വീണ്ടും കുറയ്‌ക്കേണ്ടതാണ്.

മറ്റൊരു അപകടകരമായ കാര്യം രാത്രി വ്യായാമം അല്ലെങ്കില്‍ കളിക്ക് ശേഷം ഹെവി ആയി ഭക്ഷണം കഴിക്കുകയും ഉടനെ കിടന്നുറങ്ങുകയും ചെയ്യുന്ന രീതിയാണ്. മിക്കവാറും ടര്‍ഫുകളില്‍ കണ്ടുവരുന്ന ഒരു കാഴ്ചയാണിത്. കളിച്ച് ക്ഷീണിച്ച ശരീരത്തിന് മാംസാഹാരങ്ങളെ ദഹിപ്പിക്കുക ബുദ്ധിമുട്ടായിരിക്കും. പതിയെ ദഹിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയിലാവും ഉറങ്ങുന്നത്. ഈ ഉറക്കം ദഹനത്തെ പകുതി വഴിയില്‍ ഉപേക്ഷിക്കാന്‍ ശരീരത്തെ നിര്‍ബന്ധിതമാകുന്നു. ഇത് ഉയര്‍ന്ന കൊളസ്‌ട്രോള്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകാം.

ഇത്തരത്തില്‍ ആരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നാം ചെയ്യുന്ന ചില തെറ്റായ പ്രവൃത്തികളിലൂടെ നമ്മള്‍ തന്നെ ശരീരത്തെ ക്ഷീണിപ്പിക്കുന്ന, ബലഹീനമാക്കുന്ന ഒരു അവസ്ഥയിലേക്ക് എത്തിക്കുന്നു. 

എങ്ങനെയാണ് വ്യായാമം ശീലിക്കേണ്ടത്?

  • രാവിലെ അല്ലെങ്കില്‍ വൈകിട്ട് ആണ് വ്യായാമത്തിന് ഉചിതമായ സമയം
  • മുന്‍പ് കഴിച്ച ഭക്ഷണം ദഹിച്ച ശേഷമായിരിക്കണം. വയറുനിറയെ ഭക്ഷണം കഴിച്ച ഉടനെ ചെയ്യാന്‍ പാടില്ല.
  • തന്റെ ശരീരബലത്തിന്റെ പകുതി മാത്രമേ വ്യായാമത്തിനായി ചെലവഴിക്കാവൂ.
  • കഠിനമായ വ്യായാമ മുറകള്‍ അധികസമയം ശീലിക്കരുത്. ഇത് നിങ്ങളുടെ ഹൃദയത്തിന്റെ ജോലിഭാരം ക്രമാതീതമായി കൂടാന്‍ കാരണമാകുന്നു.
  • യോഗാസനങ്ങള്‍, നടത്തം തുടങ്ങി എന്നും ചെയ്യാവുന്ന, വീട്ടില്‍ തന്നെ ശീലിക്കാവുന്ന രീതികള്‍ അവലംബിക്കാവുന്നതാണ് അഭികാമ്യം.

(കൂറ്റനാട് അഷ്ടാംഗം ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ പഞ്ചകര്‍മ്മ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖിക)

Content Highlights: Pros and cons of night time workouts, Why working out in the evening night is bad