ക്തത്തില്‍ ഷുഗര്‍ നില കൂടിയ അളവിലുണ്ടാകുന്ന അവസ്ഥാണ് പ്രമേഹം. എന്നാല്‍ പ്രമേഹമുള്ളവരില്‍ പെട്ടെന്ന് ഷുഗര്‍ നില കുറഞ്ഞുപോയാലോ? പ്രമേഹത്തിന്റെ കാര്യത്തില്‍ ഏറ്റവും ഗൗരവമായി കാണേണ്ട അവസ്ഥയാണിത്. ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹാരം ചെയ്തില്ലെങ്കില്‍ അപകടം വന്നെത്തുന്ന അവസ്ഥ.

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വലിയതോതില്‍ കുറഞ്ഞുപോകുന്ന അവസ്ഥയെ ഹൈപ്പോഗ്ലൈസീമിയ എന്നാണ് പറയുക. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് 50 മി.ഗ്രാം/ ഡെസിലിറ്ററില്‍ കുറയുമ്പോഴാണ് തീവ്രമായ ഹൈപ്പോഗ്ലൈസീമിയ ഉണ്ടാകുന്നത്. അത് 70 മി.ഗ്രാം/ ഡെസിലിറ്ററില്‍ കുറയുമ്പോള്‍ തന്നെ രോഗിക്ക് ലക്ഷണങ്ങള്‍ ഉണ്ടാകും. ഹൈപ്പോഗ്ലൈസീമിയ മറികടക്കാന്‍ രോഗിയും ഒപ്പമുള്ളവരും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട് 

കാരണങ്ങള്‍

ഇന്‍സുലിന്റെ അളവും പ്രമേഹനിയന്ത്രണ മരുന്നുകളുടെ ഡോസ് കൂടുന്നതും ആഹാരത്തിന്റെ അളവ് കുറയുന്നതും അമിതമായി ശാരീരിക അധ്വാനം ചെയ്യുന്നതും ഹൈപ്പോഗ്ലൈസീമിയയ്ക്ക് കാരണമാകാം.

ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

ദേഷ്യം, അമിത വിശപ്പ്, ക്ഷീണം, വിയര്‍പ്പ്, നെഞ്ചിടിപ്പ് കൂടുക, കണ്ണില്‍ ഇരുട്ട് കയറുക, കൈകാലുകളില്‍ വിറയല്‍, തലകറക്കവും തലവേദനയും.

കൂടെയുള്ളവര്‍ ചെയ്യേണ്ടത്

ഹൈപ്പോഗ്ലൈസീമിയയില്‍ നിന്ന് രോഗിയെ രക്ഷിക്കുന്നതില്‍ കുടുംബങ്ങള്‍ക്കും കൂട്ടുകാര്‍ക്കുമെല്ലാം പലപ്പോഴും വലിയ പങ്ക് വഹിക്കാനാകും. അതിന് കൂടെയുള്ള ആള്‍ക്ക് പ്രമേഹമുണ്ടെന്നും ഹൈപ്പോഗ്ലൈസീമിയക്ക് സാധ്യതയുണ്ടെന്നുമുള്ള അറിവാണ് പ്രധാനം. 

പ്രമേഹരോഗിയില്‍ സ്വാഭാവിക പെരുമാറ്റത്തില്‍ പെട്ടെന്ന് മാറ്റം വരുകയാണെങ്കില്‍ ഹൈപ്പോഗ്ലൈസീമിയ സാധ്യത കൂടെയുള്ളവര്‍ സംശയിക്കണം. ചെറിയ തോതില്‍ ഷുഗര്‍ കുറയുകയാണെങ്കില്‍ മറ്റുള്ളവരുടെ സഹായമില്ലാതെ തന്നെ രോഗിക്ക് സ്വയം പരിഹരിക്കാവുന്നതേയുള്ളൂ. സ്വയം ഗ്ലൂക്കോസ് കഴിക്കുകയോ അതിന് ശേഷം അനുയോജ്യമായ ഭക്ഷണം കഴിക്കുകയോ ചെയ്താല്‍ പ്രശ്‌നം പരിഹരിക്കാം.

എന്നാല്‍ തീവ്രമായ രീതിയില്‍ ഹൈപ്പോഗ്ലൈസീമിയ വരികയാണെങ്കില്‍ ഒപ്പമുള്ളവരുടെ സഹായം ആവശ്യമാണ്. കാരണം സ്വയം ഗ്ലൂക്കോസ് കഴിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. മാത്രമല്ല തനിക്ക് ഗ്ലൂക്കോസ് വേണമെന്ന് പറയാന്‍ പോലും കഴിഞ്ഞെന്നും വരില്ല. അതുകൊണ്ടാണ് ഒപ്പമുള്ളവര്‍ക്ക് ഹൈപ്പോഗ്ലൈസീമിയയെക്കുറിച്ചുള്ള ധാരണ നേരത്തെ തന്നെ നല്‍കണമെന്ന് പറയുന്നത്. വിദേശരാജ്യങ്ങളില്‍ ഇത്തരം രോഗികള്‍ ഇക്കാര്യം വിശദമാക്കുന്ന ഐ.ഡി. കാര്‍ഡ് കരുതാറുണ്ട്. എന്നാല്‍ നമ്മുടെ നാട്ടില്‍ അത് പതിവില്ല.

അബോധാവസ്ഥയില്‍ ആണെങ്കില്‍

ഹൈപ്പോഗ്ലൈസീമിയ വന്ന രോഗിക്ക് ബോധമുണ്ടെങ്കില്‍ മാത്രമേ ഗ്ലൂക്കോസ് നല്‍കാന്‍ സാധിക്കുകയുള്ളൂ. അബോധാവസ്ഥയിലുള്ള വ്യക്തിയുടെ വായിലേക്ക് ഗ്ലൂക്കോസ്‌പൊടി വെച്ചാല്‍ അത് ശ്വാസകോശത്തിലേക്ക് കടക്കാനും സങ്കീര്‍ണതകള്‍ക്ക് ഇടയാക്കുകയും ചെയ്യാം. ഹൈപ്പോഗ്ലൈസീമിയ കാരണം അബോധാവസ്ഥയിലായ രോഗിയുടെ നാവില്‍ തേന്‍ പുരട്ടുന്നത് പ്രയോജനം ചെയ്യും.

ഇതല്ലെങ്കില്‍ ഗ്ലൂക്കഗോണ്‍ ഇഞ്ചക്ഷന്‍ ലഭ്യമാണ്. ഇത് മസിലില്‍ കുത്തിവെക്കാം. ഹൈപ്പോഗ്ലൈസീമിയ ഉണ്ടാകാറുള്ള രോഗികള്‍ക്ക് ഗ്ലൂക്കഗോണ്‍ ഇഞ്ചക്ഷന്‍ എപ്പോഴും കരുതണമെന്ന് നിര്‍ദേശിക്കാറുണ്ട്. തുടര്‍ന്ന് ആവശ്യമെങ്കില്‍ വൈദ്യസഹായം തേടുകയും ചെയ്യുക.

ഒറ്റയ്ക്കാവേണ്ട

ഹൈപ്പോഗ്ലൈസീമിയ വരുന്ന രോഗികള്‍ മുറി അടച്ച് തനിച്ച് കിടക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. രോഗാവസ്ഥയെക്കുറിച്ച് അറിയാവുന്നവര്‍ പരിസരത്ത് തന്നെ ഉണ്ടാകുന്നത് നല്ലതാണ്. കാരണം ഹൈപ്പോഗ്ലൈസീമിയ വന്നാല്‍ സ്വന്തമായി കതക് തുറന്ന് മറ്റുള്ളവരെ വിവരമറിയിക്കാന്‍ സാധിച്ചെന്ന് വരില്ല. അതുകൊണ്ടാണ് ഈ നിര്‍ദേശം നല്‍കുന്നത്.

ഗ്ലൂക്കോസ് നല്‍കുമ്പോള്‍

ഷുഗര്‍ കുറഞ്ഞ് അസ്വസ്ഥത വരുകയാണെങ്കില്‍ ഒപ്പമുള്ളവര്‍ പ്രമേഹരോഗിക്ക് ഗ്ലൂക്കോസ് കഴിക്കാന്‍ കൊടുക്കണം. എന്നാല്‍ കൊടുക്കുന്ന അളവ് പ്രധാനമാണ്. പെട്ടെന്ന് ശരിയാവട്ടെ എന്ന് കരുതി വലിയതോതില്‍ ഗ്ലൂക്കോസ് തുടര്‍ച്ചയായി കൊടുക്കരുത്. അങ്ങനെ ചെയ്താല്‍ പെട്ടെന്ന് രക്തത്തിലെ ഗ്ലൂക്കോസ് നില അപകടരമായി ഉയര്‍ന്നേക്കാം. അതുകൊണ്ട് മുതിര്‍ന്ന ഒരാള്‍ക്ക് ഹൈപ്പോഗ്ലൈസീമിയ വന്നാല്‍ ആദ്യം 15 ഗ്രാം ഗ്ലൂക്കോസ് നല്‍കുക. അതായത് ഒരു ടേബിള്‍ സ്പൂണ്‍ അഥവാ മൂന്ന് ടീസ്പൂണ്‍ ഗ്ലൂക്കോസ്. ആദ്യം ഇത് നല്‍കി 15 മിനിറ്റ് കഴിഞ്ഞശേഷം ഗ്ലൂക്കോമീറ്റര്‍ ഉപയോഗിച്ച് ഷുഗര്‍നില പരിശോധിക്കുക. അത് 70 മി.ഗ്രാം/ ഡെസിലിറ്ററിന് മുകളിലെത്തിയില്ലെങ്കില്‍ ഒരുതവണ കൂടി 15 ഗ്രാം ഗ്ലൂക്കോസ് നല്‍കാവുന്നതാണ്. അപ്പോഴേക്കും ഷുഗര്‍നില സാധാരണ അളവിലേക്ക് എത്താറുണ്ട്. തുടര്‍ന്ന് അല്പം ഭക്ഷണം കഴിച്ച് ഷുഗര്‍ സാധാരണ നിലയില്‍ നിലനിര്‍ത്താനാകും. അല്ലാത്ത സാഹചര്യമാണെങ്കില്‍ ഉടന്‍ വൈദ്യസഹായം തേടണം.

വിവരങ്ങള്‍ക്ക് കടപ്പാട്

ഡോ. നിഷ ഭവാനി
ക്ലിനിക്കല്‍ പ്രൊഫസര്‍
എന്‍ഡോക്രൈനോളജി&ഡയബറ്റിസ് വിഭാഗം
അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, കൊച്ചി

(നവംബര്‍ ലക്കം ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്)

Content Highlight: Low sugar Level, Sugar level, Sugar Level after food, Glucose level, hypoglycemia