ജീവിതശൈലിയുടെ ഭാഗമാക്കേണ്ടതാണ് വ്യായാമം എന്നും അലസജീവിതം ആരോഗ്യത്തെ മോശമായി ബാധിക്കുമെന്നും കാലങ്ങളായി നാം കേള്‍ക്കുന്നുണ്ട്. 

ദിവസവും രാവിലെ 30 മിനിറ്റ് വ്യായാമം ചെയ്യുന്നത് രോഗങ്ങളകറ്റാന്‍ സഹായിക്കുമെന്നാണ് പൊതുവെ പറയപ്പെടുന്നത്. എന്നാല്‍ ആകെ 30 മിനിറ്റ് നേരത്തെ വ്യായാമം മാത്രം പോര, ദിവസം മുഴുവനും ഊര്‍ജസ്വലത നിലനിര്‍ത്തുകയും വേണമെന്നാണ് പുതിയ കണ്ടെത്തല്‍. 

ശരീരമനങ്ങാതെ ചടഞ്ഞുകൂടുന്ന അലസമായ ജീവിതശൈലി പിന്തുടരുന്നവരില്‍ പള്‍മണറി എംബോളിസം എന്ന ഒരു അവസ്ഥയുണ്ടാകുമെന്നാണ് പഠനങ്ങളില്‍ പറയുന്നത്. പൊതുവേ കാണുന്ന ഹൃദയസംബന്ധമായ ഒരു പ്രശ്‌നമാണിത്. ബ്രിട്ടീഷ് മെഡിക്കല്‍ ജേണലിലാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

ദീര്‍ഘനേരം ഇരുന്നു ജോലി ചെയ്യുന്നത് പതിവായ സ്ത്രീകളില്‍ പുരുഷന്‍മാരെ അപേക്ഷിച്ച് ഹൃദയസംബന്ധമായ സങ്കീര്‍ണതകള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണെന്ന് പഠനത്തില്‍ പറയുന്നു. 

രക്തക്കട്ട രക്തത്തിലൂടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കെത്തി ശ്വാസകോശത്തിലെ ധമനികളില്‍ തടസ്സമുണ്ടാക്കുന്ന അവസ്ഥയാണ് പള്‍മണറി എംബോളിസം. ഒരേ സ്ഥലത്ത് ദീര്‍ഘനേരം ചടഞ്ഞുകൂടി ഇരിക്കുമ്പോള്‍ ശരീരത്തില്‍ രക്തക്കട്ടകള്‍ രൂപംകൊണ്ട് അവ രക്തത്തിലൂടെ സഞ്ചരിച്ച് കാലുകളിലും ശ്വാസകോശത്തിലുമൊക്കെ എത്തി രക്തക്കുഴലുകളില്‍ തടസ്സമുണ്ടാക്കുന്നു. ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, നെഞ്ചുവേദന, ചുമ എന്നിവയൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങള്‍.
 
അലസമായ ജീവിതശൈലി ഉള്ളവരില്‍ കാന്‍സര്‍ സാധ്യത കൂടുതലാണെന്നാണ് അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാന്‍സര്‍ റിസര്‍ച്ചും അഭിപ്രായപ്പെടുന്നുണ്ട്. വെറും 30 മിനിറ്റില്‍ ഒതുങ്ങുന്ന വ്യായാമം വഴി ജീവിതം സുരക്ഷിതമാണെന്ന് ചിന്തിക്കരുത്. 

ശാരീരിക പ്രവര്‍ത്തനങ്ങളും ശാസ്ത്രീയമായ വ്യായാമങ്ങളും ഒരുപോലെ പ്രധാനപ്പെട്ടതാണ്. അതിനാല്‍ തന്നെ രണ്ടും ഒരേ പോലെ ബാലന്‍സ് ചെയ്ത് കൊണ്ടുപോകേണ്ടതുണ്ട്. ഒരു 30 മിനിറ്റ് വ്യായാമത്തില്‍ ഒതുക്കരുത് ആരോഗ്യസംരക്ഷണം. ശാരീരിക പ്രവര്‍ത്തനങ്ങള്‍ തുടരണം.

ചടഞ്ഞുകൂടിയിരിക്കാതെ ആക്ടീവാകാനുള്ള വഴികള്‍ കണ്ടെത്തണം. വീട്ടുജോലികള്‍ ചെയ്യല്‍, പടികള്‍ കയറിയിറങ്ങല്‍, ചെറിയ ദൂരത്തേക്ക് നടന്നുപോവല്‍ തുടങ്ങി, തുടര്‍ച്ചയായി ഒറ്റയിരുപ്പിന് ജോലി ചെയ്യാതെ ഇടയ്ക്ക് എഴുന്നേറ്റ് നടക്കല്‍ തുടങ്ങി ഒരു ദിവസം നമുക്ക് ആക്ടീവാകാന്‍ കഴിയുന്ന സാധ്യതകള്‍ കണ്ടെത്തി അതിന് അനുസരിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകണം.

ആരോഗ്യത്തോടെ ജീവിക്കണമെങ്കില്‍ ദിവസവും വ്യായാമം ചെയ്യാം. ഒപ്പം അലസജീവിതം ഒഴിവാക്കുകയും വേണം.

Content Highlights: Need to stay physically active and regular workout, Health