ജീവിത ശൈലിയിലെയും ഭക്ഷണക്രമത്തിലെയും മാറ്റം മൂലം ലോകത്താകമാനമുള്ള ദമ്പതികള്‍ അനുഭവിക്കുന്ന പ്രധാന ആരോഗ്യ പ്രശ്നമാണ് വന്ധ്യത. ചികിത്സാ രംഗത്ത് വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ടെങ്കിലും വന്ധ്യതയുടെ ശരിയായ കാരണങ്ങള്‍ പലര്‍ക്കും അറിയില്ലെന്നതാണ് യാഥാര്‍ഥ്യം. സ്ത്രീകളിലും പുരുഷന്‍മാരിലും വ്യത്യസ്ത കാരണങ്ങള്‍ കൊണ്ടാണ് വന്ധ്യതയുണ്ടാകുന്നത്.
പുരുഷ വന്ധ്യതയ്ക്കുള്ള പ്രധാന കാരണങ്ങള്‍
ബീജത്തിലെ പ്രശ്നങ്ങള്‍
രതിമൂര്‍ച്ചയുടെ സമയത്ത് പുരുഷ ലിംഗത്തില്‍ നിന്നും പുറത്ത് വരുന്ന ശുക്ലത്തില്‍ നിന്നാണ് പുരുഷ ബീജം ഉണ്ടാവുന്നത്. പ്രോസ്റ്റേറ്റ് ഗ്രന്ഥി, സെമിനല്‍ വെസിക്കിള്‍, മറ്റ് ലൈംഗിക ഗ്രന്ഥികള്‍ എന്നിവയില്‍ നിന്നാണ് ഇത് പുറത്ത് വരുന്നത്. ശുക്ലത്തിലെ അപാകങ്ങള്‍, ലൈംഗീക ബന്ധത്തിലെ അപാകങ്ങള്‍ എന്നിവയാണ് പരുഷ വന്ധ്യതയ്ക്കുള്ള പ്രധാന കാരണം. ഇതിന് പുറമെ ബീജസംഖ്യയിലെ കുറവും വന്ധ്യതയ്ക്ക് കാരണമാകാറുണ്ട്. ഒരു മില്ലി ലിറ്റര്‍ ശുക്ലത്തില്‍ ഒന്നരക്കോടിയിലേറെ ബീജങ്ങള്‍ ഉണ്ടാവുന്നുവെന്നാണ് കണക്ക്. എന്നാല്‍ ചിലരില്‍ ഇതിന്റെ അളവ് കുറയുന്നതാണ് പ്രശ്നകാരണമാകുന്നത്.
അസൂസ്പേര്‍മിയ
ശുക്ലത്തില്‍ ബീജമില്ലാത്ത അവസ്ഥയെ ആണ് അസൂസ്പേര്‍മിയ എന്നറിയപ്പെടുന്നത്. ചിലരുടെ ശുക്ലത്തില്‍ ബീജം ഒട്ടും കാണപ്പെടാറില്ല. ഇത് ചികിത്സയിലൂടെ ഭേദമാക്കാമെങ്കിലും പെട്ടെന്ന് തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. രണ്ട് തരത്തിലുള്ള അസൂസ്പേര്‍മിയ ആണ് പ്രധാനമായും കാണപ്പെടുന്നത്. ഒബ്സ്ട്രക്റ്റീവ് അസൂസ്പേര്‍മിയയും നോണ്‍ ഒബ്സ്ട്രക്റ്റീവ് അസൂസ്പേര്‍മിയയും. ബീജം പുറത്ത് പോകുന്നതിന് ജന്‍മാനാലോ പില്‍ക്കാലത്തോ ഉണ്ടാകുന്ന തടസമാണ് ഒബ്സ്ട്രക്റ്റീവ് അസൂസ്പേര്‍മിയ. ബീജോല്‍പ്പാദനം ഇല്ലാത്ത അവസ്ഥയാണ് നോണ്‍ ഒബ്സ്ട്രക്റ്റീവ് അസൂസ്പേര്‍മിയ. ചെറുപ്പകാലത്ത് കളിക്കുമ്പോഴോ മറ്റോ വൃഷണത്തിനേല്‍ക്കുന്ന ക്ഷതമോ അല്ലെങ്കില്‍ ജന്മനാ ഉള്ള ജനിതക പ്രശ്നമം മൂലമോ ബീജമില്ലാത്ത അവസ്ഥയുണ്ടാക്കാറുണ്ട്.
ചലനാത്മകത
ബീജത്തിന്റെ ചലനപ്രശ്നമാണ് മറ്റൊരു കാരണം. ഇത് മൂലം ശുക്ലത്തില്‍ നിന്നുണ്ടാവുന്ന ഒറ്റ ബീജത്തിനും അണ്ഡവുമായി സംയോജിക്കാന്‍ കഴിയുന്നില്ല.
ബീജത്തിന്റെ ആകൃതി
ബീജത്തിന്റ അസ്വാഭാവിക ആകൃതിയാണ് മറ്റൊരു പ്രധാന കാര്യം. ഇത് മൂലം ബീജത്തിന് അണ്ഡവുമായി ശരിയായി യോജിക്കാന്‍ കഴിയാതാവും. വൃഷണത്തിലെ അണുബാധ, വൃഷണത്തിന്റെ ശസ്ത്രക്രിയ, വൃഷണത്തിന്റെ അമിതമായ ചൂട് എന്നിവയും വന്ധ്യതയ്ക്ക് കാരണമാകുന്ന പ്രധാന പ്രശ്നങ്ങളാണ്.
ചികിത്സ
തുറന്ന് പറയാന്‍ മടികാണിക്കാതെയും ഏറെ നാള്‍ കാത്തിരിക്കാതെയും ഉടന്‍ ചികിത്സ തേടുകയാണ് വന്ധ്യതയെ തടയാന്‍ ആദ്യം ചെയ്യേണ്ടത്. ശാരീരിക പരിശോധന, ജനനേന്ദ്രിയ പരിശോധന, ശുക്ലപരിശോധന, വൃഷണപരിശോധന എന്നിവാണ് വന്ധ്യതാ ചികിത്സയില്‍ പ്രധാനമായും നടത്തുന്നത്. ഇതുവഴി ബീജത്തിന്റെ അളവ്, ചലനവേഗത, നിറം, ഗുണം, അണുബാധ എന്നിവയെല്ലാം തിരിച്ചറിയാം.
സ്ത്രീ വന്ധ്യതയുടെ പ്രധാന കാരണങ്ങള്‍
പല രോഗങ്ങളുമായി ബന്ധപ്പെട്ടും ലൈംഗികാവയവങ്ങള്‍ക്കു വരുന്ന വ്യത്യാസങ്ങള്‍, വളര്‍ച്ചാക്കുറവ്, ഗര്‍ഭാശയത്തിന്റെ ശുദ്ധിക്കുറവ്, ആര്‍ത്തവദോഷങ്ങള്‍, ഫലോപ്യന്‍ ട്യൂബില്‍ വരുന്ന മാറ്റങ്ങള്‍, ഓവം വേണ്ട വിധം വളര്‍ച്ച പ്രാപിക്കാതെ വരിക എന്നിവയെല്ലാം തന്നെ സ്ത്രീ വന്ധ്യതയ്ക്കുള്ള പ്രധാന കാരണങ്ങളാകുന്നു.
പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം സ്ത്രീ വന്ധ്യതയ്ക്കുള്ള മറ്റൊരു പ്രധാന കാരണമാണ്. ആര്‍ത്തവം ആരംഭിക്കുന്ന അവസ്ഥയില്‍ ഉള്ള ഒരു രോഗാവസ്ഥയാണിത്.
ട്യൂബല്‍ പ്രഗന്നന്‍സി സ്ത്രീ വന്ധ്യതയ്ക്കുള്ള മറ്റൊരു കാരണമാണ്. ഒരു സ്‌പേം അണ്ഡവുമായി ചേര്‍ന്ന് ബീജസങ്കലനം നടന്നാല്‍ അത് ഫലോപ്യന്‍ ട്യൂബിലൂടെ നീങ്ങി ഗര്‍ഭാശയത്തിലേക്കു വന്ന് ഗര്‍ഭാശയഭിത്തിയില്‍ പറ്റിപ്പിടിച്ചു വളരുകയാണ് ചെയ്യുന്നത്. ഫലോപ്യന്‍ ട്യൂബില്‍ വരുന്ന വളരെയധികം കാര്യങ്ങള്‍ ഈ ഭ്രൂണത്തിന്റെ ചലനത്തെയും സഞ്ചാരത്തെയും സഹായിക്കുന്നുണ്ട്. അതു വേണ്ട വിധത്തില്‍ ആകാതെ വന്നാല്‍ ഈ ഭ്രൂണം ഫലോപ്യന്‍ ട്യൂബില്‍ തന്നെ വളരുകയും ഒതു ലിമിറ്റഡ് സൈസിനെക്കാള്‍ അധികമാകുമ്പോള്‍ അതിന് അവിടെ വളരാന്‍ സാധിക്കാതെ വരികയും ചെയ്യുന്നു. അത് അത്യന്തം അപകടകരമായ അവസ്ഥയിലേക്ക് മാറിയേക്കാം. ട്യൂബല്‍ പ്രഗ്നന്‍സി ആദ്യ ഘട്ടങ്ങളിലാണെങ്കില്‍ അതിനെ പുറത്തേക്കു കൊണ്ടു വരാന്‍ സാധിക്കും. താമസിച്ചാല്‍ ട്യൂബ് മുറിച്ചു കളയേണ്ട അവസ്ഥയുണ്ടാകുകയും ചെയ്യുന്നു.
വന്ധ്യത, ശ്രദ്ധിക്കണം ഈ കാര്യങ്ങള്‍
- 50 ശതമാനം വന്ധ്യതാ പ്രശ്‌നത്തിന്റേയും പ്രധാനകാരണം അമിത മദ്യപാനമാണ്. പുകവലി, മദ്യം, മയക്കുമരുന്ന് തുടങ്ങിയവ പുരുഷന്റെ പ്രത്യുത്പാദന കഴിവിനെ പ്രതികൂലമായി ബാധിക്കുന്നു
- ആഹാരശീലത്തിലെ ക്രമമില്ലായ്മയും ജങ്ക്ഫുഡും ഒഴിവാക്കുക
- മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗവും ലാപ്‌ടോപ് മടിയില്‍ വച്ച് ഉപയോഗിക്കുന്നതും ഒഴിവാക്കുക.
- ഗര്‍ഭം ധരിക്കാത്ത ദമ്പതികള്‍ ലൂബ്രിക്കന്റ്‌സ് ഒരു കാരണവശാലും ഉപയോഗിക്കരുത്.
- അമിതഭാരമുള്ളവര്‍ ശരീരഭാരം ക്രമീകരിക്കുവാന്‍ വ്യായാമങ്ങളിലും ഭക്ഷണശീലങ്ങളിലും ഏര്‍പ്പെടാന്‍ മറക്കരുത്.
- സ്ത്രീകളുടെ പ്രത്യുല്പാദന അവയവങ്ങളുമായി ബന്ധപ്പെട്ട അണുബാധ പിന്നീട് വന്ധ്യതയ്ക്കു കാരണമാകാം. അണുബാധകള്‍ തുടക്കത്തിലേ കണ്ടെത്തുകയും ചികിത്സ തേടുകയും ചെയ്യണം.
- ബ്രോയിലര്‍ ചിക്കന്‍, ഐസ്‌ക്രീം, മധുരപലഹാരങ്ങള്‍, ജങ്ക്ഫുഡ്, വറുത്തതും പൊരിച്ചതുമായ ആഹാരം, ചോക്‌ളേറ്റ് എന്നിവ കുറയ്ക്കുക. ക്രമവും പോഷകസമൃദ്ധവുമായ ആഹാരം ശീലമാക്കുക.
- ലൂബ്രിക്കന്റുകളുടെ ഉപയോഗം പ്രത്യുത്പാദന ശേഷിയെ ബാധിച്ചേക്കാം
- വൈകി വിവാഹം കഴിക്കുന്നത് സ്ത്രീവന്ധ്യതയ്ക്ക് കാരണമാവുന്നു, കഴിവതും സ്ത്രീകള്‍ 30 വയസ്സിനുള്ളില്‍ അമ്മയാവാന്‍ ഒരുങ്ങുക.
Content Highlight: Infertility Causes, Infertility Treatment, Infertility, Infertility diagnosis,Infertility risks