ര്‍മകള്‍ക്ക് ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ വ്യക്തമായ സ്വാധീനമുണ്ട്. നല്ല ഓര്‍മകള്‍ ജീവിതത്തിന് കൂടുതല്‍ ഊര്‍ജം പകരുമ്പോള്‍, വേദന നിറഞ്ഞ ഓര്‍മകള്‍ മനസ്സിനെയും ശരീരത്തെയും തളര്‍ത്തും.

ഓര്‍മകളെ പരിപാലിക്കുന്നതനുസരിച്ച് അവ ശക്തമായി നമ്മുടെ ഉപബോധമനസ്സില്‍ നിലകൊള്ളും. ആവര്‍ത്തനത്തിലൂടെയാണ് ഉപബോധമനസ്സ് പലതും പഠിക്കുന്നത്. ഒരുകാര്യം പലതവണ ആവര്‍ത്തിക്കുമ്പോള്‍ അത് ഉപബോധമനസ്സില്‍ ഉറയ്ക്കുന്നു. ഇത് ചിന്തയാകാം, ഓര്‍മകളാവാം, അറിവുകളും ശീലങ്ങളുമാകാം. സൈക്ലിങ്, ഡ്രൈവിങ്, സ്വിമ്മിങ്, ഭാഷ എന്നിവയെല്ലാം ഒരുകാലത്ത് ഉപബോധമനസ്സ് സ്വായത്തമാക്കിയ അറിവുകളുടെ പുനരാവിഷ്‌കാരമാണ്.

ഒരുകാര്യം തെറ്റായാണ് ഗ്രഹിക്കുന്നതെങ്കില്‍ ആ തെറ്റും ആവര്‍ത്തിച്ചുകൊണ്ടിരിക്കും. ചില ആളുകള്‍ക്ക് ചെരിപ്പോ ഷൂസോ ധരിച്ച് വാഹനമോടിക്കാന്‍ പ്രയാസമാണ്. കാരണം ചെരിപ്പോ ഷൂസോ ഇല്ലാതെയാകാം അവര്‍ ഡ്രൈവിങ് പഠിച്ചത്. ഇനി ചെരിപ്പിട്ട് ഡ്രൈവ് ചെയ്യുകയെന്നത് പുതിയതായി ഡ്രൈവിങ് പഠിക്കുന്നതിന് തുല്യമാണവര്‍ക്ക്.

അതായത്, ഒരു തെറ്റായ ചിന്ത, അറിവ്, ഓര്‍മ, ശീലം എന്നിവ നമ്മുടെ ഉപബോധമനസ്സില്‍ ആഴത്തില്‍ പതിഞ്ഞാല്‍ നാം അതുതന്നെ തുടര്‍ന്നുകൊണ്ട് പ്രയാസങ്ങള്‍ അനുഭവിക്കുന്നു. എന്നാല്‍ ഉത്കണ്ഠയുണ്ടാക്കുന്ന ഈ ചിന്തയെ ഉപബോധ മനസ്സില്‍ നിന്ന് നീക്കാന്‍ പറ്റും. അതിനാദ്യം വേണ്ടത് ഇത്തരമൊരു തെറ്റായ ചിന്ത/ഓര്‍മ/ശീലം നിങ്ങളെ ഭരിക്കുന്നുണ്ടെന്ന തിരിച്ചറിവാണ്. പിന്നീട് അത് ഒഴിവാക്കാന്‍ ബോധപൂര്‍വം ശ്രമിക്കണം. തുടര്‍ച്ചയായി ശ്രമിക്കുന്നതുവഴി ഇത്തരം ചിന്തകളും ഓര്‍മകളും ശീലങ്ങളും ഒഴിവാക്കാന്‍ പറ്റും.

സ്വയം തിരിച്ചറിയാന്‍

ചിന്തകളെയും ഓര്‍മകളെയും ധാരണകളെയും വിശകലനംചെയ്യാനും മോശമായ ചിന്തകളെ പ്രസാദാത്മക ചിന്തകളാല്‍ മാറ്റാനും സാധിക്കും. ഇതിനായി നടുവുനിവര്‍ത്തി ശാന്തമായിരിക്കുക. ഏതാനും തവണ ദീര്‍ഘനിശ്വാസമെടുത്തശേഷം നിങ്ങളുടെ ചിന്തകളെ നിരീക്ഷിക്കുക. ചിന്തകള്‍ നിങ്ങളില്‍ ചില വികാരങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ചിന്തകളെ അടിച്ചമര്‍ത്താതെ ആ വികാരങ്ങളെ അനുഭവിക്കുക. നിങ്ങളിലെ മോശം ചിന്തകളെ/ഓര്‍മകളെ തിരിച്ചറിയാന്‍ ഇത് സഹായിക്കും.

വികാരങ്ങള്‍ അനുഭവിക്കുക

ഏതൊക്കെ ചിന്തകള്‍ ഏതൊക്കെ വികാരങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് മനസ്സിലാക്കുമ്പോള്‍ ഇവയിലെ മോശമായ ചിന്തകളെ തിരിച്ചറിഞ്ഞ് അവയുടെ സ്വാധീനം കുറയ്ക്കാം. ഒപ്പം ചിന്തയും വികാരങ്ങളും തമ്മിലുള്ള ബന്ധം മനസ്സിലാക്കാനും സാധിക്കും.
ആശങ്കപ്പെടുത്തുന്ന ഓര്‍മകളെ/പ്രവൃത്തികളെ മനസ്സിലേക്ക് കൊണ്ടുവന്ന് അതിനെ നേരിടാന്‍ സ്വയം പരിശീലിപ്പിക്കാവുന്നതാണ്. എക്‌സ്‌പോഷര്‍ തെറാപ്പിയെന്നും ഇതിനെ വിളിക്കാറുണ്ട്.

ഒരിടത്ത് ശാന്തമായിരിക്കുക. ഉത്കണ്ഠ ജനിപ്പിക്കുന്ന ഓരോ കാര്യവും മനസ്സിലേക്ക് കൊണ്ടുവരിക. അപ്പോഴുണ്ടാകുന്ന വികാരങ്ങളെ ഭയക്കാതെ അനുഭവിക്കുക. ഇടക്കിടെ ഇതാവര്‍ത്തിക്കുമ്പോള്‍ നിങ്ങളെ ദുര്‍ബലപ്പെടുത്തിയിരുന്ന വികാരങ്ങള്‍ സ്വയം ദുര്‍ബലപ്പെടുന്നത് അനുഭവിച്ചറിയാം.

ഉദ്ദീപനങ്ങളെ തിരിച്ചറിയുക

ചില കാഴ്ചകള്‍, ശബ്ദങ്ങള്‍, സംഭവങ്ങള്‍, വ്യക്തികള്‍, വാക്കുകള്‍ എന്നിവ മോശം ഓര്‍മകളെ ഉണര്‍ത്താം. ജീവിതവുമായി ബന്ധപ്പെട്ട നിഷേധാത്മക ഓര്‍മകള്‍ ഉണര്‍ത്തുന്ന ഉദ്ദീപനങ്ങളെ തിരിച്ചറിഞ്ഞ് അവയെ അവഗണിക്കുക. ഒപ്പം നിങ്ങളുടെ ജീവിതത്തിലെ പ്രസാദാത്മക അനുഭവങ്ങളുമായി ഇവയെ ബന്ധിപ്പിക്കുക.

സംസാരിക്കുക

വേദനിപ്പിക്കുന്ന അനുഭവം ഒരു സൈക്കോ തെറാപ്പിസ്റ്റുമായോ പ്രിയപ്പെട്ടവരുമായോ വിശദമായി പങ്കുവെക്കുക. ആഴ്ചയില്‍ ഒന്നോരണ്ടോ പ്രാവശ്യം ഇങ്ങനെ ചെയ്യുന്നത് മനസ്സിലെ ഭാരങ്ങള്‍ കുറയ്ക്കാന്‍ സഹായകമാകും. വേദനിപ്പിക്കുന്ന അനുഭവം വിശദമായി ഒരു പേപ്പറില്‍ എഴുതിയശേഷം അത് പലതവണ വായിക്കുക. വേദനിപ്പിച്ച ഓര്‍മകള്‍ ആവര്‍ത്തിച്ച് പുനരാവിഷ്‌കരിക്കുന്നത് വികാര വിക്ഷുബ്ധത കുറയ്ക്കാന്‍ സഹായിക്കും. ഇവിടെ ഓര്‍മയെ ഇല്ലാതാക്കുകയല്ല മറിച്ച് അതുണ്ടാക്കുന്ന വേദനയെ കുറയ്ക്കുകയാണ് ചെയ്യുന്നത്.

ബോധപൂര്‍വം തടയുക

വേദനിപ്പിക്കുന്ന ഓര്‍മകള്‍ വരുന്ന സമയത്ത് അത് തുടരാന്‍ അനുവദിക്കാതെ ബോധപൂര്‍വം തടയുക. ഇത് പലതവണ ആവര്‍ത്തിക്കുമ്പോള്‍ അവ ഓര്‍ക്കാതിരിക്കാന്‍ മസ്തിഷ്‌കം തന്നെ പ്രാപ്തമാകുന്നു.

(മോട്ടിവേഷണല്‍ ട്രെയ്‌നറും കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റുമാണ് ലേഖകന്‍) 

Content Highlights: How to recover from emotional trauma 

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്‌