ജീവിതത്തില്‍ പലതരത്തിലുള്ള നഷ്ടങ്ങളാല്‍ ദുഖമുണ്ടാകാം. അത് പിന്നീട് സങ്കീര്‍ണമായ വൈകാരിക, ആരോഗ്യപ്രശ്‌നങ്ങളായി മാറാം. സന്തോഷമെന്ന പോലെ ദുഖങ്ങളും ജീവിതത്തിന്റെ ഭാഗമാണ് ഓരോ അവസ്ഥയിലും ജീവിതത്തിന് പുതിയ അര്‍ഥങ്ങള്‍ കണ്ടെത്തുകയാണ് വേണ്ടത്.

അഞ്ച് ഘട്ടങ്ങള്‍

ഗുരുതര രോഗം ബാധിച്ച ആളുകളിലുണ്ടാകുന്ന വികാരങ്ങളെക്കുറിച്ച് മനോരോഗ വിദഗ്ധയായ എലിസബത്ത് കൂബ്ലര്‍ റോസ് 1969 ല്‍ പഠനം നടത്തുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ സങ്കടത്തിന് അഞ്ച് ഘട്ടങ്ങളുള്ളതായി പറയുന്നു.
1. യാഥാര്‍ഥ്യത്തെ അംഗീകരിക്കാനുള്ള വിമുഖത(നിരസിക്കല്‍)
2. എന്തുകൊണ്ട് എനിക്കിത് സംഭവിച്ചുവെന്ന ചിന്ത(ദേഷ്യം)
3. ഇങ്ങനെ സംഭവിച്ചില്ലെങ്കില്‍ എങ്ങനെ ആകുമായിരുന്നു എന്ന ചിന്ത(വില പേശല്‍)
4. ഒന്നും ചെയ്യാന്‍ തോന്നാത്ത അവസ്ഥ(വിഷാദം)
5. യാഥാര്‍ഥ്യത്തെ ഉള്‍ക്കൊണ്ട് സമാധാനത്തിലേക്ക് മടക്കം(സ്വീകരിക്കല്‍)

എല്ലാവരും എല്ലാ ഘട്ടങ്ങളിലൂടെയും കടന്നുപോകണമെന്നില്ല. ചിലരില്‍ ഒരു റോളര്‍ കോസ്റ്ററിലെന്ന പോലെ സങ്കടം കൂടിയും കുറഞ്ഞുമിരിക്കും.

വൈകാരിക ലക്ഷണങ്ങള്‍

  • ഇഷ്ടമില്ലാത്ത കാര്യത്തെ അംഗീകരിക്കാന്‍ ആദ്യം മനസ്സ് മടികാണിക്കും. പെട്ടെന്നുള്ള ആഘാതം മനസ്സിനെ ശൂന്യതയിലേക്ക് കൊണ്ടുപോകും.
  • നിരാശ, ഏകാന്തത എന്നിവയെല്ലാം കൂടിച്ചേര്‍ന്ന സങ്കടാവസ്ഥയിലേക്ക് ജീവിതം മാറുന്നു. ചിലപ്പോള്‍ കരയുന്നു.
  • നഷ്ടബോധത്തെക്കുറിച്ചുള്ള കുറ്റബോധം. ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ എന്തൊക്കെ ചെയ്യാമായിരുന്നു എന്നോര്‍ത്ത് മനസ്സ് നീറും.
  • ഭാവിയെക്കുറിച്ചുള്ള നിസ്സാഹായതയും അരക്ഷിതബോധവും ഉത്കണ്ഠയും.
  • എല്ലാത്തിനോടും എല്ലാവരോടും ദേഷ്യം.

ശാരീരിക ലക്ഷണങ്ങള്‍

  • ക്ഷീണം.
  • പെട്ടെന്നുള്ള ഭാരം കുറയല്‍/ കൂടല്‍,
  • വിട്ടുമാറാത്ത തലവേദനയും ഉറക്കമില്ലായ്മയും.

തുറന്നു സംസാരിക്കാം

സങ്കടത്തെ അടിച്ചമര്‍ത്താന്‍ പറ്റും. പക്ഷേ, ഒരിക്കലും ഒഴിവാക്കാനാവില്ല. സങ്കടത്തെ അവഗണിച്ചാല്‍ അത് വര്‍ധിക്കുകയും വിഷാദം, ഉത്കണ്ഠ, ലഹരി ഉപയോഗം എന്നിവയിലേക്കും ആരോഗ്യപ്രശ്‌നങ്ങളിലേക്കും വഴിതെളിക്കും. പ്രിയപ്പെട്ട ആരോടെങ്കിലും വിഷമങ്ങള്‍ തുറന്നുപറയുക. അതിനുകഴിയുന്നില്ലെങ്കില്‍ ഒരു ഡയറിയില്‍ ചിന്തകളും വികാരങ്ങളും വിശദമായി എഴുതുക. ഇതുവഴി വികാരങ്ങളെ സ്വതന്ത്രമായി പ്രകടിപ്പിക്കാന്‍ സാധിക്കും. സങ്കടത്തിന് പ്രത്യേക കാലാവധിയൊന്നുമില്ല. ഓരോ വ്യക്തിയിലും അത് വ്യത്യാസപ്പെട്ടിരിക്കുന്നു. ദീര്‍ഘകാലത്തേക്ക് നീളുന്ന സങ്കടാവസ്ഥ പരിഹരിക്കാന്‍ ആദ്യം ചെയ്യേണ്ടത് നഷ്ടത്തെ അംഗീകരിക്കലാണ്.

മറ്റുള്ളവരില്‍ നിന്നകന്ന് സ്വയം ഒതുങ്ങിക്കൂടാന്‍ സങ്കടാവസ്ഥ പ്രേരിപ്പിക്കും. പക്ഷേ, ഈ അവസ്ഥയില്‍ ഒതുങ്ങിക്കൂടുകയല്ല വേണ്ടത്. മറിച്ച്, പ്രിയപ്പെട്ടവരുമായി തുറന്ന് സംസാരിക്കുകയും പിന്തുണയും ആശ്വാസവും തേടുകയുമാണ് ചെയ്യേണ്ടത്.

കരയാന്‍ തോന്നിയാല്‍ കരയണം. മറ്റുള്ളവര്‍ എന്തുകരുതും, ഞാന്‍ ദുര്‍ബലയാണെന്ന് ചിന്തിക്കുമോ എന്നൊക്കെയുള്ള ചിന്തകളെ പറിച്ചെറിയുക.

തനിച്ചിരിക്കുന്നത് ഒഴിവാക്കുക. എപ്പോഴും എന്തെങ്കിലും കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കണം. അലസമായിരിക്കുന്നത് മനസ്സില്‍ അസുഖകരമായ ചിന്തകളെ ശക്തമാക്കും. ഭൂതകാലത്തിലെ സന്തോഷങ്ങളെ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുക.

സാമൂഹിക ബന്ധങ്ങള്‍ മെച്ചപ്പെടുത്തുക്കൊണ്ട് വിവിധ സംഘടനകളില്‍ സജീവമാകുന്നത്, ഒന്നോ രണ്ടോ ആഴ്ചയ്ക്ക് ശേഷം ക്ലാസ്, ജോലി എന്നിവയില്‍ തിരികെ പ്രവേശിക്കുന്നത് ഒക്കെ ജീവിതത്തെ ക്രിയാത്മകമാക്കും.

നിങ്ങള്‍ക്ക് ഏറെ സന്തോഷം പകരുന്ന വിനോദങ്ങളിലേക്ക് മടങ്ങാം. വായന, എഴുത്ത്, ചിത്രരചന, പൂന്തോട്ട പരിപാലനം, ഓമന മൃഗങ്ങളെ/ പക്ഷികളെ/മത്സ്യങ്ങളെ പരിപാലിക്കല്‍, യാത്ര, ഷോപ്പിങ് തുടങ്ങി എന്തുമാകാം.

ആരോഗ്യം ശ്രദ്ധിക്കാം

മാനസിക സമ്മര്‍ദത്തെയും ക്ഷീണത്തെയും നേരിടാന്‍ ആവശ്യത്തിന് ഉറക്കം, കൃത്യസമയത്ത് ഭക്ഷണം, വ്യായാമം എന്നിവ ഉറപ്പുവരുത്തുക. ലഹരി വസ്തുക്കള്‍ ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കുക. ഇഷ്ടപ്പെട്ട സംഗീതം കേള്‍ക്കുന്നതും ഫോണില്‍ റിലാക്‌സേഷന്‍ ആന്‍ഡ് മൈന്‍ഡ്ഫുള്‍നെസ് ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നതും നല്ലതാണ്.

ജീവിതത്തിലെ നഷ്ടങ്ങള്‍ക്കുശേഷം എല്ലാ ഉത്തരവാദിത്വവും കൂടി ഒരുമിച്ച് ചെയ്യാന്‍ ശ്രമിക്കരുത്. ഓരോന്നായി ചെറിയ ലക്ഷ്യങ്ങള്‍ വെച്ച് പൂര്‍ത്തീകരിക്കുക. നിങ്ങള്‍ക്ക് മാറ്റം വരുത്താന്‍ പറ്റാത്ത കാര്യങ്ങളില്‍ ശ്രദ്ധയൂന്നരുത്.

ഇത്രയൊക്കെ ചെയ്തിട്ടും സങ്കടാവസ്ഥ മാറുന്നില്ലെങ്കില്‍ ഒരു മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടി ഗ്രീഫ് തെറാപ്പി പോലുള്ള സൈക്കോതെറാപ്പികള്‍ ചെയ്യുക.

(കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റും മോട്ടിവേഷണല്‍ ട്രെയ്‌നറുമാണ് ലേഖകന്‍)

Content Highlights: How to overcome frustration negativity, Tips to overcome frustration

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്‌