രിക്കല്‍ ഒരാള്‍ ആനപ്പന്തിയില്‍ കാഴ്ചകള്‍ കണ്ട് നടക്കുകയായിരുന്നു. കൗതുകകരമായ ഒരു വസ്തുത അയാള്‍ നിരീക്ഷിച്ചു: ആനകളെ കൂടുകളിലാക്കുകയോ ചങ്ങലകള്‍ ഉപയോഗിച്ച് കെട്ടിയിടുകയോ ചെയ്യുന്നില്ല; ആനകളെ തടഞ്ഞുനിര്‍ത്താന്‍ ആകെ ഉപയോഗിച്ചിരുന്നത്, അവയുടെ കാലുകളില്‍ കെട്ടിയിട്ടിരുന്ന ഒരു ചെറിയ കഷണം കയര്‍ മാത്രമായിരുന്നു. അയാള്‍ ആകെ ആശയക്കുഴപ്പത്തിലായി. ആനകള്‍ അവരുടെ ശക്തി ഉപയോഗിച്ച് കയര്‍ പൊട്ടിച്ച് അവിടെനിന്ന് രക്ഷപ്പെടാന്‍ എന്തുകൊണ്ട് ശ്രമിക്കുന്നില്ല? ജിജ്ഞാസയോടെ, അദ്ദേഹം അക്കാര്യം അടുത്തുള്ള പരിശീലകനോട് ചോദിച്ചു. പരിശീലകന്‍ പറഞ്ഞു: ''ആനകളെ വളരെ ചെറുപ്പത്തില്‍തന്നെ പിടിക്കുന്നു. അതിന് രക്ഷപ്പെടാന്‍ ആകാത്തത്ര വലുപ്പത്തിലുള്ള കയര്‍കൊണ്ട് ബന്ധിക്കുന്നു. അന്നൊക്കെ, ഒരുപാട് ശ്രമിച്ചിട്ട്, രക്ഷപ്പെടാനാവില്ല എന്ന് ബോധ്യംവന്ന ആനകള്‍, തങ്ങള്‍ വളര്‍ന്നുവലുതായി ശക്തിമാന്മാര്‍ ആയിക്കഴിയുമ്പോഴും, ആ കയറിന് തങ്ങളെ ബന്ധിച്ചുനിര്‍ത്താന്‍ ശക്തിയുണ്ടെന്നുതന്നെ വിശ്വസിക്കുന്നു. അതിനാല്‍, അവ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതേ ഇല്ല.''

ആനകള്‍ സ്വതന്ത്രരാകാതിരിക്കാനും ക്യാമ്പില്‍നിന്ന് രക്ഷപ്പെടാതിരിക്കാനുമുള്ള ഒരേയൊരു കാരണം, രക്ഷപ്പെടല്‍ സാധ്യമല്ലെന്ന വിശ്വാസം കാലക്രമേണ അതിന് ഉണ്ടായി എന്നതാണ്. ഇത്തരമൊരു അവസ്ഥ മനുഷ്യമനസ്സുകള്‍ക്കും സംഭവിക്കുന്നുണ്ട്. വിദ്വേഷപരമോ വേദനാജനകമോ പരിതാപകരമോ ആയ ജീവിതാവസ്ഥയില്‍പ്പെട്ട്, രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടഞ്ഞു എന്ന് ബോധ്യംവന്നുകഴിഞ്ഞാല്‍, വിധി എന്ന് വിശ്വസിച്ച്, ആശ്വസിച്ച്, സ്വയം സൃഷ്ടിച്ച തടവറയില്‍ ജന്മം തീര്‍ക്കുന്ന എത്രയോ പേരുണ്ട്.

നിഷേധാത്മകവും അനിയന്ത്രിതവുമായ സാഹചര്യങ്ങള്‍ തുടര്‍ച്ചയായി അഭിമുഖീകരിക്കുമ്പോള്‍, പലരും രക്ഷപ്പെടാനോ സാഹചര്യങ്ങള്‍ മാറ്റാനോ ഉള്ള ശ്രമങ്ങള്‍ അവസാനി പ്പിക്കുന്നു. വാസ്തവത്തില്‍, കാലം മാറുമ്പോള്‍ പുറത്തു
ള്ള സാഹചര്യങ്ങള്‍ മാറുകയും രക്ഷപ്പെടാനുള്ള പല പഴുതുകളും പോംവഴികളും ഉടലെടുക്കുകയും ചെയ്യുന്നുണ്ടാകാം. എന്നാല്‍ വ്യക്തിയുടെ മനസ്സ് അതൊന്നും ശ്രദ്ധിക്കുകയോ കാണുകയോ അറി യുകയോ ചെയ്യുന്നില്ല. അവയെക്കുറിച്ച് ചിന്തിക്കുകയോ അന്വേഷിക്കുകയോ ചെയ്യുന്നതിന്റെ സാംഗത്യംപോലും മറന്നിരിക്കാം. എന്റെ ജീവിതം ഇങ്ങനെ ആയിപ്പോയി, എന്റെ ജീവിതത്തില്‍ നല്ലതൊന്നും സംഭവിക്കില്ല, ഞാന്‍ എത്ര പരിശ്രമിച്ചിട്ടും എന്തുചെയ്തിട്ടും കാര്യമില്ല, എനിക്കീ അവസ്ഥയില്‍നിന്ന് ഒരിക്കലും മോചനം ഉണ്ടാകില്ല എന്നിങ്ങനെ അടിയുറച്ച വിപരീത ചിന്തകള്‍, വ്യക്തി തന്റെ വിഷാദജീവിതത്തിന്റെ തിരക്കഥയില്‍ സ്വയം എഴുതിച്ചേര്‍ക്കുന്നു. അതിനെ ശരിവെയ്ക്കുന്ന ചിലതൊക്കെ സംഭവിക്കുകയും ചെയ്‌തേക്കാം. അവ നിരാശയ്ക്ക് ആക്കവും ആഴവും കൂട്ടുകയും വ്യക്തി നിഷ്‌ക്രിയനായി മാറുകയും ചെയ്യുന്നു. ഈ നിഷ്‌ക്രിയത്വം ആശ്വാസത്തിനോ മാറ്റത്തിനോ ഉള്ള അവസരങ്ങള്‍ അവഗണിക്കാന്‍ വീണ്ടും ഇടയാക്കും.

മറികടക്കാന്‍ എന്തുചെയ്യണം

നിസ്സംഗത, അഥവാ നിസ്സഹായത, വിവിധ മാനസിക വൈകല്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. നിരാശ, ഉത്കണ്ഠ, ഭയം, ലജ്ജ, ഏകാന്തത എന്നിവയിലൂടെ നീങ്ങുന്ന വ്യക്തി, വിഷാദരോഗത്തിനും ആത്മഹത്യാ പ്രേരണകള്‍ക്കും അടിപ്പെടുന്നു.

വിഷാദരോഗങ്ങള്‍ക്ക് കാരണമായ നിസ്സംഗത എന്ന ആശയം വികസിപ്പിച്ചെടുത്തത് മാര്‍ട്ടിന്‍ സെലിഗ്മാനാണ്. ചിട്ടയായി വളര്‍ത്തിയെടുത്ത, യുക്തിപരമായ ശുഭാപ്തിവിശ്വാസം അതിനുള്ള പ്രതിവിധിയായി അദ്ദേഹം തന്നെ നിര്‍ദേശിക്കുന്നു.  

അവനവനോടുള്ള നിഷേധാത്മകമായ സംസാരത്തെ വെല്ലുവിളിക്കുന്നതിലൂടെയും അശുഭചിന്തകളെ പോസിറ്റീവായി മാറ്റുന്നതിലൂടെയും കൂടുതല്‍ ശുഭാപ്തി വിശ്വാസികളാകാന്‍ കഴിയും. സൃഷ്ടിപരമായ, വിശ്വസനീയമായ രീതിയില്‍ സംഭവങ്ങള്‍ സ്വയം വിശദീകരിക്കുകയും, ഒരു നല്ല ആന്തരിക സംഭാഷണം വികസിപ്പിക്കുകയും ചെയ്യുന്നതിലൂടെ, ആളുകള്‍ക്ക് അവരുടെ നിസ്സഹായതയുടെ ചക്രത്തില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയും.

ലോകം എത്രമാത്രം പിന്തിരിപ്പിക്കാന്‍ ശ്രമിച്ചാലും, നേടാന്‍ ആഗ്രഹിക്കുന്നത് സാധ്യമാണ് എന്ന വിശ്വാസത്തോടെ എപ്പോഴും മുന്നേറ്റം തുടരുക. വിജയിക്കാനാകുമെന്ന വിശ്വാസമാണ് യഥാര്‍ഥത്തില്‍ അത് നേടാനുള്ള ഏറ്റവും പ്രധാനപ്പെട്ട ആയുധം.

(തിരുവനന്തപുരം എം.ജി. കോളേജിലെ മനശ്ശാസ്ത്ര വിഭാഗം റിട്ട. അസോസിയേറ്റ് പ്രൊഫസറാണ് ലേഖിക)

Content Highlights: How to be confident in life, Tips for building self-confidence

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്