രോഗ്യകരമായ ഭക്ഷണശൈലിയും കൃത്യമായ വ്യായാമവും ഇല്ലെങ്കില്‍ ഭാരം കുറയ്ക്കല്‍ എളുപ്പമാവില്ല. കടുത്ത വര്‍ക്ക്ഔട്ടും ഡയറ്റിങ്ങും മാത്രമല്ല ഭാരം കുറയ്ക്കാനുള്ള മാര്‍ഗം. ജീവിതശൈലിക്ക് ഇതില്‍ വലിയ പങ്കുണ്ട്. ഇത്തരത്തില്‍ ജീവിതശൈലിയില്‍ വരുത്തേണ്ട ചില മാറ്റങ്ങളെക്കുറിച്ച് ചില കാര്യങ്ങള്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പറയുകയാണ് ആയുര്‍വേദ ഡോക്ടറായ ദിക്ഷ ഭവസര്‍.

പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര

ശൂന്യ കലോറിയുടെ അളവ് വര്‍ധിപ്പിക്കുന്നതാണ് പഞ്ചസാര. ഇതിന് പകരം ചെറിയ അളവില്‍ ശര്‍ക്കര ഉപയോഗിക്കാം.

തണുത്ത വെള്ളത്തിന് പകരം ചൂടുവെള്ളം

ദഹനം മെച്ചപ്പെടുത്താനും ആമാശയത്തിലെ അഗ്നിയെ ഊര്‍ജസ്വലമാക്കാനും ചൂടുവെള്ളം കുടിക്കുന്നതാണ് നല്ലത്. ചൂടുവെള്ളം കുടിക്കുന്നതു വഴി മെറ്റബോളിസം നിരക്ക് ഉയരും. തണുത്ത വെള്ളത്തിന് അത്രത്തോളം സാധിക്കില്ല. 

ദിവസവും 5000 ചുവടുകള്‍ നടക്കണം

നടത്തം സ്ഥിരം ശീലമാക്കണം. 5000-10000 വരെ ചുവടുകള്‍ ദിവസവും ഒരാള്‍ നടക്കണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എപ്പോഴും ഇരിക്കാതെ ആക്ടീവായിരിക്കണം എന്നര്‍ഥം. 

ജ്യൂസിന് പകരം പഴങ്ങള്‍ കഴിക്കാം

പഴങ്ങള്‍ ജ്യൂസാക്കി കഴിച്ചാല്‍ നാരുകള്‍ ലഭിക്കില്ല. പഴങ്ങള്‍ ഫ്രഷായി കഴിച്ചാല്‍ നിറയെ നാരുകള്‍ ലഭിക്കും. ഇത് ദഹനത്തെ മെച്ചപ്പെടുത്തും. ശരീരത്തിന് ആരോഗ്യവും ലഭിക്കും. 

ഉച്ചഭക്ഷണം ഉപേക്ഷിക്കരുത്

ഒരിക്കലും ഉച്ചഭക്ഷണം ഉപേക്ഷിക്കരുത്. ദിവസത്തിന്റെ ബാക്കി സമയത്തേക്ക് ആവശ്യമായ ഊര്‍ജം ഇതുവഴിയാണ് ലഭിക്കുക. മിതമായ അളവില്‍ ഉച്ചഭക്ഷണം കഴിക്കണം. 

രാത്രി കനത്ത ഭക്ഷണം വേണ്ട ലഘുവായി മതി

സൂര്യാസ്തമയത്തിന് ശേഷം ശരീരത്തിന്റെ മെറ്റബോളിസം നിരക്ക് കുറയും. അതിനാല്‍ എട്ടുമണിക്ക് മുന്‍പായി ലഘുവായ ഭക്ഷണം കഴിക്കണം. 

ഉറക്കം ഒഴിവാക്കരുത്

ഉറങ്ങുമ്പോഴാണ് കരള്‍ ഡീറ്റോക്‌സ് പ്രക്രിയ നടത്തുന്നത്. അതിനാല്‍ ആവശ്യത്തിന് ഉറങ്ങിയില്ലെങ്കില്‍ അത് ഭാരം കുറയാന്‍ സഹായിക്കില്ല. രാത്രി പത്ത് മണിക്ക് മുന്‍പായി ഉറങ്ങുന്നതാണ് നല്ലത്. 

മടിപിടിച്ച ജീവിതം വേണ്ട, ആക്ടീവാകണം

ഭാരം കുറയ്ക്കാനുള്ള പ്രധാനപ്പെട്ട കാര്യമാണ് വ്യായാമം. ഇതിനായി ജിമ്മില്‍ പോകണമെന്ന് നിര്‍ബന്ധമില്ല. നടത്തം, യോഗ, ജോഗിങ്, സൈക്ലിങ്, നീന്തല്‍ അങ്ങനെ എന്തുമാകാം. ചെയ്യുന്നത് കൃത്യമായും ക്രമമായും ദിവസവും ചെയ്യുക. 

Content Highlights: How these lifestyle changes help you shed kilos faster, Tips to lose weight faster