കാറില്‍ ഏറെ ദൂരം യാത്ര ചെയ്യുമ്പോള്‍ ജനല്‍ താഴ്ത്തി പുറത്തെ കാഴ്ചകളെല്ലാം കണ്ടാസ്വദിക്കുക, കൈയിലെ ഹാന്‍ഡ് ബാഗില്‍ ആവശ്യമുള്ള സാധനങ്ങളെല്ലാം കുത്തിനിറയക്കുക, ചെറിയ കാര്യങ്ങള്‍ മറന്നു പോയാല്‍ ടെന്‍ഷനടിക്കുക എന്നിവ നമ്മള്‍ ദിവസവും ചെയ്യുന്ന കാര്യങ്ങള്‍. എന്നാല്‍ ഇത്തരം ശീലങ്ങള്‍ക്കുളളില്‍ ഒരുപാട് ആരോഗ്യപ്രശ്‌നങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. അറിയാം അത്തരം ചില കാര്യങ്ങള്‍....

  • വാഹനത്തിന്റെ ഗ്ലാസ് താഴ്ത്തിയുളള യാത്ര 

ദൂര യാത്ര പോകുമ്പോഴും മറ്റും വാഹനത്തിന്റെ ഗ്ലാസ് താഴ്ത്തി യാത്ര ചെയ്യാനാണ് നാം എപ്പോഴും ഇഷ്ടപ്പെടുക. ഗ്ലാസ് താഴ്ത്തിയുളള  യാത്ര പലപ്പോഴും മടുപ്പിക്കുന്നതായാണ് നമുക്ക് തോന്നാറുളളത്. എന്നാല്‍ ഇത്തരത്തില്‍ ഗ്ലാസ് താഴ്ത്തിയുളള ദീര്‍ഘ ദൂര യാത്രകളിലൂടെ നമ്മുടെ ശ്വാസകോശത്തില്‍ അടിയുന്ന വിഷലിപ്തമായ പുകയെക്കുറിച്ചും പൊടിപടലങ്ങളെക്കുറിച്ചും നമ്മള്‍ ചിന്തിക്കാറേയില്ല. എന്നാല്‍ കാര്യമത്ര നിസ്സാരമല്ലെന്നാണ് കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ നടത്തിയ പഠനം സൂചിപ്പിക്കുന്നത്. പഠന പ്രകാരം ആറ് മണിക്കൂറുകളോളം തുടര്‍ച്ചയായി ഗ്ലാസ് താഴ്ത്തി യാത്ര ചെയ്യുന്നത് വഴി 45 ശതമാനത്തോളം വിഷലിപ്തമായ വായുവാണ് നമ്മുടെ ശരീരത്തില്‍ പ്രവേശിക്കുക.നഗരപ്രദേശങ്ങളിലാണെങ്കില്‍ ഇത്തരത്തില്‍ ധാരാളം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും പഠനം പറയുന്നു. അതുകൊണ്ട് തന്നെ തിരക്കേറിയ ടൗണുകളിലും മറ്റും യാത്ര ചെയ്യുമ്പോള്‍ വാഹനത്തിന്റെ ഗ്ലാസ് താഴ്ത്തുന്നതിന് പകരം യാത്ര പുറപ്പെടും മുന്‍പ് കാറിന്റെ ഗ്ലാസ് അല്പ നേരം താഴ്ത്തി വെയ്്ക്കുക. 

  • ഹാന്‍ഡ് ബാഗിന്റെ അമിതഭാരം

ഫോണും പഴ്‌സും താക്കോലും കുടിക്കാനുളള വെള്ളവും തുടങ്ങി സാധനങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ടാകും മിക്കവരുടെയും ഹാന്‍ഡ് ബാഗില്‍. എന്നാല്‍ ദിവസവും ഇത്തരത്തില്‍ ഭാരമുളള ഹാന്‍ഡ് ബാഗില്‍ തോളില്‍ തൂക്കുന്നത് കഴുത്തു വേദന, ഡിസ്‌കിന് ആരോഗ്യപ്രശ്‌നങ്ങള്‍, ആര്‍ത്രൈറ്റിസ് തുടങ്ങി നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

  • ഒഴിവാക്കാം അമിതമായ വ്യായാമം

ആരോഗ്യം നിലനിര്‍ത്തുന്നതില്‍ വ്യായാമത്തിന്റെ പങ്ക് ചെറുതൊന്നുമല്ല. എന്നാല്‍ അമിതമായ വ്യായാമം നേരെ വിപരീത ഫലമാണ് തരിക. ഇത് ഹോര്‍മോണ്‍ വ്യതിയാനത്തിന് കാരണമാകും. കൂടാതെ രോഗപ്രതിരോധ ശേഷി കുറയുന്നതിനും, മസിലുകളുടെ ആരോഗ്യം നശിക്കുന്നതിനും നടുവേദനയ്ക്കും കാലുകളുടെ ബലക്കുറവിനും കാരണമാകും. 

  • ഉറക്കക്കുറവ്

ശരീരഭാരം നിയന്ത്രിച്ചും ആവശ്യത്തിന് വ്യായാമം ചെയ്തും മറ്റും ആരോഗ്യകാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്ന പലരും ഉറങ്ങുന്ന സമയത്തിന് ചിട്ട പുലര്‍ത്തണമെന്നില്ല. എന്നാല്‍ മറ്റെല്ലാ കാര്യങ്ങളെപ്പോലെയും എട്ട് മണിക്കൂര്‍ ഉളള ഉറക്കം നഷ്ടപ്പെടുത്തുന്നത് ഹോര്‍മോണ്‍ വ്യതിയാനം,ശ്രദ്ധക്കുറവ്, പൊണ്ണത്തടി തുടങ്ങി ഒരു പാട് ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. 

  • ചെറിയ മറവികളെക്കുറിച്ചുളള ആകുലതകള്‍

വീട്ടിലെ വാതില്‍ കൃത്യമായി പൂട്ടിയോ? ഗ്യാസ് ഓഫ് ആക്കാന്‍ മറന്നുപോയോ? തുടങ്ങി ഒരുകൂട്ടം കാര്യങ്ങളായിരിക്കും ഓഫീസിലിരിക്കുമ്പോള്‍ ആലോചിക്കുക. എന്നാല്‍ വീട്ടില്‍ ചെന്നാലോ ജോലി സ്ഥലത്ത് ചെയ്യാന്‍ ഏല്‍പ്പിച്ച ജോലിയില്‍ വല്ല പിഴവും വന്നോ എന്ന ആകുലതയുമായിരിക്കും. എന്നാല്‍ ഇത്തരം അനാവശ്യ ആകുലതകള്‍ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ചെറുതൊന്നുമല്ല. തലവേദന, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അസിഡിറ്റി, നെഞ്ച് വേദന, ഉറക്കക്കുറവ് തുടങ്ങി ഇത്തരം ടെന്‍ഷനുകള്‍ ഒത്തിരി ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. കാര്യങ്ങള്‍ കൃത്യമായി ചിട്ടയോടെ ചെയ്യുകയും ചെയ്യുന്ന ജോലിയില്‍ മുഴുകി സന്തോഷം കണ്ടെത്താനും ശ്രമിക്കുക. 

  • കഴിക്കുന്ന മരുന്ന് പെട്ടെന്ന് നിര്‍ത്തുക

ജലദോഷമോ പനിയോ വന്നാല്‍ രണ്ട് ദിവസം ഡോക്ടര്‍ നിര്‍ദ്ദേശിച്ച പ്രകാരം മരുന്ന് കഴിക്കും. രോഗം അല്പ്പമൊന്ന് സുഖപ്പെട്ടാല്‍ പിന്നെ മരുന്ന് കഴിക്കാനുളള താത്പര്യം ഉണ്ടാകില്ല. എന്നാല്‍ ഇത് തരുന്ന ഫലമോ പോയ രോഗത്തിന്റെ ഇരട്ടി ശക്തിയോടെയുളള തിരിച്ചുവരവും. അതുകൊണ്ട് തന്നെ ഡോക്ടര്‍ നിര്‍ദ്ദേശിച്ച ദിവസങ്ങളില്‍ തുടര്‍ച്ചയായി മരുന്ന് കഴിക്കുക. 

  • മറക്കരുത് ബ്രേയ്ക്ക്ഫാസ്റ്റ്

ബ്രെയ്ക്ക്ഫാസ്റ്റ് ഫോര്‍ ബ്രെയിന്‍ എന്ന ചൊല്ല് കേട്ട് പഴകയിതാണെങ്കിലും തലയില്‍ ഒരു നൂറുകൂട്ടം കാര്യമുണ്ടാകുന്ന തിരക്കിട്ട പ്രഭാതവേളകളില്‍ പലരും ബ്രെയ്ക്ക്ഫാസ്റ്റ് ഒഴിവാക്കും. എന്നാല്‍ ഇത് ക്ഷീണം, പൊണ്ണത്തടി, പ്രമേഹം എന്നിവയിലേക്ക് നയിക്കും.