കേരളത്തിൽ കൂടുതൽ തടിയന്മാർ എറണാകുളത്താണെന്ന കണ്ടെത്തൽ കേട്ട് ഞെട്ടിയില്ലെങ്കിലും കുഴപ്പമില്ല, പക്ഷേ സൂക്ഷിക്കണം. കാരണം പ്രമേഹം, രക്തസമ്മർദം തുടങ്ങിയ ആളെക്കൊല്ലികൾ തൊട്ടുപിന്നാലെയുണ്ട്. ഇതിൽ രണ്ടിലും ജില്ലയുടെ സ്ഥാനം അഞ്ചാമതാണ്. കൂട്ടത്തിൽ ചെറിയ ആശ്വാസം നമ്മുടെ ജില്ലയിലെ സ്ത്രീകളുടെ സ്ഥിതിയാണ്. അമിതവണ്ണത്തിന്റെ കാര്യത്തിൽ സംസ്ഥാനത്ത് അവർക്ക് നാലാം സ്ഥാനമേയുള്ളൂ.

ലോകത്തിന്റെ എല്ലാ മാറ്റങ്ങളെയും വേഗത്തിൽ ഉൾക്കൊള്ളുന്നവരെന്ന ഊറ്റം കുറേക്കാലമായി കൊച്ചിക്കാർക്ക് സ്വന്തമാണ്. എന്നാൽ ഇത്തരം പരിഷ്കാരങ്ങളിൽ മിക്കതും ദേഹത്തുതട്ടുന്നവയായിരുന്നില്ല. ആഹാരകാര്യങ്ങളിലെ മാറ്റങ്ങൾ പക്ഷേ അങ്ങനെയല്ല. അവ നേരിട്ടുതന്നെ ദേഹത്തുകയറി. ഫലമോ അമിതവണ്ണമെന്ന രോഗാവസ്ഥയും. പൊണ്ണത്തടി ഏറ്റവും കൂടുതൽ നഗരവാസികളിലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കായികാധ്വാനമില്ലാത്ത തൊഴിൽരീതികൾ വ്യാപകമായതിനു പിന്നാലെ വിനോദവേളകൾ വെറ്റിലയിൽ ചുണ്ണാമ്പുതേക്കുന്നതിന് (മൊബൈലിൽ തല പൂഴ്ത്തിയിരിക്കുന്നതിനുള്ള നാടൻപ്രയോഗം) ഉഴിഞ്ഞുവയ്ക്കുകയും ചെയ്തതോടെയാണ് ഈ ദുർഗതിയെന്ന് വിദഗ്ദ്ധർ.

 അങ്ങനെയെങ്കിൽ വനിതകളുടെ കാര്യമോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമുണ്ട്. സ്ഥിതി സമത്വമെന്നൊക്കെ പറയുമ്പോഴും കായികാധ്വാനത്തിന്റെ വിഷയത്തിൽ അത് അത്ര സാധ്യമായില്ലായെന്നതാണത്. കുടുംബത്തിലെ നാഥനും നാഥയ്ക്കും തൊഴിലില്ലാതെ സാമാന്യം ഭേദപ്പെട്ട ജീവിതം ഇവിടെ സ്വപ്നംകാണാൻ കഴിയില്ല. കുടുംബിനികൾ ജോലിക്കുപോകുന്നതുകൊണ്ട് വീട്ടുജോലിക്ക് ആളെവയ്ക്കാൻ നോക്കിയാൽ രക്ഷയില്ല. കാശുമുടക്കാമെന്നു വിചാരിച്ചാൽത്തന്നെ ആളെ എവിടെക്കിട്ടും. ഇനി കിട്ടിയാൽ ഭാര്യയും ഭർത്താവും നേടുന്ന പ്രതിമാസ വരുമാനത്തിന്റെ മികച്ചൊരു പങ്ക് അവർ കൊണ്ടുപോകും.

അപ്പോൾപ്പിന്നെ ഏക മാർഗം വീട്ടിലെ ജോലികൾ സ്വയം നിർവഹിക്കുക തന്നെ. ദോഷം പറയരുതല്ലോ, കറിക്കരിയൽ, തുണിവിരിക്കൽ, ചായയിടൽ തുടങ്ങിയ അല്ലറ ചില്ലറ സഹായമൊക്കെ പുരുഷകേസരികൾ തരപ്പെടുത്തിക്കൊടുക്കും. എന്നാലുമില്ലേ അസംഖ്യം വേലകൾ. ഇതെല്ലാം ആക്കിക്കൂട്ടി വല്ല ബസുംപിടിച്ച് ജോലി സ്ഥലത്തെത്തിയാൽ അവിടെയും പൊറുതിയുണ്ടാകില്ല. ആ അധ്വാനവും കഴിഞ്ഞ് തിരികെയെത്തിയാൽ കുട്ടികളെ പഠിപ്പിക്കുന്നതുൾപ്പെടെയുള്ള ഉത്തരവാദിത്വങ്ങൾ പിന്നെയും. ചുരുക്കിപ്പറഞ്ഞാൽ ഉറങ്ങുന്നത്‌ ഏതാനും മണിക്കൂറുകൾ മാത്രം. പിന്നെങ്ങനെ വനിതകൾക്ക് തടികൂടും. 

എന്നാൽ നഗരജീവിതത്തിലെ ഇത്തരം വൈതരണികൾ രക്തസമ്മർദം, പ്രമേഹം തുടങ്ങിയ രോഗങ്ങളിലേക്ക് തള്ളിവിടുന്നുണ്ടെന്ന യാഥാർഥ്യം തൊട്ടുപിന്നാലെയുണ്ട്. ഭയപ്പെട്ടിട്ടു കാര്യമില്ല. തീരുമാനവും നടപ്പാക്കലുമൊക്കെ നമ്മുടെ കൈയിൽത്തന്നെ. ചികിത്സാരംഗത്തെ വിദഗ്ദ്ധരുടെ അഭിപ്രായവും ഒപ്പമുണ്ട്. കേൾക്കുക, അനുവർത്തിക്കുക, ആരോഗ്യശ്രീമാന്മാരും ശ്രീമതികളുമാകുക...

പൊണ്ണത്തടി അസുഖക്കലവറ
ഡോ.പി.ഡി ഡോര്‍ഫി- ( ഫിസിഷ്യന്‍ ആന്‍ഡ് ഡയബറ്റോളജിസ്റ്റ് മരിയ ഡയബറ്റിക് ക്ലിനിക്ക്,അങ്കമാലി)
 
അമിതവണ്ണം ആരോഗ്യമല്ലെന്നു മാത്രമല്ല, അസുഖങ്ങളുടെ കലവറയാണെന്നും മനസ്സിലാക്കണം. അര്‍ബുദം പോലെ മാരകമായ രോഗങ്ങള്‍ക്കുപോലും ഇത് കാരണമാകാമെന്ന് തെളിഞ്ഞിട്ടുണ്ട്. കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനമായി എറണാകുളം ജില്ല മാറിയതോടെ ഭക്ഷണരീതിയുള്‍പ്പെടെ മാറി. കായികാധ്വാനംകൂടി ഇല്ലാതായതോടെ സ്ഥിതി ഗരുതരമായി. ഹോട്ടലുകളിലും ബേക്കറികളിലും നിന്ന് പോഷകഗുണമില്ലാത്ത ആഹാരം സ്ഥിരമായതോടെയാണ് ആളുകളില്‍ വണ്ണം കൂടിയത്.

നഗരജീവിതത്തിന്റെ സമ്മര്‍ദത്തില്‍പ്പെട്ടതോടെ പല ശരീരങ്ങളും രോഗങ്ങളുടെ വിളനിലമായി മാറുകയും ചെയ്തു. വണ്ണം കുറയ്ക്കാന്‍ ചികിത്സയല്ല വേണ്ടത്. ചില മരുന്നുകള്‍ അനിവാര്യ സാഹചര്യത്തില്‍ ഉപയോഗപ്രദമാകാം. എന്നാലിത് ശാശ്വത പരിഹാരമല്ല. ഊര്‍ജമാത്ര (കലോറി)കള്‍ കുറഞ്ഞ ഭക്ഷണം ശീലമാക്കുകയാണ് പ്രധാനം. വയര്‍ നിറയെ കഴിക്കുകയെന്ന രീതി മാറ്റി, ആവശ്യത്തിനുള്ള ഭക്ഷണം കഴിക്കാന്‍ ഓരോരുത്തരും ശ്രമിക്കണം. ഒപ്പം വളരെ പ്രധാനമാണ് കായിക വ്യായാമം. ഏറ്റവും കുറഞ്ഞത് അര മണിക്കൂറെങ്കിലും ഇതിനായി നീക്കിവെക്കണം.

രീതികള്‍ മാറിയാല്‍രോഗവും മാറും 

(ഡോ.ഡി രാമനാഥന്‍- (ചീഫ് ഫിസിഷ്യന്‍, സീതാറാം ആയുര്‍വേദാശുപത്രി തൃശ്ശൂര്‍)

കുറേക്കാലത്തേക്ക് സ്ഥിരം പതിവിനോട് ശരീരം സമരസപ്പെടും. ആഹാരകാര്യത്തില്‍ ചിട്ടവേണമെന്ന് പറയുന്നത് ഇതിനാലാണ്. നഗരജീവിതം പലപ്പോഴും എല്ലാ ചിട്ടകളെയും തെറ്റിക്കുന്നു. പ്രഭാതഭക്ഷണം ഒഴിവാക്കല്‍, ചവച്ചരയ്ക്കാതെ വലിച്ചുവാരി തിന്നല്‍, ഏഴരയ്ക്കു ശേഷമുള്ള അമിത രാത്രിഭക്ഷണം കഴിച്ചതിനു ശേഷമുള്ള വെള്ളംകുടിക്കല്‍ എന്നിവയാണ് അമിതവണ്ണത്തിന്റെ പ്രധാന കാരണങ്ങള്‍.

ഇത്തരം കാര്യങ്ങളില്‍ മാറ്റം വരുത്തണം. ദിവസം 45 മിനിറ്റെങ്കിലും വ്യായാമം വേണം. ദിവസവും കുറച്ചുസമയം എണ്ണതേക്കാതെ ശരീരം ആസകലം അമര്‍ത്തി സ്വയം തിരുമ്മുന്നത് നന്നാണ്.

പൊണ്ണത്തടി -പുരുഷന്മാർ:  സംസ്ഥാനതല നിരക്ക് -28.5 എറണാകുളം -38.9 (ഒന്നാം സ്ഥാനം). പൊണ്ണത്തടി - വനിതകൾ: സംസ്ഥാനതല നിരക്ക് - 32.4. എറണാകുളം - 34. (നാലാം സ്ഥാനം).

രക്തസമ്മർദം: സംസ്ഥാനതല നിരക്ക് - 8.2 എറണാകുളം - 9.2 (നാലാം സ്ഥാനം). പ്രമേഹം: സംസ്ഥാനതല നിരക്ക് - 16.5. എറണാകുളം- 19.05 (നാലാം സ്ഥാനം)

ശ്വാസംമുട്ടൽ: സംസ്ഥാനതല നിരക്ക് - 14. എറണാകുളം- 11.1 (11-ാം സ്ഥാനം).  ഹൃദ്രോഗം: സംസ്ഥാനതല നിരക്ക് - 14.5 എറണാകുളം- 8.3 (11-ാം സ്ഥാനം)

 

അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസ് അടുത്തിടെ കേരളത്തിലെ ജീവിതശൈലീ രോഗങ്ങളെപ്പറ്റി നടത്തിയ ബൃഹത്തായ പഠനത്തിലെ ചില വസ്തുതകൾ

  • 18 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ ശരാശരി മൂന്നിലൊരാൾക്ക് രക്താതിസമ്മർദവും അഞ്ചിലൊരാൾക്ക് പ്രമേഹവും.
  • രോഗത്തെക്കുറിച്ചുള്ള അറിവോ വിദ്യാഭ്യാസമോ വലിയ വ്യത്യാസം ഉണ്ടാക്കുന്നില്ല.
  • രക്തസമ്മർദമുള്ളവരിൽ 13 ശതമാനത്തിനും പ്രമേഹക്കാരിൽ 16 ശതമാനത്തിനും മാത്രമാണ് രോഗകാരണം നിയന്ത്രണത്തിലാക്കാൻ കഴിഞ്ഞത്. പടിഞ്ഞാറൻ നാടുകളിൽ ഇത് അൻപതുശതമാനത്തിന് മുകളിലാണ്.
  • പൊണ്ണത്തടിയുള്ളവരിൽ 55 ശതമാനവും ജീവിതശൈലീ രോഗനിഴലിൽ.
  • വിദഗ്ദ്ധർ നിർദേശിക്കുന്നതിനേക്കാൾ ദിവസം അഞ്ചുഗ്രാം ഉപ്പ് അകത്താക്കുന്ന മലയാളിയുടെ നിരക്ക് 69 ശതമാനമാണ്. 
  • മൂന്നുകപ്പ് പച്ചക്കറി ദിവസവും കഴിക്കാത്തവരുടെ നിരക്ക് 77.8 ശതമാനമാണ്.
  • മലയാളികളിൽ പത്തിൽ എട്ടരപ്പേരും ആവശ്യത്തിന് പഴങ്ങളും( രണ്ടുകപ്പ് ) കഴിക്കുന്നില്ല.