മസ്തിഷ്‌ക്കത്തിന്റെ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിച്ച് ഓര്‍മ കൂട്ടുന്ന ഒട്ടേറെ ആഹാരങ്ങള്‍ ഉണ്ട്. ഇവ ദൈനംദിനം ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ ഓര്‍മശക്തിയില്‍ ഏറെമാറ്റം ഉണ്ടാക്കാന്‍ സഹായിക്കും. മാംസ്യം, സിങ്ക്, അയേണ്‍, കോളിന്‍, ഫോളേറ്റ്, അയഡിന്‍, വിറ്റാമിനുകളായ എ,ഡി,ബി 6, ബി 12 ലോങ് ചെയിന്‍ പോളിഅണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ എന്നി പോഷകഘടകങ്ങള്‍ അടങ്ങിയ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ കുട്ടികള്‍ക്കു ദിവസേന നല്‍കാന്‍ ശ്രദ്ധിക്കുക. ഇത് അവരുടെ ബുദ്ധിയേയും ഓര്‍മയേയും ഉത്തേജിപ്പിക്കും. 

കടല്‍ മത്സ്യങ്ങള്‍, ബീന്‍സ്, പീസ്, നട്‌സ്, പാലുത്പന്നങ്ങള്‍, മാംസം, പയര്‍, പരിപ്പ്‌വര്‍ഗങ്ങള്‍ മുഴുധാന്യങ്ങള്‍, ഇലക്കറികള്‍, പച്ചക്കറികള്‍, ഉരുളക്കിഴങ്ങ്, കാരറ്റ് മധുരക്കിഴങ്ങ്, നാരങ്ങ ഒഴികെയുള്ള പഴവര്‍ഗങ്ങള്‍, മഞ്ഞള്‍പ്പൊടി എള്ള് എന്നിവയിലെല്ലാം മേല്‍പ്പറഞ്ഞ പോഷകങ്ങള്‍ ധാരളം ഉണ്ട്. മധ്യവയസ് പിന്നിട്ടവര്‍ ഓര്‍മ നിലനിര്‍ത്താനായി ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ മത്തി, ചാള, ചൂര, അയല, തുടങ്ങിയ മത്സ്യങ്ങള്‍ കൂടുതലായി ഉപയോഗിക്കണം. കൂടാതെ കൂണ്‍, ചണപ്പയര്‍, എള്ള് എന്നിവയും ഉപയോഗിക്കുക. 

ഇതു കൂടാതെ ആല്‍ഫ ലിപോയിക് ആസിഡ് അടങ്ങിയ ബ്രോക്കോളി, ചേന, ഉരുളക്കിഴങ്ങ്, കാരറ്റ്, മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍ എന്നിവയും ആഹാരത്തില്‍ ഉള്‍പ്പെടുത്താം. മഞ്ഞള്‍പൊടിയിലെ കുര്‍ക്കുമിന്‍ ഓര്‍മശക്തി കൂട്ടാന്‍ സഹായിക്കും. ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ  കാരറ്റ്, ഇലക്കറികള്‍, ബ്ലൂബെറി, ചുവന്ന മുന്തിരി, ഗ്രീന്‍ ടീ, ഡാര്‍ക്ക് ചോക്ലേയിറ്റ്, എന്നിവയും ഓര്‍മ ശക്തിക്കു നല്ലതാണ്. 

വിറ്റാമിന്‍-കെ അടങ്ങിയ അവക്കാഡോ, ഇരുണ്ട നിറത്തിലുള്ള ഇലക്കറികള്‍, മത്സ്യം എത്തിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. 

വിവരങ്ങള്‍ക്കു കടപ്പാട്: ശുഭശ്രീ പ്രശാന്ത്, ക്ലിനിക്കല്‍ ന്യൂട്രിഷ്യനിസ്റ്റ്, ആറ്റുകാല്‍ ദേവി ഹോസ്പറ്റില്‍, തിരുവനന്തപുരം (ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത് )

content highlights: memory boosting foods