കോവിഡ് മഹാമാരിക്കാലത്തെ ലോക്ക്ഡൗണിലെ ഏകാന്തത ആളുകളില്‍ പോസിറ്റീവ് ഫലങ്ങള്‍ നല്‍കിയെന്ന് പഠന ഫലം. 
കൗമാരക്കാര്‍, ജോലി ചെയ്യുന്ന പ്രായത്തിലുള്ള മുതിര്‍ന്നവര്‍, മുതിര്‍ന്ന പൗരന്‍മാര്‍ എന്നിങ്ങനെയുള്ള ഗ്രൂപ്പുകളിലായി രണ്ടായിരത്തിലധികം പേരില്‍ നടത്തിയ പഠനഫലമാണ് ഫ്രണ്ടിയേഴ്‌സ് ഇന്‍ സൈക്കോളജി പുറത്തുവിട്ടത്. കോവിഡ് 19 മഹാമാരിക്കാലത്തിന്റെ ആദ്യ ദിനങ്ങളില്‍ ഭൂരിഭാഗം ആളുകളും ഏകാന്തതതയുടെ ഗുണങ്ങള്‍ അനുഭവിച്ചെന്നാണ് പഠനത്തില്‍ പറയുന്നത്. 

ഏകാന്തതയുടെ പോസിറ്റീവ് വശങ്ങളും നെഗറ്റീവ് വശങ്ങളും ഏല്ലാ പ്രായക്കാരും അനുഭവിച്ചിരുന്നു. എങ്കിലും ഗവേഷകര്‍ അഭിപ്രായപ്പെടുന്നത് നെഗറ്റീവ് വശങ്ങളേക്കാള്‍ ഏകാന്തതയുടെ പോസിറ്റീവ് വശങ്ങളെക്കുറിച്ചാണ് ആളുകള്‍ കൂടുതല്‍ വിവരിച്ചതെന്നാണ്. പഠനത്തില്‍ പങ്കെടുത്തവരുടെ കോവിഡ് കാലത്തെ സൗഖ്യത്തിന്റെയും ക്ഷേമത്തിന്റെയും സ്‌കോറുകള്‍ പരിശോധിച്ചപ്പോള്‍ ഏഴില്‍ അഞ്ച് ലഭിച്ചെന്നും കണ്ടെത്തലുണ്ട്. ഇതില്‍ 13-16 പ്രായക്കാരുമുണ്ട്. 

ലോക്ക്ഡൗണ്‍ കാലത്ത് മൂഡ് മോശമായതായി ചിലര്‍ പറഞ്ഞെങ്കിലും ഭൂരിഭാഗം പേരും ഏകാന്തത സുഖകരമായിരുന്നുവെന്നാണ് പറഞ്ഞത്. ഒറ്റപ്പെടലിന്റെ ഈ കാലത്ത് പ്രായഭേദമന്യേ എല്ലാവരും വിവിധ ആക്റ്റിവിറ്റികളില്‍ ഏര്‍പ്പെട്ടുവെന്നും അത് തങ്ങളുടെ കഴിവുകളെ ഉണര്‍ത്താന്‍ സഹായിച്ചുവെന്നും 43 ശതമാനം പേരും അഭിപ്രായപ്പെട്ടു. സ്വയംമതിപ്പ്, സ്വയം കാര്യങ്ങള്‍ തീരുമാനിക്കല്‍ എന്നിവ ഈ കാലത്ത് വലിയ നേട്ടങ്ങളിലൊന്നായി മാറിയെന്നും പ്രായപൂര്‍ത്തിയായവരുടെ ഗ്രൂപ്പില്‍ നിന്നുള്ള ചിലര്‍ പറഞ്ഞു. 

ജോലി ചെയ്യുന്ന പ്രായത്തിലുള്ളവരുടെ ഗ്രൂപ്പിലുള്ള മുതിര്‍ന്നവരാണ് ഒറ്റയ്ക്കുള്ള കാലം നെഗറ്റീവായി തോന്നിയതായി പറഞ്ഞത്. 35.6 ശതമാനം പേരാണ് ഇത്തരത്തില്‍ പറഞ്ഞത്. കൗമാരക്കാരില്‍ 29.4 ശതമാനം പേരും മുതിര്‍ന്ന പൗരന്‍മാരില്‍ 23.7 ശതമാനം പേരും ഇതേ അഭിപ്രായം രേഖപ്പെടുത്തി. നെഗറ്റീവ് മൂഡ് ഉണ്ടായി എന്ന റിപ്പോര്‍ട്ട് ചെയ്തത് 44 ശതമാനം പ്രായപൂര്‍ത്തിയായവരും 27.8 ശതമാനം കൗമാരക്കാരും 24.5 ശതമാനം മുതിര്‍ന്ന പൗരന്‍മാരുമാണ്. 

കൂട്ടുകാരോട് ഇടപഴകാന്‍ കഴിയാതെ ഒറ്റപ്പെട്ടതിന്റെ പ്രശ്‌നങ്ങള്‍ പങ്കുവെച്ചത് കൂടുതലും കൗമാരക്കാരായിരുന്നു(ഏഴിലൊരാള്‍- 14.8 ശതമാനം പേര്‍). പ്രായപൂര്‍ത്തിയായവരില്‍ ഇത് ഏഴ് ശതമാനവും മുതിര്‍ന്ന പൗരന്‍മാരില്‍ ഇത് 2.3 ശതമാനവുമായിരുന്നു. 

ഏകാന്തതയുടെ പോസിറ്റീവ് വശങ്ങള്‍ എല്ലാ ഗ്രൂപ്പില്‍പ്പെട്ടവരും അനുഭവിച്ചെന്നും അതില്‍ നിന്ന് അവര്‍ക്ക് മികച്ച ഗുണങ്ങള്‍ ലഭിച്ചെന്നുമാണ് ഈ ഗവേഷണഫലമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ യൂണിവേഴ്‌സിറ്റി ഓഫ് റീഡിങ്ങിലെ സൈക്കോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. നെറ്റ വെയ്ന്‍സ്റ്റെയ്ന്‍ പറഞ്ഞത്. 

കൗമാരക്കാര്‍ക്ക് മഹാമാരിക്കാലം നെഗറ്റീവ് അനുഭവങ്ങളാണ് നല്‍കുകയെന്ന പരമ്പരാഗത ചിന്തകളെ തകര്‍ക്കുന്നതാണ് ഈ പഠനം. എങ്ങനെയാണ് ഏകാന്തതയുടെ വിവിധ ഘടകങ്ങള്‍ പോസിറ്റീവ് ഫലങ്ങള്‍ നല്‍കിയതെന്ന് പഠനത്തില്‍ കാണാം. 

യു.കെയില്‍ കോവിഡിനെത്തുടര്‍ന്നുള്ള ആദ്യത്തെ ദേശീയ ലോക്ക്ഡൗണ്‍ സമയമായ 2020 ലെ വേനല്‍ക്കാലത്താണ് ഈ പഠനം നടത്തിയത്. ആളുകള്‍ പുറത്തിറങ്ങാനും മറ്റുള്ളവരുമായി സന്തോഷം പങ്കുവയ്ക്കാനും ചെലവഴിക്കുന്ന സമയമാണത്. 

പഠനത്തില്‍ പങ്കെടുത്തവരുമായി നടത്തിയ ആഴത്തിലുള്ള അഭിമുഖങ്ങള്‍ വഴിയാണ് പഠനത്തിനായുള്ള വിശദാംശങ്ങള്‍ ശേഖരിച്ചത്. ഏകാന്തത അവര്‍ക്ക് എങ്ങനെ അനുഭവപ്പെട്ടു എന്നതിനെക്കുറിച്ചായിരുന്നു ചോദ്യങ്ങള്‍.  

Content Highlights: Covid19 pandemic  lockdown solitude positive for many study shows