സ്ഥലവും പേരും രീതികളും മാറുന്നു എന്നേ ഉള്ളൂ. ഞെട്ടിക്കുന്ന സാമൂഹിക വിരുദ്ധതയുടെ വാര്‍ത്തകള്‍ കേട്ടാണ് ദിനവും മലയാളി ഉറക്കമുണരുന്നത്. സുരക്ഷിതവും പ്രബുദ്ധവും എന്നൊക്കെ ഉദ്‌ഘോഷിക്കുന്ന പരിസരങ്ങളില്‍ തന്നെയാണ് ഇവ നടക്കുന്നത് എന്നത് ഏറ്റവും വലിയ ദുരന്തം. 

സാമൂഹിക വിരുദ്ധതാ വൈകല്യ ലക്ഷണങ്ങള്‍ മിതമോ കഠിനമോ ആകാം. രോഗലക്ഷണങ്ങള്‍ ഓരോ വ്യക്തിയിലും വ്യത്യാസപ്പെടാം. രോഗനിര്‍ണയത്തിനുള്ള മാനദണ്ഡങ്ങളില്‍, കൗമാരകാലം മുതല്‍ സ്ഥിരമായി മറ്റുള്ളവരുടെ അവകാശങ്ങളെ അവഗണിക്കുന്ന സ്വഭാവം, പ്രത്യേക പ്രാധാന്യവും ശ്രദ്ധയും അര്‍ഹിക്കുന്നു. ഒപ്പം ഇനിപ്പറയുന്ന മൂന്നോ അതിലധികമോ പെരുമാറ്റങ്ങള്‍ കൂടി ഉള്‍പ്പെടുത്താം. 

  • അവനവന്റെയോ മറ്റുള്ളവരുടെയോ സുരക്ഷയെ തീര്‍ത്തും അവഗണിച്ചുകൊണ്ടുള്ള ആലോചനയില്ലാത്ത എടുത്തചാട്ടം.
  • അമിതക്ഷോഭവും അക്രമാസക്തിയും.
  • മറ്റുള്ളവരെ ഉപദ്രവിക്കുകയോ മോശമായി പെരുമാറുകയോ ചെയ്യുന്നതിനോട് നിസ്സംഗതയും അത് യുക്തിസഹജമാണ് എന്ന കാഴ്ചപ്പാടും. 
  • പശ്ചാത്താപമോ കുറ്റബോധമോ സഹാനുഭൂതിയോ ഇല്ലായ്മ.
  • വ്യക്തിപരമായ നേട്ടത്തിനായി കള്ളംപറയുന്നതിനോ വഞ്ചിക്കുന്നതിനോ മടിയില്ല.
  • മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന പ്രവണത.
  • നിരുത്തരവാദിത്വം. ഒരു ജോലി നിലനിര്‍ത്താനോ മറ്റുള്ളവരോടുള്ള ബാധ്യതകള്‍ നിറവേറ്റാനോ കഴിയില്ല. 
  • ദീര്‍ഘകാല ബന്ധങ്ങള്‍ ഉണ്ടാക്കുന്നതിലും നിലനിര്‍ത്തുന്നതിലും പ്രയാസം. 

കാരണങ്ങള്‍

  • ജനിതകപരമായ ചില ഘടകങ്ങളും ഒപ്പം സാമൂഹിക സാഹചര്യങ്ങളും ഈ വൈകല്യത്തിന്റെ കാരണമാകാം. 
  • മസ്തിഷ്‌ക വികാസത്തിനിടെ തലച്ചോറിന്റെ പ്രവര്‍ത്തനരീതിയിലുണ്ടാകുന്ന മാറ്റങ്ങള്‍.
  • കുട്ടിക്കാലത്തെ പെരുമാറ്റ വൈകല്യങ്ങള്‍ ചികിത്സ കിട്ടാതെ അവഗണിക്കപ്പെട്ടാല്‍, അവ വളര്‍ന്ന് സാമൂഹിക വിരുദ്ധതയായി മാറാം. 
  • പീഡനങ്ങളും അവഗണനയും നിറഞ്ഞ കുട്ടിക്കാലം, 
  • അസ്ഥിരമായ, സംഘര്‍ഷഭരിതമായ, അല്ലെങ്കില്‍ താറുമാറായ കുടുംബജീവിതം.
  • പുരുഷന്‍മാര്‍ക്ക് സാമൂഹിക വിരുദ്ധ മനോഭാവം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ചും മേല്‍പ്പറഞ്ഞ തരത്തിലുള്ള സ്വഭാവരീതികളെ 'പൗരുഷ' മായി വ്യാഖ്യാനിച്ച് അനുമോദിക്കുന്ന സാമൂഹിക വ്യവസ്ഥിത നിലനില്‍ക്കുന്ന നാട്ടില്‍. 

പരിഹാരം കാണാന്‍

സാമൂഹിക വിരുദ്ധ വ്യക്തിത്വ വൈകല്യത്തെ ആജീവനാന്തമായാണ് കണക്കാക്കുന്നത്. എന്നാലും ചില ആളുകളില്‍, ചില ലക്ഷണങ്ങള്‍- പ്രത്യേകിച്ച് വിനാശകരമായ ക്രിമിനല്‍ സ്വഭാവം- കാലക്രമേണ കുറയാനിടയുണ്ട്. ഇതിന്റെ ചികിത്സയ്ക്കായി മരുന്നുകളൊന്നും പ്രത്യേകമായി അംഗീകരിച്ചിട്ടില്ല. ആന്റി ഡിപ്രസന്റുകള്‍, മൂഡ് സ്റ്റെബിലൈസറുകള്‍, ഉത്കണ്ഠ കുറയ്ക്കാനുള്ള മരുന്നുകള്‍, ആന്റി സൈക്കോട്ടിക് മരുന്നുകള്‍ എന്നിവ, രോഗലക്ഷണങ്ങളെ അടിസ്ഥാനമാക്കി നിര്‍ദേശിച്ചുവരുന്നു. 

സൈക്കോഡൈനാമിക് സൈക്കോതെറാപ്പിക്ക് അഗാധബോധങ്ങളിലുള്ള നെഗറ്റീവ് ചിന്തകള്‍, പെരുമാറ്റങ്ങള്‍ എന്നിവയെക്കുറിച്ച് അവബോധം വര്‍ധിപ്പിക്കാന്‍ കഴിയും. കോഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി ഉപയോഗിച്ച് നെഗറ്റീവ് ചിന്തകളും പെരുമാറ്റങ്ങളും വെളിപ്പെടുത്താനും പോസിറ്റീവായവ ഉപയോഗിച്ച് അവയെ മാറ്റി സ്ഥാപിക്കാനും ശ്രമിക്കാം. 

സാമൂഹികാധിഷ്ഠിത വ്യക്തിത്വ വൈകല്യമുള്ള ആളുകള്‍ക്ക് കമ്മ്യൂണിറ്റി അടിസ്ഥാനമാക്കിയുള്ള പ്രോഗ്രാമുകള്‍(ഡി.ടി.സി.) ഫലപ്രദമാകുമെന്ന് തെളിവുകള്‍ സൂചിപ്പിക്കുന്നു. വ്യക്തിയുടെ കുറ്റകരമായ അപകടസാധ്യതയെ നിയന്ത്രിക്കുന്നതിനും അവരുടെ വൈകാരികവും മാനസികവുമായ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനും ലക്ഷ്യമിടുന്ന ഒരുതരം സോഷ്യല്‍ തെറാപ്പിയാണ് ഡി.ടി.സി. വലുതും ചെറുതുമായ തെറാപ്പി ഗ്രൂപ്പുകളെ അടിസ്ഥാനമാക്കി, പൊതുപ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇതിന്റെ രീതി. 

യോഗ, ധ്യാനം, പ്രാര്‍ഥനകള്‍, കൗണ്‍സലിങ് തുടങ്ങിയ മനശ്ശാസ്ത്ര രീതികളിലൂടെ ആത്മവിശ്വാസം വീണ്ടെടുക്കുന്നതും മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുന്നതും ഇതിന്റെ ഭാഗമാണ്. ചികിത്സയ്ക്ക് ശുപാര്‍ശ ചെയ്യുന്ന ദൈര്‍ഘ്യം പൊതുവേ 18 മാസമാണ്. കാരണം ഒരു വ്യക്തിയ്ക്ക് മാറ്റങ്ങള്‍ വരുത്താനും പുതിയ കഴിവുകള്‍ പ്രയോഗത്തില്‍ വരുത്താനും മതിയായ സമയം ആവശ്യമാണ്. 

സാമൂഹിക വിരുദ്ധതാ വൈകല്യമുള്ള ഒരാളെ ചികിത്സയ്ക്ക് നിര്‍ബന്ധിക്കാന്‍ കഴിയില്ല. കാരണം, ഈ വൈകല്യമുള്ള മിക്ക ആളുകളും തങ്ങള്‍ക്ക് ഒരു പ്രശ്‌നമുണ്ടെന്ന് അംഗീകരിക്കുകയില്ല. 

(തിരുവനന്തപുരം എം.ജി. കോളേജിലെ മനശ്ശാസ്ത്ര വിഭാഗം റിട്ട അസോസിയേറ്റ് പ്രൊഫസറാണ് ലേഖിക)

Content Highlights: Can antisocial personality disorder be treated, Health, Wellness

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്‌