ജോലിത്തിരക്കും മാറിയ ജീവിത ശൈലിയും നിങ്ങളുടെ ഉറക്കത്തിന് ഭീഷണിയാകുന്നുണ്ടോ. എങ്കില്‍ അത് വീണ്ടെടുക്കേണ്ടത് അത്യാവശ്യമാണെന്ന് ന്യൂയോര്‍ക്കില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകര്‍ പറയുന്നു. കാരണം മറ്റൊന്നുമല്ല വിഷാദം, നിരാശ, മാനസിക സംഘര്‍ഷം എന്നിവയ്ക്ക് പ്രധാന കാരണമായി പറയുന്നത് ഉറക്കത്തിലെ പ്രശ്‌നങ്ങളാണ്. ആവശ്യമായ ഉറക്കം ലഭിക്കാത്തവര്‍ക്ക് വിഷാദ രോഗം പോലുള്ള അവസ്ഥയുണ്ടാകുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ഷിക്കാഗോ സര്‍വകലാശാലയില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകരാണ് തലച്ചോറിന്റെ വിവിധ എം.ആര്‍.ഐ പരിശോധന നടത്തി ജീവിതത്തില്‍ ഉറക്കത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പഠിച്ചത്. പതിനെട്ടിനും അറുപതിനും ഇടയില്‍ പ്രായമുള്ളവരില്‍ നടത്തിയ പഠനത്തിലൂടെയാണ് ഈ കണ്ടെത്തല്‍. ഉറക്കക്കുറവുള്ളവര്‍ക്ക് ആ ദിവസത്തിലൂടനീളം ഉന്മേഷക്കുറവും, അസ്വസ്ഥതയും ദേഷ്യവും കാണാറുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഇത്തരക്കാര്‍ ക്രമേണ ജീവിതത്തോട് വിഷാദാത്മക സമീപനം ഉണ്ടാവാറുണ്ടെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 

കൃത്യമായ സമയം ഉറക്കത്തിന് നീക്കിവെക്കുകയാണ് ആദ്യം വേണ്ടത്. ഉറക്കക്കുറവുള്ളവര്‍ ചായ, കാപ്പി, പുകവലി തുടങ്ങിയ കാര്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. 

നല്ല ഉറക്കത്തിന് അഞ്ച് കാര്യങ്ങള്‍

  • ദിവസവും ഒരേ സമയത്തുതന്നെ ഉറങ്ങാന്‍ കിടക്കുക. ഇങ്ങനെ ചിട്ടവന്നാല്‍ ശരീരത്തിന്റെ ചാക്രികരീതി ഉറങ്ങാനായി ക്രമീകരിക്കപ്പെടും
  • കിടന്ന് 15 മിനിറ്റു കഴിഞ്ഞും ഉറക്കം വരുന്നില്ലെങ്കില്‍ എഴുന്നേറ്റ് റിലാക്‌സാകാന്‍ സഹായിക്കുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടുക. അതായത് വായനപോലെയുള്ള കാര്യങ്ങള്‍. തുടര്‍ന്ന് ഉറക്കം തോന്നുമ്പോള്‍ മാത്രം കട്ടിലിലേക്ക് പോവുക.
  • വിശന്നിരിക്കുന്നതോ അമിതമായി വയര്‍ ഒഴിഞ്ഞിരിക്കുന്നതോ ആയ അവസ്ഥ ഉറങ്ങാന്‍ പോവുമ്പോള്‍ ഒഴിവാക്കുക. പുകയില, കഫീന്‍ എന്നിവ ഉറക്കം കുറയ്ക്കും. മദ്യം ഉറക്കത്തിന്റെ ഗുണനിലവാരം കുറയ്ക്കും. ഉറക്കത്തിനായി മദ്യം ഒഴിവാക്കുന്നതാണ് നല്ലത്. 
  • രാത്രി ഉറക്കം കുറയുന്നവര്‍ പകല്‍സമയം ഉറക്കവും മയക്കവും ഒഴിവാക്കുക.
  • കട്ടില്‍ ഉറങ്ങാന്‍ വേണ്ടി മാത്രം ഉപയോഗിക്കുക. ഉറങ്ങാനായി കിടന്നാല്‍ മൊബൈല്‍, ലാപ്‌ടോപ് തുടങ്ങിയവ തൊടരുത്.