ഇക്കാലത്ത് ആളുകളെ ഏറ്റവുംകൂടുതൽ ആശങ്കപ്പെടുത്തുന്ന രോഗമാണ് അർബുദം. ഇക്കാരണത്താൽതന്നെ അർബുദത്തിന് വഴിവെക്കുന്ന എന്തും; ഭക്ഷണം, വസ്തുക്കൾ, അന്തരീക്ഷം ഇവയെല്ലാം ഒഴിവാക്കാൻ ആളുകൾ ശ്രദ്ധിക്കുന്നു. അർബുദത്തിന് ഒട്ടേറെ കാരണങ്ങളുണ്ടെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. ഇവയെല്ലാം സാഹചര്യങ്ങളനുസരിച്ച് വിലയിരുത്തുക വിഷമകരവുമാണ്. അതിനാൽ ചിലകാര്യങ്ങൾ അർബുദകാരകമാണോ എന്ന സന്ദേഹമാണ് ഇവിടെ ചർച്ചചെയ്യുന്നത്.
കൃത്രിമ മധുരം
സോഷ്യൽമീഡിയ വഴി ഇവയുടെ രോഗസാധ്യത പ്രചരിച്ചിരുന്നെങ്കിലും ശാസ്ത്രീയമായി ഇക്കാര്യം തെളിഞ്ഞിട്ടില്ല. സാക്കറിൻ എലികളിൽ അർബുദമുണ്ടാക്കുന്നതായികണ്ടെത്തിയിട്ടുണ്ട്. എന്നാൽ, അവയുടെ ശരീരം സാക്കറിനോട് പ്രതികരിക്കുന്നത് നമ്മുടേതിൽനിന്ന് വ്യത്യസ്തമായാണ്.
എക്സ്‌റേ
ചെറിയഅളവ് എക്സ്‌റേ പോലും അർബുദത്തിന് കാരണമായേക്കാം. എന്നാൽ, ഉയർന്ന അളവാണ് അപകടകരം.
സെൽഫോൺ
എക്സ്‌റേ പുറത്തുവിടുന്ന അതേയിനം ഊർജംതന്നെയാണ് ഇവിടെയും പ്രസരിക്കുന്നത്. എങ്കിലും പഠനങ്ങളിലൊന്നും സെൽഫോണും അർബുദവുമായി ബന്ധിപ്പിക്കുന്ന തെളിവുകൾ കിട്ടിയിട്ടില്ല. കൂടുതൽ സംസാരിക്കുന്നത് ലാൻഡ് ലൈനിലാക്കുക, ഹെഡ് സെറ്റ് ഉപയോഗിക്കുക ഇവ സുരക്ഷിതമാർഗങ്ങളായി നിർദേശിക്കപ്പെടുന്നു.
മാട്ടിറച്ചി
അധികം കഴിക്കരുതെന്നാണ് പൊതുവേയുള്ള ഉപദേശം. ദിവസവും ഒരു ഹോട്ട്‌ഡോഗ് കഴിക്കുന്നവർക്ക് വൻകുടലിൽ അർബുദം വരാനുള്ള സാധ്യതയുണ്ടെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.
ലൈംഗികബന്ധം
ശുചിത്വമില്ലായ്മ എച്ച്.പി.വി. വൈറസ് ബാധയ്ക്ക് കാരണമാകും. ഒന്നിലധികം പങ്കാളികളുമായുള്ള ബന്ധവും അപകടമാണ്. 11-നും 26-നുമിടയ്ക്ക് പ്രായമുള്ള പെൺകുട്ടികൾ കുത്തിവെപ്പെടുക്കുന്നത് ഗുണകരമാണ്.
പ്ലാസ്റ്റിക് കുപ്പിയിലെ വെള്ളം
പ്ലാസ്റ്റിക് കുപ്പിയിലടങ്ങിയിട്ടുള്ള ബയോസ്ഫിനോൾ ആരോഗ്യത്തിന് ഹാനികരമാണെങ്കിലും അർബുദവുമായുള്ള ബന്ധം തെളിഞ്ഞിട്ടില്ല. എന്തായാലും പ്ലാസ്റ്റിക് പാത്രങ്ങളിൽ ചൂടുള്ള ഭക്ഷണം എടുക്കാതിരിക്കാൻ ശ്രദ്ധിക്കണം.
പല്ലടയ്ക്കാനുപയോഗിക്കുന്ന വസ്തുക്കൾ
മെർക്കുറിയാണ് ഇവിടെ സംശയത്തിന്റെ നിഴലിൽ. പക്ഷേ രോഗകാരകമാണെന്ന് തെളിഞ്ഞിട്ടില്ല.
സ്‌പ്രേകൾ
ഇവ രോഗകാരമാണെന്ന് തെളിയിക്കാൻ കൂടുതൽ പഠനങ്ങൾ വേണമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
ഫ്ളൂറൈഡുകൾ
വെള്ളത്തിൽ ഇവയുടെ അളവ് കൂടുതലായാൽ ആരോഗ്യപ്രശ്നങ്ങളുണ്ടാകാം. എന്നാൽ, അർബുദവുമായുള്ള ബന്ധം തെളിഞ്ഞിട്ടില്ല.
പെയിന്റും കീടനാശിനിയും
വോളട്ടൈൽ ഓർഗാനിക് കോമ്പൗണ്ട്‌സ് എന്ന ഗണത്തിൽപ്പെടുന്ന ഇവ അർബുദകാരകമായ രാസവസ്തുക്കൾ അടങ്ങിയവയാണ്.
വൈദ്യുതലൈനുകൾ
എക്സ്ട്രീമിലി ലോ ഫ്രീക്വൻസി റേഡിയേഷനാണ് ഇവ പ്രസരിപ്പിക്കുന്നത്. അപകടാവസ്ഥ തെളിഞ്ഞിട്ടില്ല. എങ്കിലും വൈദ്യുതോപകരണങ്ങളിൽനിന്ന് അകലം പാലിക്കുന്നതാണ് സുരക്ഷിതം.
മലിനീകരണം
വായുമലിനീകരണം കൊണ്ട് വർഷം 2.20 ലക്ഷം പേർക്ക് ശ്വാസകോശാർബുദം വരുന്നുണ്ടെന്നാണ് കണക്ക്. മലിനീകരണം കൂടിയ പ്രദേശത്തുനിന്ന് മാറിനിൽക്കാൻ ശ്രദ്ധിക്കണം.