ആന്റിബയോട്ടിക്കുകള്‍ ജീവന്‍രക്ഷാ മരുന്നുകളാണ്. എന്നാല്‍, മാരകമായ പല രോഗാണുക്കളും ആന്റിബയോട്ടിക്കുകള്‍ക്കെതിരായി പ്രതിരോധശേഷിയാര്‍ജിക്കുന്നതായി സമീപകാല പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗവും ദുരുപയോഗവുമാണ് രോഗാണുക്കളുടെ അതിജീവനത്തിനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത്. ഈ സ്ഥിതി തുടരുകയാണെങ്കില്‍ ആന്റിബയോട്ടിക്കുകള്‍ കണ്ടുപിടിക്കുന്നതിന് മുമ്പുണ്ടായിരുന്ന ആ ഇരുണ്ട കാലഘട്ടത്തിലേക്ക് നാം മടങ്ങിപ്പോകേണ്ടിവരുമോ എന്നുപോലും ആരോഗ്യരംഗത്തെ വിദഗ്ധര്‍ ആശങ്കപ്പെടുന്നു.


ആന്റിബയോട്ടിക്കുകളുടെ കരുതലോടെയുള്ള ഉപയോഗത്തെക്കുറിച്ച് ആവശ്യമായ ബോധവത്കരണം നടത്താനാണ് ലോകാരോഗ്യ സംഘടന ഏപ്രില്‍ 7ന് ആചരിക്കുന്ന ലോകാരോഗ്യദിനത്തില്‍ മുഖ്യ സന്ദേശമായി ഈ വിഷയം തിരഞ്ഞെടുത്തിരിക്കുന്നത്.രോഗാണുക്കളുടെ ജനിതക ഘടനയിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് പ്രതിരോധശേഷി നേടുവാനുള്ള പ്രധാന കാരണം. ക്ഷയരോഗത്തിന്റെ ശക്തമായ തിരിച്ചുവരവിനും ആസ്പത്രിജന്യ രോഗങ്ങളുടെ വ്യാപനത്തിനുമൊക്കെ കാരണമാക്കിയത് മരുന്നുകളേല്‍ക്കാത്ത ബാക്ടീരിയകളുടെ ആവിര്‍ഭാവംകൂടിയാണ്.

മരുന്നുകള്‍ക്കെതിരായ പ്രതിരോധം രണ്ടുതരത്തിലുണ്ട്. ചില രോഗാണുക്കള്‍ തുടക്കംമുതല്‍ തന്നെ ചില ആന്റിബയോട്ടിക്കുകള്‍ക്കെതിരെ പ്രതിരോധമുള്ളവയായിരിക്കും. ആന്റിബയോട്ടിക്കുകള്‍ക്ക് പ്രവര്‍ത്തിക്കാനാവശ്യമായ ഉപാപചയ പ്രവര്‍ത്തനങ്ങളുടെ അഭാവമോ ഘടനാപരമായ അസൗകര്യങ്ങളോ ആയിരിക്കും രോഗാണുക്കളുടെ പ്രതിരോധശേഷിക്കു കാരണം. ഇത്തരത്തിലുള്ള സ്വാഭാവിക പ്രതിരോധം സാധാരണയായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറില്ല. ഉചിതമായ മറ്റു ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ച് ചികിത്സ ക്രമപ്പെടുത്തിയാല്‍ മതിയാകും.

എന്നാല്‍, നേരത്തേ ആന്റിബയോട്ടിക്കുകള്‍ക്ക് കീഴടങ്ങിയിരുന്ന ചില രോഗാണുക്കള്‍, തുടര്‍ച്ചയായുള്ള ഉപയോഗത്തെത്തുടര്‍ന്ന് മരുന്നുകള്‍ക്കെതിരെ പ്രതിരോധശേഷി നേടുന്ന ഗുരുതരമായ സ്ഥിതിവിശേഷമാണ് ആര്‍ജിതപ്രതിരോധം.
ചില രോഗാണുക്കള്‍ മരുന്നിനെതിരെ ശക്തിയാര്‍ജിക്കുന്നതില്‍ സമര്‍ഥരാണ്. ഉദാഹരണത്തിന്, ക്ഷയരോഗാണുക്കളും സ്റ്റഫൈലോ കോക്കസ് ബാക്ടീരിയയും ചുരുങ്ങിയ കാലംകൊണ്ടുതന്നെ നിരവധി ആന്റിബയോട്ടിക്കുകള്‍ക്കെതിരായി പ്രതിരോധശേഷി നേടുകയുണ്ടായി.

ആന്റിബയോട്ടിക്കുകള്‍ക്കെതിരെ പ്രതിരോധശക്തി നേടിയ ബാക്ടീരിയകള്‍ പലതരത്തില്‍ പ്രതികരിച്ചെന്നു വരാം. ശക്തരായ ചിലരോഗാണുക്കള്‍ ആന്റിബയോട്ടിക്കു കളെ പൂര്‍ണമായും നശിപ്പിക്കുന്നു. ആന്റിബയോട്ടിക്കുകളെ നിര്‍വീര്യമാക്കുന്ന ചില എന്‍സൈമുകളെ ഉത്പാദിപ്പിച്ചാണ് ഇവ ഈ കൃത്യം നിര്‍വഹിക്കുന്നത്. മറ്റു ചില ബാക്ടീരിയകള്‍ ആന്റിബയോട്ടിക്കുകളെ കോശങ്ങളിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെ തടയുന്നു. ആന്റിബയോട്ടിക്കുകളെ കോശങ്ങളില്‍നിന്ന് പമ്പുചെയ്ത് പുറന്തള്ളുന്ന രോഗാണുക്കളുമുണ്ട്.


പ്രതിരോധം മറികടക്കാം


ആന്റിബയോട്ടിക്കുകളുടെ കരുതലോടെയുള്ള ഉപയോഗമാണ് ഏറ്റവും പ്രധാനം. ഒരു ജലദോഷപ്പനി വന്നാലുടന്‍ ആന്റിബയോട്ടിക്കുകള്‍ കഴിച്ചുതുടങ്ങുന്ന പ്രവണത ഒഴിവാക്കണം. ആന്റിബയോട്ടിക്കുകള്‍ വേദനസംഹാരികള്‍ അല്ലെന്നും ഓര്‍ക്കണം. ദീര്‍ഘനാള്‍ ആന്റിബയോട്ടിക്കുകള്‍ അശാസ്ത്രീയമായി ഉപയോഗിക്കുന്നത് മരുന്നുകള്‍ക്കെതിരെ പ്രതിരോധശേഷിയുള്ള രോഗാണുക്കള്‍ക്ക് വംശവര്‍ധന നടത്താനുള്ള അനുകൂല സാഹചര്യമൊരുക്കുന്നു.

ഡോക്ടറുടെ നിര്‍ദേശമില്ലാതെ ആന്റിബയോട്ടിക്കുകള്‍ വാങ്ങി ഉപയോഗിക്കരുത്. സ്വയം ചികിത്സകരുടെ തെറ്റായ രീതിയിലുള്ള മരുന്നുപയോഗം പ്രശ്‌നങ്ങളുണ്ടാക്കും. രോഗലക്ഷണങ്ങള്‍ അപ്രത്യക്ഷമായാലുടന്‍ ഡോക്ടറുടെ നിര്‍ദേശമില്ലാതെ, നിര്‍ദിഷ്ട കോഴ്‌സ് പൂര്‍ത്തിയാക്കും മുമ്പുതന്നെ മരുന്നുകള്‍ നിര്‍ത്തുന്നത് മരുന്നുകള്‍ക്കെതിരെ ശക്തിയാര്‍ജിക്കാന്‍ രോഗാണുക്കള്‍ക്ക് അവസരമുണ്ടാക്കുന്നു. അതുപോലെത്തന്നെ ആന്റിബയോട്ടിക്കുകള്‍ ശരിയായ ഡോസിലും കൃത്യമായ തവണകളിലും ഉപയോഗിക്കുന്നതും പ്രധാനമാണ്.
രോഗാണുബാധയ്‌ക്കെതിരെ ഏറ്റവും ഉചിതവും ഫലപ്രദവുമായ ആന്റിബയോട്ടിക്കുകള്‍തന്നെ തിരഞ്ഞെടുത്ത് ഉപയോഗിക്കണം.

ഇതിനാണ് രോഗിയുടെ രക്തവും മൂത്രവും മറ്റു ശരീരഭാഗങ്ങളും കള്‍ച്ചര്‍ചെയ്ത് പരിശോധിക്കുന്നത്. ഈ പരിശോധനയിലൂടെ രോഗാണുക്കളെയും അവയ്‌ക്കെതിരെ ഏറ്റവും ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന ആന്റിബയോട്ടിക്കുകളെയും കണ്ടെത്തുവാന്‍ സാ ധിക്കും.
ദീര്‍ഘനാള്‍ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കേണ്ടി വരുന്ന ക്ഷയരോഗ ചികിത്സ പോലെയുള്ള സാഹചര്യങ്ങളില്‍ രോഗാണുക്കളുടെ, മരുന്നിനെതിരായുള്ള പ്രതിരോധശേഷി ഒഴിവാക്കാനായി ഒന്നില്‍ കൂടുതല്‍ മരുന്നുകള്‍ ഒരുമിച്ച് ഉപയോഗിക്കുന്നതാണ് അഭികാമ്യം. രോഗാണുക്കളെ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യാന്‍ ആന്റിബയോട്ടിക്കുകളുടെ സംയോജനം സഹായിക്കും. മരുന്നുകള്‍കൊണ്ട് കീഴ്‌പ്പെടുത്താന്‍ കഴിയാത്ത പുതിയ രോഗാണുക്കളുടെ കടന്നുവരവിനെതിരായി വൈദ്യശാസ്ത്രസമൂഹവും ജനങ്ങളും ജാഗ്രതപുലര്‍ത്തേണ്ടിയിരിക്കുന്നു.