മുന്‍പ് നടക്കാന്‍ പോകുമ്പോള്‍ നാട്ടുമ്പുറത്തെ ചായക്കടകളില്‍ നല്ല തിരക്കായിരിക്കും. നാട്ടുവര്‍ത്തമാനം പറഞ്ഞ്, പത്രത്താള്‍ മറിച്ച് ആളുകള്‍ ചായ കുടിക്കുന്നത് കാണാം. അവരെ സംബന്ധിച്ച് അത് അത് അന്നത്തെ സാമൂഹിക ഇടപെടലുകളുടെ തുടക്കമാണ്. വിദ്യാലയങ്ങളും ക്ലബ്ബുകളും സംഘടനകളും പ്രാര്‍ഥനാ കൂട്ടായ്മകളും സൗഹൃദക്കൂട്ടങ്ങളുമെല്ലാം ഇത്തരത്തില്‍ സാമൂഹിക ബന്ധങ്ങളെ സജീവമാക്കി. എന്നാല്‍ കോവിഡ് എല്ലാം തകിടം മറിച്ചു. നമ്മളില്‍ പലരും ഒറ്റപ്പെടലിന്റെ തീവ്രതയറിഞ്ഞത് ഈ കോവിഡ് കാലത്തായിരിക്കും. 

സാമൂഹികമായ ഒറ്റപ്പെടല്‍ സ്വയം സൃഷ്ടിക്കുന്നതോ സാഹചര്യങ്ങളുടെ സൃഷ്ടിയോ ആവാം. ഏതാനും ദിവസത്തെ ഒറ്റപ്പെടല്‍ വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കില്ല. പക്ഷേ, ദീര്‍ഘകാലത്തേക്ക് സാമൂഹിക ബന്ധങ്ങളില്‍ നിന്ന് അകന്നുനില്‍ക്കേണ്ടി വരുന്നത് ദോഷം ചെയ്യും. ശാരീരിക, മാനസിക ആരോഗ്യത്തിനും സന്തോഷത്തിനും സാമൂഹിക ബന്ധങ്ങള്‍ ആവശ്യമാണ്. ഇതില്‍ വിള്ളലുകള്‍ വീഴുമ്പോള്‍ വ്യക്തിയില്‍ പലതരത്തിലുള്ള മാറ്റങ്ങളുണ്ടാകുന്നു. 

തന്റെ അവസ്ഥയെക്കുറിച്ച് മോശമായി ചിന്തിക്കുന്നതുമൂലം ആത്മാഭിമാനം കുറയുന്നു. ജീവിതത്തിന്റെ അടുക്കും ചിട്ടയും കൈമോശം വന്നേക്കാം. വിഷമങ്ങളും സന്തോഷങ്ങളും പങ്കുവെക്കാന്‍ ആരുമില്ലാത്ത അവസ്ഥ വിഷാദത്തിലേക്ക് വീഴ്ത്തും. നിരാശ ബാധിക്കുന്നതോടെ ഒന്നിലും നല്ലതു കാണാന്‍ സാധിക്കാതെ വരുന്നു.

ഒന്നും ചെയ്യാനില്ല എന്ന ചിന്തയില്‍ കൂടുതല്‍ സമയം ടി.വി., ഇന്റര്‍നെറ്റ്, വീഡിയോ ഗെയിം എന്നിവയ്ക്കായി മാറ്റിവെക്കുന്നു. അതോടെ പുറംലോകവുമായി ഉള്ള ബന്ധം കൂടി നഷ്ടമാകും. മാത്രമല്ല, നിരന്തരം ഉത്പാദനക്ഷമമല്ലാത്ത പ്രവൃത്തികളില്‍ മാത്രം ഏര്‍പ്പെടുന്നത് നിരാശ കൂടാനും കാരണമാകും. ഓര്‍മക്കുറവും അനുബന്ധമായി വരാനുള്‌ല സാധ്യത കൂടുതലാണ്. അമേരിക്കന്‍ ജേണല്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് നടത്തിയ പഠനം സൂചിപ്പിക്കുന്നത്, കൂടുതല്‍ സാമൂഹിക ബന്ധങ്ങളുള്ളവരില്‍ ഡിമെന്‍ഷ്യ വരാനുള്ള സാധ്യത കുറവാണെന്നാണ്. 

ആരോഗ്യകരമായ ബന്ധങ്ങള്‍, പ്രതിസന്ധികളെയും മറ്റും നേരിടുമ്പോഴുള്ള അതിജീവനശേഷി കൂട്ടും. സാമൂഹിക ഒറ്റപ്പെടല്‍ അനുഭവിക്കുന്നവര്‍ക്ക് അതിജീവനശേഷി കുറവായിരിക്കും. 

വാക്കുകളുടെ ഉപയോഗം, വികാരങ്ങളുടെ പ്രതിഫലനം, ശരിയായ അംഗവിക്ഷേപങ്ങള്‍, ശരിയായ ഭാവപ്രകടനങ്ങള്‍ ഒക്കെ ഒരാള്‍ അഭ്യസിക്കുന്നത് സാമൂഹിക ഇടപെടലുകളിലൂടെയാണ്. അതിന്റെ അഭാവം ആശയവിനിമയശേഷി കുറയ്ക്കും. സാമൂഹിക ബന്ധങ്ങള്‍ തീര്‍ത്തും കുറവായവര്‍ക്ക് മറ്റുള്ളവരുടെ സാഹചര്യങ്ങളെ, വാക്കുകളെ, വികാരങ്ങളെ മനസ്സിലാക്കാനും പ്രയാസമായിരിക്കും. 

ബന്ധങ്ങള്‍ നിലനിര്‍ത്താം

 1. നേരില്‍ കാണാന്‍ പറ്റാത്ത സാഹചര്യത്തില്‍ ഫോണിലൂടെയായാലും ബന്ധങ്ങള്‍ നിലനിര്‍ത്തണം. 
 2. നേരിലാണെങ്കിലും ഫോണിലാണെങ്കിലും എപ്പോഴും കുറ്റങ്ങളും പരാതികളും മാത്രം പറയാതെ, നല്ല അനുഭവങ്ങളും ചിന്തകളും പങ്കുവെക്കുക.
 3. പത്ര, മാസികകളും പുസ്തകങ്ങളും വായിക്കുന്നത് വിവിധ വിഷയങ്ങളില്‍ നിങ്ങളുടെ അറിവ് വര്‍ധിപ്പിക്കും. ഒരു ഗ്രൂപ്പില്‍ സംസാരിക്കാന്‍ പല വിഷയങ്ങളിലെയും വായന സഹായിക്കും. 
 4. പരിചയമുള്ളവരെ കാണുമ്പോള്‍ ആദ്യം വിഷ് ചെയ്യാം. ഒന്നോ രണ്ടോ വാക്കുകളില്‍ കുശലാന്വേഷണം നടത്താം. 
 5. ചെറിയ ദൂരം പോകാന്‍ കാറോ സ്‌കൂട്ടറോ വേണ്ട. നടക്കുക. വഴിയില്‍ പരിചയക്കാരെ കാണുമ്പോള്‍ കുശലാന്വേഷണം നടത്താം. 
 6. മറ്റുള്ളവരുമായി സംസാരിക്കുമ്പോള്‍ നിങ്ങള്‍ ഇടിച്ചുകയറി എല്ലാം അങ്ങോട്ട് മാത്രം പറയാതെ, അവര്‍ പറയുന്നത് ക്ഷമയോടെ കേള്‍ക്കാന്‍ തയ്യാറാവുക. അവരുടെ വിശേഷങ്ങള്‍ ചോദിക്കുക. 
 7. മറ്റുള്ളവരുടെ നേട്ടങ്ങളില്‍ ആത്മാര്‍ഥമായി അഭിനന്ദിക്കാം. 
 8. ഇ്ടപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ സജീവമാകാം. 
 9. നിങ്ങളുടെ സാമൂഹിക ഇടപെടല്‍ ശേഷിയെ സ്വയം ഇടിച്ചുതാഴ്ത്തി ചിന്തിക്കേണ്ട. പകരം പല കാര്യങ്ങളും നിങ്ങള്‍ക്ക് നന്നായി ചെയ്യാന്‍ സാധിക്കുമെന്ന് പോസിറ്റീവായി ചിന്തിക്കുക. 
 10. മറ്റുള്ളവരുടെ പേര് ചൊല്ലി വിളിക്കുന്നത് ആരും ഇഷ്ടപ്പെടും. അതിനാല്‍ പേരുകള്‍ ഓര്‍ത്തിരിക്കുക. അവര്‍ പറഞ്ഞ കഥകളും കാര്യങ്ങളും പിന്നീടുള്ള സംസാരത്തില്‍ ഓര്‍ത്ത് പറയുന്നതും ആളുകള്‍ ഇഷ്ടപ്പെടും. 
 11. നേരില്‍ പങ്കെടുക്കാന്‍ സാധിക്കാത്തപ്പോഴും ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍, ക്ലാസുകള്‍ എന്നിവ വഴി സാമൂഹിക ബന്ധങ്ങള്‍ മെച്ചപ്പെടുത്താം. 
 12. അവസരത്തിനൊത്ത് ഗ്രൂപ്പില്‍ സംസാരിക്കുക. ആവശ്യത്തിന് ശബ്ദം, വ്യക്തത, ആധികാരികത എന്നിവ ഉള്ളപ്പോള്‍ മറ്റുള്ളവര്‍ നിങ്ങളെ ശ്രദ്ധിക്കും. 

(കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റും മോട്ടിവേഷണല്‍ ട്രെയ്‌നറുമാണ് ലേഖകന്‍) 

Content Highlights: 12 Tips for healthy relationships, Health, Wellness, Mental Health

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്