മുടിയുടെ സൗന്ദര്യത്തെ കുറിച്ചും സംരക്ഷണത്തെ കുറിച്ചും ബോധവാന്‍മാരാവാത്തവര്‍ വളരെ ചുരുക്കമായിരിക്കും. ഒരു മനുഷ്യന്റെ സൗന്ദര്യത്തിന്റെ പ്രധാന ഭാഗമായി മുടിയെ കണക്കാക്കുന്നുണ്ടെങ്കിലും മാറിയ ജീവിത സാഹചര്യവും ഭക്ഷണ ക്രമത്തിലെ മാറ്റവും മറ്റ് രോഗങ്ങളെ പോലെ തന്നെ തലമുടിക്കും ഏറെ ദോഷം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. ഇതില്‍ പ്രധാന പ്രശ്‌നം മുടികൊഴിച്ചില്‍  തന്നെയാണ്. പ്രായഭേദമന്യേ മുടികൊഴിച്ചില്‍ ഒരു സര്‍വസാധാരണ പ്രശ്‌നമായി തന്നെയാണ് ഓരോരുത്തരിലും അനുഭവപ്പെടുന്നത്. ഇതിന്റെ പ്രധാന കാരണങ്ങള്‍ നോക്കാം. 

ജീവിതശൈലിയിലെ മാറ്റം
ജീവിതശൈലിയിലും ജോലി സമയങ്ങളിലുമുണ്ടായ മാറ്റം മൂലം മുടി കൊഴിച്ചില്‍ ചെറുപ്രായക്കാരില്‍ പോലും പ്രധാനപ്രശ്‌നമായി മാറിയെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്. എല്ലാ മുടികൊഴിച്ചിലും രോഗമല്ലെങ്കിലും ഇത് രോഗമായി മാറിയാല്‍ ഉടന്‍ കണ്ടെത്തി ചികിത്സ നല്‍കണം. പ്രഭാത ഭക്ഷണങ്ങള്‍ ഒഴിവാക്കിയുള്ള ദിനചര്യ, രാത്രി ഏറെ വൈകിയുള്ള ഭക്ഷണം, മാനസിക സമ്മര്‍ദ്ദം എന്നിവയാണ് മുടി കൊഴിച്ചിലിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. മറ്റ് പ്രധാന രോഗമൊന്നുമില്ലാത മുടി കൊഴിച്ചില്‍ പലരിലും സര്‍വ്വസാധാരണമായി കണ്ട് വരുന്നുണ്ട്. ഇതിന് മനസിനെ സ്വതന്ത്രമാക്കുക എന്നത് തന്നെയാണ് പ്രധാന പരിഹാരമാര്‍ഗമെന്നും ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. മുടികള്‍ക്ക് നല്‍കുന്ന കളറിംഗ്, ബ്ലീച്ചിംഗ്, കെമിക്കല്‍ ഉപയോഗം, സ്‌ട്രേയിറ്റനിംഗ് എന്നിവയും മുടിയുടെ നാശത്തിന് കാരണമാവും. 

താരന്‍
ശിരോചര്‍മ്മത്തിലെ വൃത്തിയില്ലായ്മ മൂലം ചെറുപ്പാക്കാരില്‍ പോലും സാധാരണമായി കണ്ട് വരുന്ന മുടിയുടെ അസുഖമാണ് താരന്‍. ഇത് മുടികൊഴിച്ചിലിന് പ്രധാന കാരണമാകുന്നുണ്ട്. ശിരോചര്‍മ്മം സ്വാഭാവികമായി ഉണ്ടാക്കുന്ന എണ്ണയുടെ അളവ് കുറഞ്ഞാലും കൂടിയാലും താരന്‍ ഉണ്ടാവാം. ദിവസേനയുള്ള ഷാംമ്പു ഉപയോഗവും, തലയിലെ എണ്ണ ശരിയായി കഴുകി കളയാത്തതും താരന്‍ ഉണ്ടാവാന്‍ പ്രധാന കാരണമാണ്. ഒരു തരത്തിലുള്ള ഫംഗസാണ് ഇതിന് പ്രധാന കാരണമെന്നത് കൊണ്ട് തന്നെ താരന്‍ വര്‍ധിച്ചാല്‍ അത് കണ്ണിന്റെ പുരികത്തെയും കണ്‍പീലികളെയും  വരെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രധാനമായും എണ്ണമയമുള്ള താരനും വരണ്ട താരനുമാണ് കണ്ട് വരുന്നത്. ഇവയ്ക്കുള്ള പരിചരണവും രണ്ട് തരത്തിലുള്ളതാണ്.
 
ആയുര്‍വേദ വിധിപ്രകാരം എണ്ണമയമുള്ള താരന്‍ പോവാന്‍ ഒരു ടീസ്പൂണില്‍ നാരങ്ങാനീര് ചെറിയ ചൂടുവെള്ളത്തില്‍ ചേര്‍ത്ത് തലയില്‍ പുരട്ടി 15 മിനുട്ടിന് ശേഷം കഴുകിക്കളയാം. അതുപോലെ തന്നെ വരണ്ട താരന്‍ പോവാന്‍ ചെറുതായി ചൂടാക്കിയ എണ്ണ തലയില്‍ പുരട്ടിയശേഷം വേപ്പണ്ണയില്‍ മുക്കിയ ടവല്‍ കൊണ്ട് ചൂട് കൊടുക്കുക. കുറച്ച് സമയത്തിന് ശേഷം കഴുകി കളയുക. ചെമ്പരത്തിതാളി ഉപയോഗിക്കുന്നതും ഏറെ ഫലപ്രദമാണെന്ന് വിദഗ്ദര്‍ പറയുന്നു. ഇത് മാസത്തില്‍ രണ്ട് തവണയെങ്കിലും ചെയ്ത് നോക്കാവുന്നതാണ്. അലോപ്പതി ചികിത്സയിലും താരന് കൃത്യമായ ചികിത്സയുള്ളത് കൊണ്ട് ഇതിനെ നിസാരമായി കാണാതെ ഉടന്‍ ചികിത്സ തേടുക എന്നതാണ് പ്രധാന പരിഹാര മാര്‍ഗം. 

അലോപേഷ്യ ഏറിയാറ്റ
താരന് പുറമെ മുടികൊഴിച്ചിലിന് പ്രധാന കാരണക്കാരനായ രോഗമാണ് അലോപേഷ്യ ഏറിയാറ്റ. ചെറിയ കോയിന്‍ രൂപത്തില്‍ തലയുടെ ഏതെങ്കിലും ഭാഗത്ത് നിന്ന് മുടികൊഴിഞ്ഞ് പോകല്‍ തുടങ്ങുന്നതാണ് രോഗം. രോമകൂപങ്ങളിലെ കോശങ്ങള്‍ക്കെതിരെ ശരീരം തന്നെ ആന്റിബോഡീസ് ഉല്‍പാദിപ്പിക്കുന്ന അവസ്ഥയാണിത്. വട്ടത്തില്‍ മുടി കൊഴിച്ചില്‍ ആരംഭിച്ച് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ അത് തലയിലെ മുഴുവന്‍ മുടികളെയും ബാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ചിലരില്‍ നാണയത്തിന്റെ രൂപത്തിലോ അല്ലെങ്കില്‍ വലിയ വട്ടത്തിലായോ തലയില്‍ രോമങ്ങള്‍ കൊഴിഞ്ഞ് പോവുന്നു. ഇത് ശരീരത്തിന്റെ മറ്റ് പ്രശ്‌നങ്ങള്‍ക്കൊണ്ടൊന്നും വരുന്നതല്ലെങ്കിലും പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത് അമിതമായ മാനസിക സമ്മര്‍ദമാണ്. അതുകൊണ്ട് തന്നെ അതിന്റെ ചികിത്സയും ആ തരത്തിലാണ്. 

ശ്രദ്ധിക്കാം ഭക്ഷണത്തെ
നമ്മുടെ ശരീരത്തിന്റെ വളര്‍ച്ചയ്ക്കാവശ്യമായ എല്ലാ പോഷകങ്ങളും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മുടിയുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നുണ്ട്. അതിന് ഏറ്റവും ആദ്യം ചെയ്യേണ്ടത് ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കുക എന്നത് തന്നെയാണ്. ഡ്രൈഫ്രൂട്ട്‌സ്, കടല, ഗ്രീന്‍പീസ്, മത്സ്യം, മാംസം എന്നിവ ഭക്ഷണത്തില്‍ പ്രധാനമായും ഉള്‍പ്പെടുത്തണം. അതുപോലെ തന്നെ ബദാം, കശുവണ്ടിപ്പരിപ്പ് എന്നിവയും മുടിയുടെ വളര്‍ച്ചയ്ക്ക് ഏറെ സഹായകരമാണ്.

ചികിത്സ തേടാം
കുളിക്കുമ്പോഴും മുടി ചീകുമ്പോഴുമൊക്കെ പത്ത് ഇരുപത് മുടി വരെ പൊഴിഞ്ഞ് പോവുന്നത് അസാധാരണമല്ല. എന്നാല്‍ മുപ്പത് നാല്‍പത് മുടിവരെ കൊഴിയുകയാണെങ്കില്‍ തീര്‍ച്ചയായും ചിക്ത തേടണം. പുരുഷന്‍മാര്‍ക്ക് നെറ്റി മുകളിലേക്ക് കയറിതുടങ്ങുന്ന ആദ്യ ഘട്ടത്തില്‍ തന്നെ ചികിത്സ തേടുകയാണ് വേണ്ടത്. സ്ത്രീകളിലാണെങ്കില്‍ കുളിക്കുമ്പോഴോ മുടി ചീകുമ്പോഴോ 30-40 മുടിയിലധികം കൊഴിഞ്ഞ് പോവുന്നുവെങ്കിലും ചികിത്സ തേടേണ്ടതുണ്ട്.