-
വേനല്‍ കഴിഞ്ഞ് മഴക്കാലത്തേക്കെത്തുമ്പോള്‍ ചര്‍മത്തിന്റെ ആരോഗ്യകാര്യത്തില്‍ നിരവധി കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. കൃത്യമായി പരിപാലിച്ചില്ലെങ്കില്‍ ഫംഗസ് അണുബാധയ്ക്കുള്ള സാധ്യത ഈ മഴക്കാലത്ത് കൂടുതലാണ്. കാല്‍നഖങ്ങളിലെ അണുബാധയും ദുര്‍ഗന്ധവും തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് ഇതുവഴി ഉണ്ടാകുന്നത്. മഴക്കാലത്ത് കാണുന്ന പ്രധാന പ്രശ്‌നങ്ങള്‍ ഇവയാണ്.
അത്‌ലറ്റ്‌സ് ഫൂട്ട്
കാല്‍വിരലുകള്‍ക്കിടയില്‍ ഉണ്ടാകുന്ന ഒരു ഫംഗസ് അണുബാധയാണ് ഇത്. നനഞ്ഞ ഷൂസിടുന്നവര്‍ക്കാണ് ഈ പ്രശ്‌നമുണ്ടാകുന്നത്. ഇതുമൂലം ചൊറിച്ചിലും നീറ്റലും വേദനയും ഉണ്ടാകും.
പരിഹാരം:
* കാലുകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി വൃത്തിയാക്കി നനവില്ലാത്ത തുണികൊണ്ട് നന്നായി തുടച്ചെടുക്കണം.
* കാലുകള്‍ മുഴുവനായി മൂടുന്ന തരം ചെരിപ്പുകളും ഷൂസുകളും ഒഴിവാക്കണം. പകരം വായുസഞ്ചാരം കിട്ടുന്ന തുറന്ന തരത്തിലുള്ളവ മതി.
* നനഞ്ഞ ചെരിപ്പുകളും ഷൂസുകളും ധരിക്കരുത്. നനന് മാറി നന്നായി ഉണങ്ങിയ ശേഷമേ അവ ധരിക്കാവൂ.
* കാല്‍ കഴുകിത്തുടച്ച ശേഷം ആന്റി ഫംഗല്‍ ഡസ്റ്റിങ് പൗഡര്‍ കാലില്‍ പുരട്ടണം.
വട്ടച്ചൊറി
സാധാരണയായി കാണുന്ന ഒരു ഫംഗസ് അണുബാധയാണിത്. റിങ്ങിന്റെ ആകൃതിയിലാണ് ഇത് കാണപ്പെടുന്നത്. കഴുത്ത്, കാലുകള്‍, കക്ഷം എന്നിവിടങ്ങളിലാണ് ഇത് കാണപ്പെടുക.
പരിഹാരം:
* വൃത്തിയുള്ള, നനവില്ലാത്ത ഉണങ്ങിയ വസ്ത്രങ്ങള്‍ ധരിക്കുക.
* വായു കടന്നുപോകുന്ന തരത്തിലുള്ള വസ്ത്രമാണ് ധരിക്കേണ്ടത്.
* വട്ടച്ചൊറി ബാധിച്ച ഭാഗത്ത് ചൊറിയരുത്.
* ചൊറിച്ചിലുള്ള ഭാഗത്ത് ആന്റി ഫംഗല്‍ ക്രീമും ആന്റി ഫംഗല്‍ പൗഡറും ഇടാം.
* ശരീരം ശുചിയായും നനവില്ലാതെയും സൂക്ഷിക്കുക.
നഖത്തിലെ ഫംഗസ് അണുബാധ
മഴക്കാലത്ത് ഫംഗസ് അണുബാധയുണ്ടാകാന്‍ ഏറ്റവും സാധ്യതയുള്ള ഭാഗമാണ് നഖം. നഖം വൃത്തിയാക്കാതെ വെക്കുന്നതും നഖത്തിനടിയില്‍ അഴുക്ക് അടിഞ്ഞുകൂടുന്നതുമാണ് ഇതിന് കാരണം. അത്‌ലറ്റ്‌സ് ഫൂട്ട് ബാധിച്ചാല്‍ പതിയെ അത് നഖത്തെയും ബാധിക്കാം. അതിനാല്‍ വേഗം തന്നെ ചികിത്സ തുടങ്ങേണ്ടതുണ്ട്. നഖം നന്നായി വെട്ടി വിരലുകള്‍ വൃത്തിയാക്കി വെക്കുന്നത് അണുബാധ അകറ്റാന്‍ സഹായിക്കും.
എക്‌സിമ
മഴക്കാലത്ത് കൂടുതല്‍ കാണുന്ന മറ്റൊരു രോഗമാണ് എക്‌സിമ. ഈര്‍പ്പം കൂടുതലുള്ള കാലാവസ്ഥ ഈ രോഗാവസ്ഥയെ കൂട്ടും.
* ഈ കാലത്ത് ക്രീം ബേസ്ഡ് മോയ്‌സ്ചറൈസറിന് പകരും ലോഷന്‍ ബേസ്ഡ് മോയ്‌സ്ചറൈസര്‍ ഉപയോഗിക്കുന്നതാണ് നല്ലത്.
* ശുദ്ധമായ വെളിച്ചെണ്ണ പെട്ടെന്ന് ശമനം നല്‍കും.
* കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കണം.
ടീനിയ കാപ്റ്റിസ്
തലയോട്ടിയിലെ വട്ടച്ചൊറി എന്ന് വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. ഇതൊരു ഫംഗസ് മൂലമുള്ള അണുബാധയാണ്. തലയോട്ടി, പുരികം, കണ്‍പീലികള്‍, താടി എന്നിവിടങ്ങളിലാണ് ഇത് കണ്ടുവരുന്നത്. ഈ രോഗം മുടിയുടെ വേരുകളെയും ഹെയര്‍ ഫോളിക്കിളുകളെയുമാണ് ബാധിക്കുന്നത്. ചീപ്പ്, ടവല്‍, തൊപ്പി, തലയിണകള്‍ എന്നിവ പങ്കുവെക്കുന്നതു വഴി ഈ രോഗം മറ്റൊരാളിലേക്ക് പകരാം.
പരിഹാരം:
* സ്ഥിരമായി ഷാംപൂ ഉപയോഗിച്ച് തല കഴുകുക.
* അഴുക്ക് ഇളക്കി നീക്കാന്‍ സാലിസൈക്ലിക് ആസിഡ് അടങ്ങിയ ആന്റി ഫംഗല്‍ ഷാംപൂ ഉപയോഗിക്കുക.
* മൃതകോശങ്ങളെയും അണുബാധയുള്ള കോശങ്ങളെയും നീക്കം ചെയ്യാന്‍ തലയോട്ടി നന്നായി സ്‌ക്രബ് ചെയ്യുക.
Content Highlights: fungal infections during monsoon rain season hygiene tips you needs to know, Health
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..