രീരമനങ്ങി വ്യായാമം ചെയ്താൽ മാത്രമേ ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളൂ. വർക്ക്ഔട്ട് ചെയ്യുമ്പോഴാകട്ടെ ശരീരവേദനയുണ്ടാകുന്നത് പതിവുമാണ്. ഇത് വർക്ക്ഔട്ട് തുടങ്ങുന്ന ആദ്യത്തെ ഒന്നു രണ്ട് ആഴ്ച സ്വാഭാവികമായി ഉണ്ടാകുന്നതാണ്.

വ്യായാമം ചെയ്തുകഴിഞ്ഞാൽ ഭൂരിഭാഗം പേർക്കും വയറിന്റെ ഒരു വശം കൊളുത്തിപ്പിടിക്കാറുണ്ട്. വാരിയെല്ലിന് താഴെയായി വയറിന്റെ ഇരുവശത്തുമായാണ് സാധാരണ ശക്തമായ പേശീവലിച്ചിൽ ഉണ്ടാകാറുള്ളത്. കഠിനമായ ഒരു കാർഡിയോ വർക്ക്ഔട്ട് സെഷനോ കോർ വർക്ക്ഔട്ടോ ചെയ്തുകഴിഞ്ഞാലാണ് ഈ പ്രശ്നം ഉണ്ടാകാറുള്ളത്. സൈഡ് സ്റ്റിച്ച് എന്നാണ് ഇത് അറിയപ്പെടുന്നത്.

വേദനയ്ക്ക് കാരണം

എക്സർസൈസ് റിലേറ്റഡ് ട്രാൻസിയന്റ് അബ്ഡൊമിനൽ പെയിൻ (ETAP) എന്നാണ് ഈ പ്രശ്നം അറിയപ്പെടുന്നത്. വയറിന്റെ ഇരുവശങ്ങളിലുമായി വളരെ മൂർച്ചയേറിയ ഒരു കുത്ത് കിട്ടുന്ന അനുഭവമാണ് ഇതുവഴി ഉണ്ടാവുക. ഓട്ടം, ബാസ്ക്കറ്റ് ബോൾ കളി, കാർഡിയോ വർക്ക്ഔട്ട് തുടങ്ങി അത്ലറ്റിക് ആക്ടിവിറ്റികളുടെ ഭാഗമായിട്ടാണ് ഈ വേദന ഉണ്ടാകാറുള്ളത്.

തീവ്രതയേറിയ കാർഡിയോ വ്യായാമങ്ങൾ ചെയ്യുമ്പോൾ കരളിലെയും പ്ലീഹയിലെയും രക്തപ്രവാഹം കൂടുന്നു. ഇതാണ് വയറിന്റെ വശങ്ങളിലെ വേദനയ്ക്ക് കാരണമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. വ്യായാമം ചെയ്യുമ്പോൾ ഡയഫ്രത്തിന് ആന്തരീകാവയവങ്ങളുടെ തള്ളൽ അനുഭവപ്പെടുന്നതാണ് ഈ വേദനയ്ക്ക് കാരണമെന്നും മറ്റൊരു കണ്ടെത്തലുണ്ട്. വയറിന്റെയും പെൽവിക് കാവിറ്റിയുടെയും ഭിത്തിയ്ക്ക് ഉണ്ടാകുന്ന അസ്വസ്ഥതയും ഈ വേദനയ്ക്ക് കാരണമായേക്കാമെന്നും വിദഗ്ധർ പറയുന്നു.

പരിഹാരം ഇതാണ്

വർക്ക്ഔട്ട് ചെയ്യുന്നതിനിടെ ഇത്തരത്തിലുണ്ടാവുന്ന വേദന കുറയ്ക്കാൻ ചില വഴികളുണ്ട്. ഇതുവഴി വർക്ക്ഔട്ടുകൾ വലിയ ബുദ്ധിമുട്ട് ഇല്ലാതെ പൂർത്തിയാക്കാൻ സാധിക്കും. അതിനായി ഇക്കാര്യങ്ങൾ ശീലിക്കാം.

  • ഓട്ടത്തിനിടെ ഇടയ്ക്ക് ചെറിയ ഇടവേളകൾ എടുക്കുക. വേഗത കുറച്ച് പതുക്കെ ഓടുക.
  • വ്യായാമം ചെയ്യുമ്പോൾ ശ്വാസം പിടിച്ചുനിർത്തരുത്. നന്നായി ശ്വസിക്കുക.
  • * ആഴത്തിൽ ശ്വസിക്കുക. പതുക്കെ ശ്വാസം വിടുക.
  • വയറിന് വേദന അനുഭവപ്പെടുമ്പോൾ മറ്റ് വ്യായാമങ്ങൾ നിർത്തിവെച്ച് ചില സ്ട്രെച്ചിങ് എക്സർസൈസുകൾ ചെയ്യുക. ഒരു കൈ തലയ്ക്ക് മുകളിലും ഒരു കൈ ശരീരത്തിന്റെ ഒരു വശത്തും വെച്ച് ശരീരം വളച്ച് സ്ട്രെച്ചിങ് എക്സർസൈസ് ചെയ്യുക. ഇത് വയറിന്റെ വശങ്ങളിലെ വേദന കുറയ്ക്കും.
  • വേദന ഉണ്ടാകുന്ന ഭാഗത്ത് കൈവിരലുകൾ ചേർത്തുപിടിച്ച് ചെറുതായി മസാജ് ചെയ്യുക.
  • വ്യായാമം ചെയ്യുമ്പോൾ ആവശ്യത്തിന് വെള്ളം കുടിക്കുക. കൃത്രിമ പാനീയങ്ങൾ ഒഴിവാക്കുക.
  • വ്യായാമം ചെയ്യുമ്പോൾ വളഞ്ഞോ കുനിഞ്ഞോ നിൽക്കരുത്. യഥാർഥ ശരീരനിലയിൽ നിൽക്കുക.
  • നന്നായി ഭക്ഷണം കഴിച്ചതിന് ശേഷം ഉടൻ തന്നെ വ്യായാമം ചെയ്യരുത്.


Content Highlights:Why the side of our abdomen hurts while exercising, Health, Fitness