കോവിഡ് 19 വ്യാപനം ആരംഭിച്ചിട്ട് ഒരു വര്‍ഷമാകാന്‍ പോകുന്നു. ജിമ്മുകളും പൊതു ഇടങ്ങളുമെല്ലാം അടഞ്ഞുകിടക്കുകയാണ്. വ്യായാമം ചെയ്യാനുള്ള വഴികളെല്ലാം അടഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിലും വലിയ ബുദ്ധിമുട്ടില്ലാതെ വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കാം. ഇതിന് സൈക്ലിംങ് സഹായിക്കും. സൈക്ലിങ്ങിന് ചില മെച്ചങ്ങളുണ്ട്. ഇത് കോവിഡിനെതിരെ പോരാടാന്‍ ശരീരത്തിന് ശക്തി നല്‍കും. കോവിഡിനെതിരെ പോരാടാന്‍ അഞ്ച് തരത്തിലാണ് സൈക്ലിങ് സഹായിക്കുക.
1) ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും
കോവിഡ് 19 പ്രധാനമായും ബാധിക്കുക ശ്വാസകോശത്തെയാണ്. ഇതോടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിടും. അതിനാല്‍ ശ്വാസകോശത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ ശ്രമിക്കണം. ചെറിയ തോതില്‍ ശ്വാസം പിടിച്ചുനില്‍ക്കുന്ന തരത്തിലുള്ള വ്യായാമങ്ങള്‍ ശ്വാസകോശത്തിനുള്ള നല്ലൊരു വ്യായാമമാണ്. ഇത്തരത്തിലുള്ള നല്ലൊരു വ്യായാമമാണ് സൈക്ലിങ്. ഇത് ദിവസവും പരിശീലിച്ചാല്‍ നല്ല ശ്വാസോച്ഛ്വാസം ലഭിക്കുകയും ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും. സൈക്കിള്‍ ഉപയോഗിക്കുന്നത് പരിസര മലിനീകരണം കുറയ്ക്കുമെന്ന മറ്റൊരു ഗുണം കൂടിയുണ്ട്.
2) ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദം, സ്‌ട്രോക്ക്, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ ഉള്ളവര്‍ കോവിഡ് 19 ബാധിക്കാന്‍ ഏറെ സാധ്യതയുള്ളവരാണ്. ഇത്തരം രോഗങ്ങളുള്ളവരിലാണ് രോഗബാധ മൂലമുള്ള മരണനിരക്കും കൂടുതലുണ്ടാവുന്നത്.
എന്നാല്‍ ദിവസവും സൈക്കിള്‍ ചവിട്ടുമ്പോള്‍ ഹൃദയത്തിന്റെ പേശികള്‍ക്ക് ഒരു സ്‌ട്രെങ്തനിങ് വ്യായാമം ചെയ്യുന്ന ഗുണം ലഭിക്കും. ഇത് ശരീരത്തിന്റെ മൊത്തത്തിലുള്ള രക്തചംക്രമണത്തെ മെച്ചപ്പെടുത്തും. ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യും. അതേസമയം തന്നെ ഇത് രക്തസമ്മര്‍ദം കുറയ്ക്കുകയും ഹൈപ്പര്‍ടെന്‍ഷന്‍, സ്‌ട്രോക്ക് തുടങ്ങിയ രോഗാവസ്ഥകളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യും.
3) രക്തത്തിലെ ഷുഗര്‍നില നിയന്ത്രിക്കും
പ്രമേഹമുള്ളവര്‍ക്ക് കോവിഡ് 19 മൂലമുള്ള സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ദിവസവും സൈക്കിള്‍ ചവിട്ടുന്നത് രക്തത്തിലെ ഷുഗര്‍ നില ആരോഗ്യകരമായ അളവില്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കും. പ്രമേഹമുള്ളവര്‍ക്ക് ശരീരത്തിലെ രക്തചംക്രമണത്തിന്റെ തോത് വളരെ മോശമായിരിക്കും. പ്രത്യേകിച്ച് ശരീരത്തിന്റെ കീഴ്ഭാഗത്തേക്കുള്ള രക്തചംക്രമണം. ടൈപ്പ് 2 പ്രമേഹമുള്ളവര്‍ക്ക് നടത്തത്തേക്കാള്‍ സൈക്ലിങ്ങാണ് ശുപാര്‍ശ ചെയ്യാറുള്ളത്. കാരണം നടക്കുമ്പോള്‍ പാദങ്ങള്‍ക്ക് സമ്മര്‍ദമുണ്ടായി പൊട്ടലുണ്ടാകാന്‍ ഇടയുണ്ട്.
4) അമിതവണ്ണം കുറയ്ക്കും
അമിതവണ്ണമുള്ളവരും കോവിഡ് ഭീഷണിയുള്ളവരാണെന്നാണ് അടുത്തിടെ നടത്തിയ പല പഠനങ്ങളും പറയുന്നത്. മുപ്പതിന് മുകളില്‍ ബി.എം.ഐ. ഉള്ളവര്‍ക്ക് കോവിഡ് ബാധിച്ചതിനെത്തുടര്‍ന്നുണ്ടായ സങ്കീര്‍ണതകളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കേണ്ടതായി വന്നുവെന്നും ഇതില്‍ 74 ശതമാനത്തോളം പേര്‍ക്കും അമിതവണ്ണമില്ലാത്തവരെ അപേക്ഷിച്ച് മരണസാധ്യത കൂടുതലുണ്ടായിരുന്നുവെന്നുമാണ്. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദയത്തകരാറുകള്‍ എന്നിവയുമായി പ്രമേഹത്തിന് നേരിട്ട് ബന്ധമുണ്ട്.
ദിവസവും സൈക്കിള്‍ ചവിട്ടുന്നത് ശരീരത്തിലെ അനാവശ്യമായ കൊഴുപ്പിനെ നീക്കുക മാത്രമല്ല രക്തസമ്മര്‍ദം കുറയ്ക്കുകയും രക്തത്തിലെ ഷുഗര്‍നില ശരിയായ തോതില്‍ നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും.
5) നല്ല മാനസികാരോഗ്യമുണ്ടാകും
കോവിഡ് 19 മാനസികാരോഗ്യത്തെയും നശിപ്പിക്കുന്നതാണ്. രോഗഭീതിയും മറ്റ് പ്രശ്‌നങ്ങളും മനസ്സിന്റെ സ്വസ്ഥത നശിപ്പിക്കും. എന്നാല്‍ സൈക്കിള്‍ ചവിട്ടല്‍ ശീലമാക്കിയാല്‍ മാനസികാരോഗ്യം മെച്ചപ്പെടും. സുഖവും സന്തോഷവും പ്രദാനം ചെയ്യുന്ന കെമിക്കലുകളായ സെറോട്ടോണിന്‍, എന്‍ഡോര്‍ഫിന്‍ എന്നിവയെ ശരീരം ഉത്പാദിപ്പിക്കാന്‍ തുടങ്ങും. ഇത് മാനസിക സുഖം നല്‍കും.
Content Highlights: Why cycling is a good exercise during the Covid 19 Corona Virus outbreak, Health, Fitness, Cycling