മെലിഞ്ഞ ശരീരവും സിക്‌സ് പാക്കുമൊക്കെയാണ് ആരോഗ്യമുള്ള ശരീരത്തിന്റെ ലക്ഷണങ്ങളായി ഇന്ന് പലരും കണക്കാക്കുന്നത്. എന്നാല്‍ ഫിറ്റായിരിക്കുക എന്നതിന്റെ അളവുകോല്‍ ഇതൊന്നുമല്ല. മെലിഞ്ഞതോ തടിച്ചതോ ആയ ശരീരമല്ല ആരോഗ്യമുണ്ടോയെന്ന് നിര്‍ണയിക്കുന്നത്. ചിലര്‍ ജനിതകപരമായി മെലിഞ്ഞിട്ടായിരിക്കും; ചിലര്‍ തടിച്ചിട്ടും. അപ്പോള്‍ ആരാണ് ഫിറ്റ്‌നസ് ഉള്ളവര്‍ എന്ന് കണ്ടെത്താന്‍ ഇക്കാര്യങ്ങള്‍ സഹായിക്കും. താഴെ പറയുന്ന അഞ്ച് കാര്യങ്ങള്‍ ഉള്ളവരാണ് യഥാര്‍ഥത്തില്‍ ആരോഗ്യമുള്ളവര്‍ അഥവാ ഫിറ്റ്‌നസ്സ് ഉള്ളവര്‍. 

സ്റ്റാമിന

ദീര്‍ഘനേരത്തേക്ക് ഒരു പ്രവൃത്തി ചെയ്യാനുള്ള ശാരീരിക-മാനസിക കഴിവിനെയാണ് സ്റ്റാമിന എന്ന് പറയുന്നത്. ക്ഷീണം കൂടാതെ ഒരു പ്രവൃത്തി ഊര്‍ജസ്വലതയോടെ ചെയ്യാനുള്ള കഴിവാണ് സ്റ്റാമിനയുടെ അടിസ്ഥാനം. സ്‌പോര്‍ട്‌സ്, മാരത്തോണ്‍ ഓട്ടമത്സരം എന്നിവ മെച്ചപ്പെട്ട രീതിയില്‍ യാതൊരു ബുദ്ധിമുട്ടും കൂടാതെ പൂര്‍ത്തിയാക്കാന്‍ സ്റ്റാമിന വളരെ ആവശ്യമാണ്. 

സ്റ്റാമിന എങ്ങനെ വര്‍ധിപ്പിക്കാം?

വ്യായാമം ദിവസവും ചെയ്യുക. വ്യായാമം ചെയ്യുന്നതിന് ഇടയിലുള്ള വിശ്രമസമയം കുറച്ചുകൊണ്ടുവരിക. വര്‍ക്ക്ഔട്ട് കൂടുതല്‍ തവണകള്‍ ചെയ്യുക. അങ്ങനെ ചെയ്യുന്ന വ്യായാമത്തിന്റെ തീവ്രത പതുക്കെ കൂട്ടിക്കൊണ്ടു വരുക. അപ്പോള്‍ സ്റ്റാമിന വര്‍ധിക്കും. 

ഫ്‌ളെക്‌സിബിലിറ്റി

ശാരീരികമായി ഫിറ്റാണ് എന്നതിന്റെ മറ്റൊരു സൂചനയാണ് ശരീര വഴക്കം അഥവാ ഫ്‌ളെക്‌സിബിലിറ്റി. ശരീരത്തിലെ പേശികളും സന്ധികളും പലതരം ചലനങ്ങള്‍ക്ക് വഴങ്ങുന്ന അവസ്ഥയാണ് വഴക്കം അഥവാ ഫ്‌ളെക്‌സിബിലിറ്റി. ശരീരം നല്ല വഴക്കമുള്ളതായാല്‍ ദൈനംദിന ശാരീരിക പ്രവര്‍ത്തനങ്ങള്‍ വളരെ എളുപ്പത്തില്‍ ചെയ്യാനാവും. ഇത് പരിക്കുകള്‍ കുറയ്ക്കാനും സാധിക്കും. പ്രായം, വ്യായാമം എന്നിവ ഇവയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. 

എങ്ങനെ വഴക്കം കൂട്ടാം?

യോഗ, സ്‌ട്രെച്ചിങ് വ്യായാമങ്ങള്‍ എന്നിവ ശീലിക്കുന്നതു വഴി ശരീരത്തിന്റെ വഴക്കം വര്‍ധിപ്പിക്കാം. പേശികളും സന്ധികളും ഇതുവഴി മെച്ചപ്പെട്ട വഴക്കം നേടും. 

സ്‌ട്രെങ്ത്

സ്‌ട്രെങ്ത് ട്രെയ്‌നിങ് വഴി ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ സാധിക്കും. പേശികള്‍ക്ക് നല്ല സ്‌ട്രെങ്ത് ഉണ്ടെങ്കില്‍ ഭാരം ഉയര്‍ത്തല്‍ പോലുള്ള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ സന്ധികളെ പരിക്കില്‍ നിന്ന് സംരക്ഷിക്കാനാകും. ഇത് വീഴ്ചകളില്‍ നിന്നും തടയും. ശരീരം ദൃഢമാകാനും ഇത് സഹായിക്കും. 

എങ്ങനെ സ്‌ട്രെങ്ത് വര്‍ധിപ്പിക്കാം?

ഭാരം ഉയര്‍ത്തല്‍ വ്യായാമങ്ങള്‍ ശീലിക്കുന്നത് വഴി പേശികളുടെ സ്‌ട്രെങ്ത് വര്‍ധിപ്പിക്കാം. കുന്നിന്‍ മുകളിലേക്ക് നടക്കുന്നതോ സൈക്ലിംഗ് ചെയ്യുന്നതോ ഒക്കെ ഇത് വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

ശരീരത്തിന്റെ ബാലന്‍സ്

ഒരു മിനിറ്റ് ഒറ്റക്കാലില്‍ ശരീരഭാരം താങ്ങിനിര്‍ത്താന്‍ കഴിയുമോ? സാധിക്കുന്നില്ലെങ്കില്‍ അതിന് വേണ്ടി ശ്രമിക്കണം. വ്യായാമം ചെയ്യുമ്പോഴോ മറ്റെന്തെങ്കിലും പ്രവൃത്തികള്‍ ചെയ്യുമ്പോഴോ വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കുന്നതിനുള്ള കഴിവ് നേടുന്നത് ശരീരത്തിന് ബാലന്‍സ് ഉണ്ടാകുമ്പോഴാണ്. പ്രായമായവര്‍ക്കും ഒരു ദിവസം തന്നെ പലതരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവര്‍ക്കും ഇത് അത്യാവശ്യമാണ്. 

ബാലന്‍സ് എങ്ങനെ മെച്ചപ്പെടുത്താം?

എല്ലാ വ്യായാമങ്ങളും ശരീരത്തിന് സ്‌ട്രെങ്തും ബാലന്‍സും മെച്ചപ്പെടുത്താന്‍ സഹായിക്കും. കയറ്റം കയറല്‍, ശരീരഭാരം ഉപയോഗിച്ചുകൊണ്ടുള്ള വ്യായാമങ്ങള്‍ എന്നിവ വഴി ശരീരത്തിന്റെ ബാലന്‍സ് മെച്ചപ്പെടുത്താം. 

ശരീരനില

മികച്ച ശരീരനില (posture) നമ്മുടെ പേഴ്‌സണാലിറ്റി മെച്ചപ്പെടുത്തും. അസ്ഥികള്‍, സന്ധികള്‍ എന്നിവയുടെയെല്ലാം തുലനനില മെച്ചപ്പെടുത്തും. ഇത് പേശികള്‍, ലിഗ്മെന്റുകള്‍ എന്നിവയ്ക്കുണ്ടാകുന്ന പരിക്കുകള്‍ കുറയ്ക്കും. കൂനിക്കൂടിയുള്ള ഇരിപ്പ്, കാല്‍മുട്ടുകള്‍ ലോക്ക് ചെയ്തിരിക്കുന്നത്, കുനിഞ്ഞ് നടക്കുന്നത് എന്നിവയെല്ലാം അനാരോഗ്യകരമായ ശരീരനിലയാണ്. ഇത്തരം ശരീരനില തുടരുന്നത് ആര്‍ത്രൈറ്റിസ്, ഓസ്റ്റിയോപൊറോസിസ്, സെര്‍വിക്കല്‍ പെയിന്‍ എന്നിവയ്ക്ക് ഇടയാക്കും. 

ശരീരനില എങ്ങനെ മെച്ചപ്പെടുത്താം?

യോഗ, സ്‌ട്രെങ്ത് ട്രെയ്‌നിങ് വ്യായാമങ്ങള്‍ എന്നിവ ശരീരനില മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇരിക്കുമ്പോഴും നടക്കുമ്പോഴുമെല്ലാം സ്വന്തം ശരീരനില സ്വയം നിരീക്ഷിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും ശ്രദ്ധിക്കണം. 

Content Highlights: who is a healthy person, what is fitness, Health, Fitness