കൃത്യമായി വ്യായാമം ചെയ്താല്‍ അമിതവണ്ണവും ഭാരവും കുറയ്ക്കാന്‍ സാധിക്കും. വ്യായാമം ചെയ്യുമ്പോള്‍ കൂടുതല്‍ കലോറി ചെലവാക്കിയാല്‍ മാത്രമേ അമിതവണ്ണവും ഭാരവും പെട്ടെന്ന് കുറയ്ക്കാനാകൂ. കൂടുതല്‍ കലോറി ചെലവാക്കിയാല്‍ ഫിറ്റ്‌നസ്സ് ഗോള്‍ വളരെ പെട്ടെന്ന് നേടാനാകും. 

വര്‍ക്ക്ഔട്ടിന്റെ തീവ്രത അല്പം വര്‍ധിപ്പിച്ചാല്‍ 60 ശതമാനം കൂടുതല്‍ കലോറി ചെലവാക്കാനാകും. ഇതിന് ചില വഴികളുണ്ട്. 

കൈകള്‍ നന്നായി വീശുക

നിങ്ങള്‍ ട്രെഡ്മില്ലിലോ ഔട്ട്‌ഡോറിലോ ഓടുകയാണെങ്കില്‍ കൈകള്‍ നന്നായി ആഞ്ഞുവീശുക. ചെറിയ സമയത്തിനുള്ളില്‍ കൂടുതല്‍ കലോറി ചെലവഴിക്കാന്‍ ഇത് സഹായിക്കും. കുറഞ്ഞത് 15 ശതമാനം കൂടുതല്‍ കലോറി ചെലവഴിക്കാന്‍ ഇത് നല്ലതാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ അപ്പോള്‍ ചെയ്യുന്ന വര്‍ക്ക്ഔട്ടിന്റെ വേഗത വര്‍ധിക്കുകയും ചെയ്യും. 

വര്‍ക്ക്ഔട്ടിനിടെയുള്ള വിശ്രമം കുറയ്ക്കുക

വ്യായാമത്തിന് ഇടയില്‍ അല്പനേരം വിശ്രമിക്കുന്നത് ശ്വാസവും ഹൃദയസ്പന്ദന നിരക്കും സാധാരണഗതിയിലാക്കാന്‍ സഹായിക്കുന്നതാണ്. എന്നാല്‍ കൂടുതല്‍ കിലോഗ്രാം ഭാരം കുറയ്ക്കണമെങ്കില്‍ ഈ വിശ്രമം നീണ്ടുപോകരുത്. വിശ്രമം കുറച്ചാല്‍ ഹൃദയസ്പന്ദന നിരക്ക് കുറയാതെ ഉയര്‍ന്ന നിലയില്‍ തന്നെ നിര്‍ത്താനാകും. അതുവഴി കൂടുതല്‍ കലോറി ചെലവഴിക്കാനുമാകും. വിശ്രമസമയം കുറയ്ക്കാന്‍ ഒരു മാര്‍ഗമുണ്ട്. ഏതെങ്കിലും ഒരു കൂട്ടം പേശികള്‍ക്ക് ആയിരിക്കുമല്ലോ വ്യായാമം നല്‍കിക്കൊണ്ടിരിക്കുന്നത്. അപ്പോള്‍ അത് നിര്‍ത്തി വളരെ ചെറിയൊരു ഇടവേളയെടുത്ത് മറ്റൊരു ഭാഗത്തിന് വ്യായാമം നല്‍കാം. അപ്പോള്‍ നേരത്തെ വര്‍ക്ക്ഔട്ട് ചെയ്തിരുന്ന ഭാഗത്തിന് വിശ്രമവും ലഭിക്കും. 

വര്‍ക്ക്ഔട്ടില്‍ പുതിയ രീതികള്‍ ശീലിക്കാം

കൂടുതല്‍ കലോറി ചെലവാക്കണമെങ്കില്‍ ശരീരത്തെ എപ്പോഴും ചലഞ്ച് ചെയ്തുകൊണ്ടിരിക്കണം. അതിനാല്‍ എപ്പോഴും ട്രെഡ്മില്‍ നടത്തമോ ബോഡിവെയ്റ്റ് എക്‌സര്‍സൈസോ ചെയ്യാതെ പുതിയത് എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കണം. പുത്തന്‍ വ്യായാമങ്ങള്‍ ചെയ്യുന്നത് കൂടുതല്‍ പേശികളെ 'എന്‍ഗേജ്' ചെയ്യിക്കാനും കൂടുതല്‍ കലോറി ചെലവാക്കപ്പെടാനും സഹായിക്കും. ട്രെഡ്മില്ലില്‍ ഓടുമ്പോള്‍ അത് അല്പം ഇന്‍ക്ലൈന്‍ പൊസിഷനിലേക്ക് മാറ്റാം, അല്ലെങ്കില്‍ സ്പീഡ് കൂട്ടാം. ഇത്തരത്തില്‍ വര്‍ക്ക്ഔട്ടില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരുന്നത് കൂടുതല്‍ കലോറി ചെലവഴിക്കാന്‍ സഹായിക്കും. 

ഭാരം ഉയര്‍ത്താം

സാധാരണ ഉയര്‍ത്തുന്നതിനേക്കാള്‍ കൂടുതല്‍ ഭാരം ഉയര്‍ത്തുന്നത് കൂടുതല്‍ കലോറി എരിഞ്ഞുതീരാന്‍ സഹായിക്കും. ശരീരത്തിന്റെ ആരോഗ്യാവസ്ഥ നോക്കി സാധാരണ ഉയര്‍ത്തുന്നതിനേക്കാള്‍ കൂടുതല്‍ ഭാരം ഉയര്‍ത്തുമ്പോള്‍ 25 ശതമാനമെങ്കിലും കലോറി എരിഞ്ഞുതീരും. ഭാരം ഉയര്‍ത്തുമ്പോള്‍ ശരീരത്തിന് കൂടുതല്‍ ഊര്‍ജം ലഭ്യമാക്കാനും മറ്റും പേശികളിലെ കൂടുതല്‍ പ്രോട്ടീന്‍ വിഘടിക്കും. ഇത് കുറച്ചു സമയത്തിനുള്ളില്‍ കൂടുതല്‍ കലോറി എരിഞ്ഞുതീരാന്‍ സഹായിക്കും. 

ചടുല സംഗീതം കേള്‍ക്കാം

വര്‍ക്ക്ഔട്ടിനിടെ വേഗതയേറിയ ബീറ്റുകളുള്ള സംഗീതം കേള്‍ക്കുന്നത് കൂടുതല്‍ തീവ്രതയോടെ വര്‍ക്ക്ഔട്ട് ചെയ്യാന്‍ സഹായിക്കുമെന്നാണ് കണ്ടെത്തല്‍. ഇതും കലോറി കൂടുതല്‍ ചെലവഴിക്കാന്‍ സഹായിക്കും. 

Content Highlights: 5 ways to burn more calories when you are exercising, Weight loss, Health, Fitness