മിതവണ്ണം നല്ലതല്ല. അതിന് നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ട്. അമിതവണ്ണം ഒരാൾക്ക് ശാരീരിക രോഗങ്ങൾ മാത്രമല്ല മാനസികമായ നിരവധി പ്രശ്നങ്ങളുമുണ്ടാക്കും. തടി കൂടുമ്പോൾ ശാരീരിക ചലനങ്ങൾ കുറയും. മുട്ടുവേദനയുണ്ടാവുകയും സ്റ്റാമിന കുറയുകയും ചെയ്യും. ഇതെല്ലാം പിൽക്കാലത്ത് വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. ഹൃദ്രോഗങ്ങൾ, പ്രമേഹം, സന്ധിക്കുണ്ടാകുന്ന പ്രശ്നങ്ങൾ തുടങ്ങിയവയെല്ലാം അമിതവണ്ണം മൂലമുണ്ടാകുന്ന ദീർഘകാല ആരോഗ്യപ്രശ്നങ്ങളാണ്.

ഒന്ന് ശ്രമിച്ചാൽ അമിതവണ്ണത്തെ നമുക്ക് തന്നെ നിയന്ത്രിക്കാനാവും. അമിതവണ്ണത്തിന് ഇടയാക്കുന്ന മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇവ കൃത്യമായി പരിഹരിച്ചാൽ അമിതവണ്ണത്തെ നമ്മുടെ നിയന്ത്രണപരിധിയിലേക്ക് കൊണ്ടുവരുന്ന ദൗത്യം വിജയം കണ്ടുതുടങ്ങും.

1) സമയനിഷ്ഠയില്ലാത്ത ഭക്ഷണം

ചിലർ ഭക്ഷണം നേരത്തെ കഴിക്കും. ചിലരാകട്ടെ ഒരുപാട് വൈകിയാകും കഴിക്കുക. രണ്ടും നല്ലതല്ല. ദിവസവും ഭക്ഷണത്തിന് കൃത്യസമയം ഇല്ല എന്നത് ഒരു വലിയ പ്രശ്നമാണ്. ഇത് ആരോഗ്യത്തിന് നല്ലതല്ല. സമയത്തിന് ഭക്ഷണം കഴിക്കാത്തവരിൽ മറ്റുള്ളവരേക്കാൾ വിശപ്പ് കൂടുതലായിരിക്കുമെന്നാണ് അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രിഷൻ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നത്.

ഇതുമൂലം പ്രമേഹം, മെറ്റബോളിക് സിൻഡ്രോം തുടങ്ങിയ ഗുരുതരമായ രോഗസാധ്യത വർധിക്കുന്നു. അമിതവണ്ണവും ഇതിനൊപ്പം ഉണ്ടാകും. സമയനിഷ്ഠയില്ലാത്ത ഭക്ഷണം കഴിക്കൽ മൂലം ശരീരത്തിലെ ജൈവഘടികാരത്തിന്റെ പ്രവർത്തനങ്ങൾ താളം തെറ്റുന്നു. ഇതുമൂലം ദഹനം, വിശപ്പ്, ഇൻസുലിൻ ഉത്‌പാദനം എന്നിവയാകെ കുഴഞ്ഞുമറിയുന്ന അവസ്ഥയിലെത്തുന്നു. അതിനാൽ തന്നെ കൃത്യസമയത്ത് ഭക്ഷണം കഴിക്കുക. അതുവഴി അമിതവണ്ണത്തിൽ നിന്ന് രക്ഷപ്പെടാം.

2) ആവശ്യത്തിന് വെള്ളം കുടിക്കാത്തത്

ദിവസവും കുറഞ്ഞത് എട്ടു ഗ്ലാസ് വെള്ളം കുടിക്കണമെന്ന നിർദേശം എത്രപേർ പാലിക്കാറുണ്ട്? ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ശരീരത്തിൽ നല്ല തോതിൽ ജലാംശം നിലനിർത്താൻ സഹായിക്കും. ഇതുമൂലം വയർ നിറയുന്നതായി തോന്നും. ഇത് വിശപ്പ് കുറയ്ക്കാനും അമിതമായി ഭക്ഷണം ഉള്ളിലെത്തുന്നത് തടയാനും സഹായിക്കും. പ്രഭാത ഭക്ഷണത്തിന് മുൻപ് വെള്ളം കുടിക്കുന്നത് കുറച്ച് കലോറി ഊർജം എരിഞ്ഞുതീരാൻ സഹായിക്കുമെന്നാണ് യൂറോപ്യൻ ജേണൽ ഓഫ് ന്യൂട്രിഷ്യനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. അതിനാൽ ദിവസവും കുറഞ്ഞത് എട്ടുഗ്ലാസ് വെള്ളമെങ്കിലും കുടിക്കാൻ ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം അമിതവണ്ണം ഒപ്പമുണ്ടാകും.

3) ദീർഘനേരം ഇരിക്കുന്നത്

ദീർഘനേരം ഇരുന്ന് ജോലിചെയ്യുന്നത് ആരോഗ്യത്തിന് ദോഷകരമാണ്. പബ്മെഡിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നത് ദീർഘസമയം ഇരിക്കുന്നത് ഗുരുതരമായ രോഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുമെന്നാണ്. ഇത് പരിഹരിക്കാൻ ഇക്കാര്യങ്ങൾ ചെയ്യാം. ഇരുന്നുള്ള ജോലിക്ക് ശേഷം ശാരീരികമായ വ്യായാമങ്ങളിൽ അല്പസമയം ഏർപ്പെടാൻ സമയം കണ്ടെത്തണം. സ്കിപ്പിങ്, ജോഗിങ് തുടങ്ങിയവ ദിവസം മുപ്പതു മിനിറ്റെങ്കിലും ചെയ്യണം. അല്ലെങ്കിൽ അമിതവണ്ണവും രോഗങ്ങളും നിങ്ങളെ വിട്ടുപോകില്ല.

Content Highlights:Three things you are probably doing that can make you obese, Health, Fitness