ലോകത്തെ ജനപ്രിയ വിനോദ ഗുസ്തി മത്സരമായ റസ് ലിങ്ങിലെ ഇന്ത്യന്‍ സാന്നിധ്യമാണ് ഗ്രേറ്റ് ഖാലി എന്ന ദലിപ് സിങ് റാണ. ഏഴടി രണ്ടിഞ്ച് ഉയരവും 157 കിലോഗ്രാം തൂക്കവുമാണ് ഗ്രേറ്റ് ഖാലിയെ വേള്‍ഡ് റസ്‌ലിങ് എന്റര്‍ടെയിന്‍മെന്റിലെ(WWE) ആദ്യ ഇന്ത്യന്‍ താരമാക്കി മാറ്റിയത്. 2006 ജനുവരിയിലാണ് ഗ്രേറ്റ് ഖാലി ഡബ്യുഡബ്യുഇ ചാംപ്യന്‍ഷിപ്പില്‍ അരങ്ങേറിയത്.

വര്‍ക്ക്ഔട്ട് വീഡിയോകള്‍ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്യാറുള്ള ഗ്രേറ്റ് ഖാലി തന്റെ ഭക്ഷണശീലങ്ങള്‍ എന്തൊക്കെയെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍. പ്രോട്ടീന്‍ സമ്പുഷ്ടമായ മുട്ടയും മീനുമാണ് തന്റെ പ്രിയപ്പെട്ട ആഹാരമെന്നാണ് ഖാലി ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പറയുന്നത്.

ദിവസവും 60-70 മുട്ടകളാണ് ഖാലി അകത്താക്കുന്നത്. മുട്ടയുടെ വെള്ള മാത്രമാണ് കഴിക്കുക. മുട്ടയുടെ മഞ്ഞയില്‍ കൊളസ്‌ട്രോള്‍ ഉള്ളതിനാല്‍ അത് ഒഴിവാക്കാറുണ്ടെന്നും ഖാലി പറയുന്നു.

എന്താണ് കഴിക്കുന്നതെന്ന കാര്യത്തില്‍ താന്‍ വളരെ ശ്രദ്ധാലുവാണെന്നും പക്ഷേ തന്റെ ഇഷ്ടപ്പെട്ട ഭക്ഷണം ആസ്വദിച്ചുകഴിക്കാറുണ്ടെന്നും ഖാലി പറയുന്നു. ''ചിക്കന്‍, മുട്ട, ചോറ്, പരിപ്പ് തുടങ്ങി എല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് വളരെ സന്തുലിതമായ ഭക്ഷണരീതിയാണ് തന്റേതെന്ന് ഖാലി വ്യക്തമാക്കുന്നു. അനാരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതാണ് ആളുകളുടെ ആരോഗ്യം ക്ഷയിക്കാന്‍ കാരണം. ഇതൊഴിവാക്കാന്‍ ആദ്യം ചെയ്യേണ്ടത് നാം കഴിക്കുന്നത് എന്താണെന്ന് മനസ്സിലാക്കണം. ഫിറ്റ്‌നസ്സ് നേടാനുള്ള കുറുക്കുവഴികളിലൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. നല്ലൊരു ശരീരം ലഭിക്കാന്‍ സമയവും പ്രയത്‌നവും ആവശ്യമാണ്. അത് ഒറ്റ രാത്രികൊണ്ട് ലഭിക്കുന്നതല്ല. അതിലേക്ക് യാതൊരു കുറുക്കുവഴികളും ഇല്ല''- ഗ്രേറ്റ് ഖാലി പറയുന്നു.

സൂപ്പര്‍ ഫുഡ് എന്നാണ് മുട്ടയെ വിശേഷിപ്പിക്കുന്നതെന്ന് ന്യൂട്രിഷനിസ്റ്റും ന്യൂട്രസി ലൈഫ്‌സ്റ്റൈല്‍ സ്ഥാപകയുമായ ഡോ.രോഹിണി പാട്ടീല്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.  എളുപ്പത്തില്‍ ലഭ്യമാകുന്ന പ്രധാനപ്പെട്ട പ്രോട്ടീന്‍ സ്രോതസ്സാണ് മുട്ട. ഒരു മുട്ടയില്‍ ആറുശതമാനം വിറ്റാമിന്‍ എ, ഏഴ് ശതമാനം വിറ്റാമിന്‍ ബി5, ഒന്‍പത് ശതമാനം ബി12, ഒന്‍പത് ശതമാനം ഫോസ്ഫറസ്, 15 ശതമാനം വിറ്റാമിന്‍ ബി2, 22 ശതമാനം സെലിനിയം എന്നിവയാണ് മുട്ടയില്‍ അടങ്ങിയിട്ടുള്ളത്. മുട്ട വെള്ളയില്‍ 90 ശതമാനം വെള്ളവും 10 ശതമാനം പ്രോട്ടീനുമാണുള്ളത്. ശരീരത്തിന് ആവശ്യമുള്ള അമിനോ ആസിഡുകള്‍ എല്ലാം അടങ്ങിയതാണ് മുട്ട വെള്ള.

Content Highlights: The Great Khali’s diet includes these two foods; find out what they are