ടക്കാന്‍ പോയപ്പോഴും കളിക്കിടെയും മറ്റ് വ്യായാമങ്ങള്‍ക്കിടയിലുമെല്ലാം കുഴഞ്ഞുവീണു മരിക്കുന്ന സംഭവങ്ങള്‍ ഇടയ്‌ക്കെങ്കിലും ഉണ്ടാവാറുണ്ട്.

ഷട്ടില്‍ കളിക്കുന്നതിനിടെ പോലീസുദ്യേഗസ്ഥനും പ്രഭാതസവാരിക്കിടെ അഭിഭാഷകനും കുഴഞ്ഞുവീണു മരിച്ചത് കഴിഞ്ഞദിവസമാണ്. രണ്ടുമാസം മുമ്പ് ഫുട്‌ബോള്‍ കളിക്കിടെ 18-കാരനും കുഴഞ്ഞുവീണ് മരിച്ചിരുന്നു., സ്ഥിരം കളിക്കുന്നവരും വ്യായാമം ചെയ്യുന്നവരുമെല്ലാമായിട്ടും കുഴഞ്ഞുവീഴുന്നത് എന്തുകൊണ്ടാണെന്ന ആശങ്ക പലര്‍ക്കുമുണ്ട്. ഒരുദിവസം പലതരം വ്യായാമങ്ങളിലേര്‍പ്പെടുന്നത് ആയിരങ്ങളാണ്. അതിനിടയില്‍ അപൂര്‍വമായി മാത്രമേ മരണം സംഭവിക്കാറുള്ളൂവെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.

ശരീരത്തെ അറിഞ്ഞ് വ്യായാമം ചെയ്യുന്നതുകൊണ്ട് ആരും മരിക്കില്ല. പലപ്പോഴും തിരിച്ചറിയാതെപോകുന്ന ആരോഗ്യപ്രശ്‌നങ്ങളാണ് അപകടമാകുന്നത്. ഹൃദയത്തിന്റെയും മസ്തിഷ്‌കത്തിന്റെയുമൊക്കെ ചില പ്രശ്‌നങ്ങള്‍ ലക്ഷണങ്ങളൊന്നും കാണിക്കാതെ തന്നെ നമുക്കുണ്ടായേക്കാം. ഡോക്ടറുടെ, വിദഗ്ധപരിശീലകരുടെ നിര്‍ദേശത്തോടെയാവാം വ്യായാമങ്ങള്‍.

കാരണങ്ങളും പരിശോധനയും

  • ഹൃദയത്തിന്റെ പലതരത്തിലുള്ള അവസ്ഥകള്‍ കുഴഞ്ഞുവീഴാന്‍ കാരണമാകാം. വാല്‍വിന് പ്രശ്‌നമുണ്ടാകാം. മാംസപേശികള്‍ക്ക് തകരാറുള്ളവരുണ്ടാകാം. എന്നാല്‍, ലക്ഷണങ്ങളൊന്നും ഉണ്ടാവില്ല. ഇതൊന്നുമല്ലാതെ ഹൃദയതാളത്തിലുണ്ടാകുന്ന വ്യതിയാനങ്ങളും (ഉദാ: വെന്‍ട്രികുലാര്‍ ഫൈബ്രിലിയേഷന്‍) കാരണമാകും. ഇ.സി.ജി. എടുക്കുമ്പോള്‍ അത് മനസ്സിലാക്കാം.
  • തലച്ചോറുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നം. വ്യായാമം ചെയ്യുമ്പോള്‍ ബി.പി. പൊതുവെ കൂടും. സാധാരണ ബി.പി. ലെവല്‍ 120-80 ആണ്. ഇതിനെക്കാന്‍ അധികമുണ്ടെങ്കിലും ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാവില്ല. പക്ഷേ, വ്യായാമം ചെയ്യുമ്പോള്‍ 200-110 ഒക്കെ ആയാല്‍ അത് പ്രയാസം ഉണ്ടാക്കിയേക്കാം
  • ശരീരത്തിന്റെ താപനില കൂടി ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാം. ഇത്തരത്തിലുള്ള സംഭവം മുമ്പ് കോഴിക്കോട് ഉണ്ടായിട്ടുണ്ട്. വെയിലത്ത് കൂടുതല്‍ ദൂരം ഓടുമ്പോഴും മറ്റുമൊക്കെ ചൂട് ക്രമാതീതമായി കൂടാം.
  • ഹൃദയസ്തംഭനം പ്രധാനകാരണമാകും. ബ്ലോക്കുള്‍പ്പെടെയുള്ളവ കാരണമായേക്കും.
  • ആരോഗ്യപരിശോധന ആവശ്യമാണ്. 45-ന് മുകളില്‍ ആണെങ്കില്‍ ഇ.സി.ജി. എടുക്കല്‍ പ്രധാനമാണ്. ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം വ്യായാമങ്ങളിലേക്ക് കടക്കുന്നതാണ് നല്ലത്.

ശരീരത്തെ അറിയാം

  • എല്ലാവരുടേയും ശരീരം ഒരുപോലെയല്ല. ഒന്നും ചെയ്യാതെയിരുന്ന് പെട്ടന്നൊരു ദിവസം കഠിനവ്യായാമത്തിലേക്ക് കടക്കുന്നത് അനാരോഗ്യം ഉണ്ടാക്കിയേക്കും. മാനസികമായുള്ള തയ്യാറെടുപ്പും ഇതിന് പ്രധാനമാണ്.
  • ഏതുതരം വ്യായാമമാണെങ്കിലും പതിയെ ചെയ്യാന്‍ തുടങ്ങാം. നടത്തം, ഓട്ടം, നീന്തല്‍, വിവിധതരം കളികള്‍, ജിമ്മിലെ വ്യായാമങ്ങള്‍ തുടങ്ങിയവയെല്ലാം ഘട്ടംഘട്ടമായി ചെയ്യാം. മാംസപേശികളെയും സന്ധികളെയും ചെറിയ വ്യായാമത്തിലൂടെ ശക്തിപ്പെടുത്തിക്കൊണ്ടുവരികയാണ് ആദ്യം വേണ്ടത്.
  • ജിമ്മിലാണെങ്കില്‍ ശരീരത്തെ ചെറിയ വ്യായാമങ്ങളിലൂടെ ഒരുക്കിയെടുത്ത ശേഷമേ സൈക്കിള്‍, ട്രെഡ് മില്‍ തുടങ്ങിയവയിലേക്ക് കടക്കൂ.
  • പ്രഷര്‍, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവയെല്ലാം ഉണ്ടാകാം. സ്ത്രീകളിലാണെങ്കില്‍ കൂടുതലായി ഫൈബ്രോയിഡ്, പി.സി.ഒ.ഡി., തൈറോയിഡ് പ്രശ്‌നം ഒക്കെയുണ്ട്. ഡോക്ടറോടോ ട്രെയിനറോടോ ഫിസിയോതെറാപ്പിസ്റ്റിനോടോ സംസാരിച്ചശേഷം അനുയോജ്യമായ വ്യായാമത്തിലേക്ക് കടക്കാം. നടുവേദന, മുട്ടുവേദന ഒക്കെ ഉള്ളവര്‍ ഭാരമെടുക്കുന്നതുപോലുള്ള വ്യായാമങ്ങളിലേക്ക് കടക്കരുത്.
  • ജങ്ക് ഫുഡ് കഴിച്ച് ഫോണില്‍ മാത്രം കളിക്കുന്ന കുട്ടികള്‍ക്ക് പൊണ്ണത്തടിയാണ് പ്രശ്‌നം. അവര്‍ക്ക് ഓട്ടവും ചാട്ടവുമൊക്കെയാണ് നല്ലത്.

കടപ്പാട്: ഡോ. പി. ജയേഷ് കുമാര്‍ (മെഡിസിന്‍ വിഭാഗം മേധാവി, കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ്), പ്രിജു പുതുക്കുടിവീട്ടില്‍ (തൊണ്ടയാട് ഫിറ്റ്ഫാറ്റ് ജിം)

Content Highlights: Sudden death during exercise