ഫിറ്റ്‌നസിലും സൗന്ദര്യത്തിലും ഏറെ ശ്രദ്ധ പുലര്‍ത്തുന്ന സെലിബ്രിറ്റികളിലൊരാളാണ് സാനിയ മിര്‍സ. എന്നാല്‍ പ്രസവത്തോടെ വണ്ണം കൂടിയ താരത്തെ കണ്ട് ആരാധകര്‍ തലയില്‍ കൈവെച്ചുപോയി. പക്ഷെ ഒരു വര്‍ഷം കൊണ്ട് പഴയ ഫിറ്റ്‌നസിലേക്ക് തിരികെയെത്തിരിക്കുകയാണ് താരം. പ്രസവത്തിന് ശേഷമുള്ള തന്റെ വര്‍ക്കൗട്ട് സ്റ്റോറി സാനിയ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. കഴിഞ്ഞ ഒക്ടോബറിലാണ് സാനിയ ഷൊയിബ് മാലിക് ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നത്. 

സാനിയ പറയുന്നു- " പ്രസവത്തോടെ ശരീരഭാരം 23 കിലോഗ്രാമാണ് കൂടിയത്. എന്നാല്‍ വണ്ണം കുറയ്ക്കാന്‍ തീരുമാനിച്ച് നാല് മാസത്തിനുള്ളില്‍ 26 കിലോ കുറയ്ക്കാന്‍ എനിക്ക് സാധിച്ചു. കഠിന പ്രയത്നത്തിന്റേയും സമര്‍പ്പണത്തിന്റേയും ഫലമാണ് ഇത്. നിരവധി സ്ത്രീകള്‍ എന്നോട് ചോദിക്കാറുണ്ട് പ്രസവത്തിനുശേഷവും എങ്ങനെയാണ് ഈ ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ സാധിച്ചതെന്ന്. ദിവസവും ഒന്നോ രണ്ടോ മണിക്കൂര്‍ വേണ്ടി മാറ്റിവെച്ചാല്‍ നിങ്ങള്‍ക്കും ഈ മാറ്റം സാധ്യമാണ്. എനിക്ക് പറ്റുമെങ്കില്‍ നിങ്ങള്‍ക്കും അത് സാധിക്കും. ശരീരത്തിന് മാത്രമല്ല, നിങ്ങളുടെ മനസ്സിനേയും വര്‍ക്കൗട്ടുകള്‍ പരുവപ്പെടുത്തും.

പ്രസവത്തിനു പിന്നാലെ ജിമ്മില്‍ പോവുന്നത് കടുപ്പം നിറഞ്ഞ പണിയായിരുന്നു. കുഞ്ഞിനോടൊപ്പമുള്ള ഉറക്കമില്ലാത്ത രാത്രിക്ക് ശേഷമുള്ള ക്ഷീണത്തിനു പിന്നാലെ ജിമ്മിലെ വര്‍ക്കൗട്ട്. എന്റെ ശരീരം ഒന്നിനോടും പ്രതികരിക്കാത്തത് പോലെയായിരുന്നു. തകര്‍ന്നുപോയിരുന്ന ആ സമയത്തും എന്റെ മനസ്സാണ് എന്നെ മുന്നോട്ട് കൊണ്ടുപോയത്. പതിയെ എന്റെ പരിശ്രമങ്ങള്‍ ഫലം കണ്ടുതുടങ്ങി. എന്നാല്‍ ഇതൊന്നും ഒരു രാത്രി കൊണ്ട് സംഭവിച്ചതല്ല. ഒരുപാട് കാലത്തെ പ്രയത്‌നമാണ്. എന്നാല്‍ മാറണമെന്ന് ഒരു തവണ നിങ്ങല്‍ തീരുമാനിച്ചാല്‍ ഒന്നിനും നിങ്ങളെ പിന്നോട്ട് വലിക്കാന്‍ സാധിക്കില്ല. 

ചെറുകുറിപ്പിനൊപ്പം വര്‍ക്കൗട്ട് വീഡിയോയും സാനിയ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. 

Content Highlights:  Sania Mirza  weight loss story