നല്ലൊരു കാര്‍ഡിയോവസ്‌ക്കുലര്‍ വ്യായാമമാണ് ഓട്ടം. ഇതിന് പ്രത്യേകിച്ച് ഉപകരണങ്ങളുടെയൊന്നും ആവശ്യമില്ല. വര്‍ക്ക്ഔട്ടുകള്‍ക്കിടയ്ക്ക് വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ഒരു വ്യായാമമാണിത്.
ടൈപ്പ് ടു പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാന്‍ ഓട്ടം സഹായിക്കും. എന്നാല്‍ എല്ലാ ദിവസവും വളരെയധികം ഓടുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. എല്ലാ ദിവസവും ഓടുമ്പോള്‍ ശരീരം ഒരേ പേശികളിലേക്ക് തന്നെ അമിതമായി സമ്മര്‍ദം ചെലുത്തും. ഇത് സ്‌ട്രെസ്സ് ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന കോര്‍ട്ടിസോള്‍ ഹോര്‍മോണിന്റെ അളവ് ശരീരത്തില്‍ വര്‍ധിപ്പിക്കും. ഇത് പിന്നീട് പേശികളില്‍ നീര്‍ക്കെട്ടിനും ചെറിയ മുറിവുകളുണ്ടാകാനും ഇടയാക്കും. ആവശ്യത്തിന് വിശ്രമം ലഭിച്ചില്ലെങ്കില്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വൈകും. ഇത് പരിക്കേല്‍ക്കാനുള്ള സാധ്യത കൂടും. ഇത് ആരോഗ്യത്തെ മുഴുവനായി ബാധിക്കാന്‍ ഇടയാക്കും.
ഒരാഴ്ച എത്ര ഓടണം?
ശരീരത്തിന് ആവശ്യമായ വിശ്രമം ലഭിക്കേണ്ടത് വളരെ പ്രധാനമാണ്. ദിവസവും മുപ്പത് മിനിറ്റ് ഓടുന്നതാണ് ആരോഗ്യകരം. അതില്‍ കൂടുതല്‍ വേണ്ട. ഓടുന്നതിന് മുന്‍പായി ഒരു വാംഅപ് സെഷന്‍ ആവശ്യമാണ്. ഇതിനുശേഷം ഒരു ചെറിയ ഇടവേള വേണം. തുടര്‍ന്ന് ഓടുകയും പിന്നീട് കൂള്‍ഡൗണ്‍ ചെയ്യുകയും വേണം. ഓടാന്‍ തുടങ്ങുമ്പോള്‍ പരമാവധി വേഗത്തില്‍ ആദ്യം തന്നെ ഓടരുത്. പതുക്കെയേ തുടങ്ങാവൂ. എന്നിട്ട് പതിയെ വേഗത കൂട്ടാം. ഓടാന്‍ തുടങ്ങി ഓരോ രണ്ടു മിനിറ്റിലും അല്പം വേഗത കുറയ്ക്കണം. അല്പസമയത്തിന് ശേഷം വീണ്ടും വേഗത കൂട്ടാം.
ആഴ്ചയില്‍ മൂന്ന്- അഞ്ച് ദിവസങ്ങള്‍ ഓടുകയും ബാക്കി ദിവസങ്ങളില്‍ നടത്തമോ ജോഗിങ്ങോ ചെയ്യുന്നതാണ് നല്ലത്.
ഓട്ടത്തിനിടയില്‍ പേശികള്‍ക്ക് സ്ഥിരമായി വേദന തോന്നുകയോ ബലംപിടിക്കുന്നതായി അനുഭവപ്പെടുകയോ ചെയ്താല്‍ ശ്രദ്ധിക്കണം. ആ പ്രശ്‌നം മാറാന്‍ ആവശ്യമായ സമയം നല്‍കുകയും വേണം. തോളുകള്‍, പിന്‍വശം, കാലുകള്‍ തുടങ്ങിയ ഭാഗങ്ങളില്‍ വേദനയുണ്ടാകുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. ഇങ്ങനെ വരുമ്പോള്‍ കൃത്യമായി വിശ്രമിച്ച് വേദനകള്‍ പൂര്‍ണമായും മാറിയ ശേഷം മാത്രമേ ഓട്ടം തുടങ്ങാവൂ. അതുവരെ സ്‌ട്രെങ്ത് ട്രെയ്‌നിങ് വ്യായാമങ്ങളും യോഗയുമൊക്കെ ചെയ്യാം.
Content Highlights: Running exercise and Weight loss, Is it good to run every day to lose weight, Health, Fitness