ഫിറ്റ്‌നസ്സ് ഫ്രീക്കന്‍മാരുടെ ആശാനാണ് നടനും മോഡലുമായ മിലിന്ദ് സോമന്‍. ഭാര്യ അന്‍കിത കോന്‍വാറിനൊപ്പമുള്ള ഫിറ്റ്‌നസ്സ് വീഡിയോകള്‍ക്ക് ആരാധകര്‍ ഏറെയാണ്. വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം ഭൂമിക്ക് തന്നെ അപകടകരമാണെന്ന സന്ദേശമുയര്‍ത്തി മിലിന്ദ് അടുത്തിടെ മുംബൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് സൈക്ലിങ് നടത്തിയിരുന്നു. ചെറുദൂരങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് സൈക്കിളുകള്‍ ഉപയോഗിക്കണമെന്നും മിലിന്ദ് ആഹ്വാനം ചെയ്തിരുന്നു.

മിലിന്ദ് ഇത്തവണ ന്യൂഇയര്‍ ആഘോഷിച്ചതും വ്യത്യസ്തമായ രീതിയിലായിരുന്നു. അന്‍കിത കോന്‍വാറിനൊപ്പം 110 കിലോമീറ്റര്‍ മാരത്തണ്‍ ഓട്ടം ഓടിയാണ് ഇരുവരും പുതുവര്‍ഷത്തെ വരവേറ്റത്.

40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ ചെയ്തിരുന്ന ഒരു ബോഡിവെയ്റ്റ് വര്‍ക്ക്ഔട്ടിനെക്കുറിച്ചാണ് മിലിന്ദ് സോമന്‍ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. നീല ടീഷര്‍ട്ടും കറുപ്പ് നിറത്തിലുള്ള ജിം പാന്റും ധരിച്ച് ഡബിള്‍ ബാര്‍ ഡിപ്‌സ് വര്‍ക്ക്ഔട്ട് ചെയ്യുകയാണ് മിലിന്ദ്. കൈപ്പത്തികള്‍ ഉപയോഗിച്ച് രണ്ട് ബാറുകളിലും ബാലന്‍സ് ചെയ്ത് തുടര്‍ച്ചയായി ശരീരം ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുകയാണ് ഈ വ്യായാമത്തില്‍ ചെയ്യുന്നത്.

''ഡബിള്‍ ബാര്‍ ഡിപ്‌സ് ആണ് എനിക്ക് ഏറെ ഇഷ്ടപ്പെട്ട വര്‍ക്ക്ഔട്ട്. ഡബിള്‍ ബാര്‍ എവിടെ കണ്ടാലും ഒരു സെറ്റ് വര്‍ക്ക്ഔട്ടെങ്കിലും അവിടെ വെച്ചു ചെയ്യും. 40 വര്‍ഷം മുമ്പ് നീന്തലിനൊപ്പം ഞാന്‍ ചെയ്തിരുന്ന ബോഡിവെയ്റ്റ് വര്‍ക്ക്ഔട്ടാണിത്''- മിലിന്ദ് ഇന്‍സ്റ്റയില്‍ കുറിച്ചു.

നെഞ്ചിലെയും തോളുകളിലെയും പേശികള്‍, ടൈസെപ്‌സ്, അപ്പര്‍ ബാക്ക്- ലോവര്‍ ബാക്ക് എന്നിവയിലെ പേശികളെയും ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന ബോഡിവെയ്റ്റ് എക്‌സര്‍സൈസ് ആണ് ഡബിള്‍ ബാര്‍ ഡിപ്‌സ്. മേലുടലിന് മസില്‍ മാസ് കൂട്ടാനും ഇത് സഹായിക്കും.

Content Highlights: Milind Soman revisits bodyweight exercises that he did 40 years ago