'ഞാന്‍ 26 വയസ്സുള്ള വിദ്യാര്‍ത്ഥിയാണ്. സാധാരണയില്‍ നിന്നും വ്യത്യസ്തമായി എന്റെ മാറിടത്തിനു വളര്‍ച്ചാ കൂടുതലാണ്. എന്റെത് തടിച്ച ശരീരപ്രകൃതമാണ്. പാരമ്പര്യമായി നോക്കുമ്പോള്‍ അച്ഛനും തടിയുണ്ട്. ഭക്ഷണകാര്യത്തില്‍ എനിക്ക് ചിട്ടയൊന്നും ഇല്ലെങ്കിലും നോണ്‍വെജ് കഴിക്കുന്നത് കുറവാണ്. മാറിടത്തിന് അമിത വളര്‍ച്ചയാണു കാരണം ഞാന്‍ ആകെ വിഷമത്തിലാണ്. കളിയാക്കലും അപകര്‍ഷതബോധവും കാരണം പുറത്തു പോകാന്‍ കഴിയുന്നില്ല. ഇത്തരത്തില്‍ വളര്‍ച്ച ഉണ്ടാകാനുള്ള കാരണം എന്താണ്. സര്‍ജറി പോലെയുള്ള മര്‍ഗമാണോ ഫലപ്രദം. 

ഗോപിരാജ്. ഇ-മെയില്‍ 

താങ്കളുടെ ശാരീരിക പ്രശ്നങ്ങള്‍ക്കും മാനസികപ്രശ്നങ്ങള്‍ക്കും അപകര്‍ഷതയ്ക്കുമൊക്കെ കാരണം അമിതശരീരഭാരമാണ്. തടി കുറച്ചാല്‍ത്തന്നെ മാറിടത്തിന്റെ വൈകല്യം മാറാനാണ് സാധ്യത. പക്ഷേ, കത്തില്‍നിന്ന് മനസ്സിലാകുന്നത് അതിനുള്ള കാര്യമായ ശ്രമമൊന്നും താങ്കള്‍ നടത്തുന്നില്ല എന്നാണ്. ഭക്ഷണത്തില്‍ പ്രത്യേകിച്ച് ചിട്ടകളൊന്നുമില്ല എന്നും ശരീരവ്യായാമം കുറവാണ് എന്നും കത്തില്‍ത്തന്നെ സൂചിപ്പിച്ചിട്ടുണ്ടല്ലോ. അമിതവണ്ണം കുറയ്ക്കാനുള്ള പ്രധാനമാര്‍ഗങ്ങളാണ് ഭക്ഷണനിയന്ത്രണവും കൃത്യമായ വ്യായാമവും. ഈ രണ്ടുവഴികളും താങ്കള്‍ സ്വീകരിച്ചേ മതിയാവൂ. തടിച്ച ശരീരപ്രകൃതമാര്‍ന്ന എന്നുമാത്രമേ കത്തില്‍ സൂചിപ്പിച്ചിട്ടുള്ളൂ. തടി കൂടുതലുണ്ടോ എന്നറിയാനായി സ്വയം നടത്താവുന്ന ലളിതമായ ചില പരിശോധനകളുണ്ട്. ബോഡി മാസ് ഇന്‍ഡക്സ് (ബി.എം.ഐ.) കണ്ടുപിടിക്കുന്നതാണ് ഒരു മാര്‍ഗം. ഒരു വെയിങ് മെഷിന്‍ ഉപയോഗിച്ച് ശരീരഭാരം കണ്ടുപിടിക്കുക. ടേപ് ഉപയോഗിച്ച് ഉയരവും കണക്കാക്കുക. തൂക്കം കിലോഗ്രാമിലും ഉയരം മീറ്ററിലുമായിരിക്കണം കണക്കാക്കുന്നത്. ശരീരഭാരത്തെ ഉയരത്തിന്റെ വര്‍ഗം കൊണ്ട് ഭാഗിച്ചാല്‍ കിട്ടുന്ന സംഖ്യയാണ് ബി.എം.ഐ. 18.5 മുതല്‍ 24.9 വരെയാണ് നോര്‍മല്‍ തൂക്കം. ബി.എം.ഐ. മുപ്പതിന് മുകളിലാണെങ്കില്‍ പൊണ്ണത്തടിയാണെന്ന് ഉറപ്പിക്കാം.

അരവണ്ണവും നിതംബവണ്ണവും തമ്മിലുള്ള അനുപാതമാണ് വെയ്സ്റ്റ് ഹിപ്പ് റേഷ്യോ. പൊക്കിളിനോട് ചേര്‍ന്ന് വെയ്സ്റ്റിന്റെ അളവെടുക്കുക. നിതംബത്തിനു മുകളില്‍ ടേപ് പിടിച്ച് നിതംബവണ്ണവുമെടുക്കുക ഈ അനുപാതം 0.9-ല്‍ താഴെയായിരിക്കണം. 0.95-ല്‍ കൂടുതലാണെങ്കില്‍ അപകടകരമായ വണ്ണമുണ്ട് എന്ന് തീരുമാനിക്കാം. നോണ്‍ വെജ് കഴിക്കുന്നത് കുറവാണ് എന്നതുകൊണ്ടുമാത്രം അമിതവണ്ണത്തെ പ്രതിരോധിക്കാന്‍ കഴിഞ്ഞെന്നു വരില്ല. എണ്ണയില്‍ വറുത്ത വിഭവങ്ങള്‍, സ്നാക്ക്സ്, പാക്കറ്റ് ഭക്ഷണം, കോള പോലെയുള്ള ശീതളപാനീയങ്ങള്‍ എന്നിവയൊക്കെ കൂടുതല്‍ ഊര്‍ജമടങ്ങിയ വിഭവങ്ങളാണ്. ഇവ ഒഴിവാക്കി ഇലക്കറികള്‍, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, തവിടുകളയാത്ത ധാന്യങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തണം. ആഹാരം കഴിക്കുന്നതിന് മുന്‍പ് രണ്ട് ഗ്ലാസ് വെള്ളവും കുടിക്കണം. വണ്ണം കുറയ്ക്കാനുള്ള മറ്റൊരു പ്രധാനമാര്‍ഗം കൃത്യമായ വ്യായാമമാണ്. നടത്തം, സൈക്കിളിങ്, ജോഗിങ്, നീന്തല്‍ എന്നിവ നല്ല വ്യായാമമുറകളാണ്. ദിവസവും ഒരു മണിക്കൂര്‍ വ്യായാമത്തിനായി മാറ്റിവെക്കുക. ജിംനേഷ്യത്തില്‍ പോയി വര്‍ക്ക് ഔട്ടുകള്‍ ചെയ്യുന്നതും നല്ലതാണ്.

താങ്കളെ അലട്ടുന്ന മറ്റൊരു പ്രശ്നം മാറിടത്തിന്റെ അമിതവളര്‍ച്ചയാണല്ലോ. ഇതിനെ ഗൈനക്കോമാസ്റ്റിയ എന്നാണ് വിളിക്കുന്നത്. ചില ഹോര്‍മോണ്‍ തകരാറുകള്‍കൊണ്ട് ഇങ്ങനെ സംഭവിക്കാമെങ്കിലും വണ്ണമുള്ളയാളുകള്‍ക്ക് മാറിടവളര്‍ച്ചയുണ്ടാകുന്നതിന്റെ പ്രധാനകാരണം മാറിടത്തില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതാണ്. കൗമാരദശയുടെ പ്രാരംഭഘട്ടത്തിലും ഈസ്ട്രജന്റെ സ്വാധീനംമൂലം ആണ്‍കുട്ടികളില്‍ അമിതസ്തനവളര്‍ച്ച കാണാറുണ്ട്. ഹോര്‍മോണ്‍ തകരാറുകള്‍ മൂലമുണ്ടാകുന്ന സ്തനവളര്‍ച്ച പരിശോധനയില്‍നിന്നുതന്നെ കണ്ടുപിടിക്കാം. സ്തനങ്ങള്‍ പരിശോധിക്കുമ്പോള്‍ ഗ്രന്ഥീകലകള്‍ കണ്ടുപിടിക്കാന്‍ സാധിക്കും. കൂടാതെ വേദന അനുഭവപ്പെടാനും സാധ്യതയുണ്ട്. എന്നാല്‍ വണ്ണമുള്ളവരുടെ മാറിടപരിശോധനയില്‍ കൊഴുപ്പുകലകള്‍ മാത്രമേ കണ്ടുപിടിക്കാന്‍ സാധിക്കുകയുള്ളൂ. വണ്ണം കുറയ്ക്കാനായി ആത്മാര്‍ഥമായി ശ്രമിച്ചിട്ടും ശരീരഭാരം കുറഞ്ഞിട്ടും മാറിടങ്ങള്‍ പൂര്‍വസ്ഥിതിയില്‍ ആയില്ലെങ്കില്‍ മാത്രമേ ശസ്ത്രക്രിയയെക്കുറിച്ച് ചിന്തിക്കേണ്ടതുള്ളൂ. സ്തനങ്ങള്‍ക്ക് വേദന അനുഭവപ്പെടുക, വലുപ്പം കൂടിവരുക, സ്തനവളര്‍ച്ച ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുക, ശരീരത്തിന് അഭംഗി ഉണ്ടാക്കുന്ന തരത്തില്‍ വളരുക തുടങ്ങിയ സാഹചര്യങ്ങളിലാണ് ശസ്ത്രക്രിയ വേണ്ടിവരുന്നത്. തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ വ്യായാമവും ഭക്ഷണച്ചിട്ടകളുമൊക്കെ ഇടയ്ക്ക് മുടക്കുന്നതാണ് ശ്രമം പരാജയപ്പെടാന്‍ കാരണം. ഒരു ഫിസിഷ്യന്റെയും ഡയറ്റീഷ്യന്റെയും ഫിറ്റ്നസ് ട്രെയ്നറുടെയും ഉപദേശംകൂടി സ്വീകരിച്ച് ആത്മാര്‍ഥമായി ശ്രമിക്കുക. തടിയും തൂക്കവും കുറയും. തീര്‍ച്ച.

വിവരങ്ങള്‍ക്ക് കടപ്പാട്:

ഡോ.ബി. പത്മകുമാര്‍
പ്രൊഫസര്‍-മെഡിസിന്‍ വിഭാഗം
ഗവ മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്.

content highlight: men health