ശരീരത്തിന് ഏറ്റവും അധികം അവശ്യമുള്ള ഒന്നാണ് വെള്ളം. ശരീരത്തിൽ ഏറ്റവും അധികമുള്ളതും വെള്ളം തന്നെ. സാധാരണ ഡയറ്റ് ചെയ്യുന്ന എല്ലാവരുടെയും ശീലമാണ് രാവിലെ ഉണരുമ്പോൾ തന്നെ ഒരു ഗ്ലാസ് വെള്ളം കുടിക്കുക എന്നത്. ശരീരത്തിലെ മാലിന്യങ്ങളെല്ലാം നീക്കാനും ഉണർവ് നൽകാനും ഇങ്ങനെ വെള്ളം കുടിക്കുന്നത് സഹായിക്കും. ചില ഡയറ്റീഷ്യൻമാർ ചെറുചൂടുവെള്ളത്തിൽ നാരങ്ങാനീരും തേനും ചേർത്ത് കുടിക്കാൻ നിർദേശിക്കാറുണ്ട്. ഇത്തരത്തിൽ ശരീരത്തിന്റെ ആരോഗ്യം നിലനിർത്താനും കൃത്യമായ ഡയറ്റ് പിന്തുടരാനും വെള്ളം കുടിക്കുന്നതിന് വലിയ പ്രാധാന്യമുണ്ട്. വെള്ളം കുടിച്ച് ഭാരം കുറക്കാനും ഫിറ്റ്നസ്സ് നിലനിർത്താനും സഹായിക്കുന്ന ജാപ്പനീസ് വാട്ടർ തെറാപ്പി ആരോഗ്യത്തിന് വളരെ നല്ലതാണെന്നാണ് പഠനങ്ങൾ

ജാപ്പനീസ് വാട്ടർ തെറാപ്പി

ദഹനവ്യവസ്ഥയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന രീതിയിലാണ് ജാപ്പനീസ് വാട്ടർ തെറാപ്പി ചെയ്യുന്നത്. ആമാശയത്തെ ശുചിയാക്കുന്നതിനോടൊപ്പം മൊത്തം ദഹനവ്യവസ്ഥയെയും ഉത്തേജിപ്പിക്കുന്നു. രാവിലെ ഉണരുമ്പോൾ തന്നെ ശുദ്ധജലം കുടിക്കുന്നത് ജപ്പാനിലെ പാരമ്പര്യ ചികിത്സകളുടെ പ്രധാന ഭാഗമാണ്. ആരോഗ്യത്തിന്റെ സുവർണനിമിഷങ്ങൾ എന്നാണ് ഈ സമയത്തെ അവർ വിശേഷിപ്പിക്കുന്നതും. ഭാരം കുറക്കാനും പലതരം ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാനും ഉണർന്നാലുടനെയുള്ള ഈ വെള്ളം കുടിക്കലിനെ ജപ്പാൻകാർ പ്രോത്സാഹിപ്പിക്കാറുണ്ട്.

ജാപ്പനീസ് വാട്ടർ തെറാപ്പി എങ്ങനെ

1. രാവിലെ ഉണർന്ന ഉടനേ നാല്ഗ്ലാസ് വെള്ളം കുടിക്കുക. 160 മുതൽ 200 മില്ലിലിറ്റർ എന്നതാണ് കണക്ക്. സാധാരണവെള്ളമോ ചെറുചൂടുള്ള വെള്ളമോ കുടിക്കാം. അതിൽ ഒരു നാരങ്ങയുടെ നീര് ചേർക്കുന്നത് നല്ലതാണ്.

2. വെള്ളം കുടിച്ച് കഴിഞ്ഞ് 45 മിനിറ്റിന് ശേഷം മാത്രമേ മറ്റെന്തെങ്കിലും ഭക്ഷണവും വെള്ളവും കഴിക്കാൻ പാടുള്ളൂ.

3. ഒരേ ഭക്ഷണത്തിന് ശേഷവും രണ്ട് മണിക്കൂറെങ്കിലും ഇടവേള നൽകണം. അതിനിടയിൽ വെള്ളം കുടിക്കാനും ഭക്ഷണം കഴിക്കാനും പാടില്ല.

4. പ്രായമായ ആളുകളും മറ്റെന്തെങ്കിലും ആരോഗ്യപ്രശ്നമുള്ളവരും ഈ ഡയറ്റ് തുടങ്ങുമ്പോൾ ആദ്യം ഒരു ഗ്ലാസിൽ തുടങ്ങി പതിയെ വെള്ളത്തിന്റെ അളവ് കൂട്ടുന്നതാണ് നല്ലത്.

5. ഒറ്റയടിക്ക് നാല് ഗ്ലാസ് വെള്ളം കുടിക്കരുത്. പകരം ഓരോഗ്ലാസ് വെള്ളം കുടിച്ചതിന് ശേഷവും ഓരോ മിനിറ്റ് ഇടവേള നൽകാം.

6. എല്ലാ ദിവസവും ഒരു മണിക്കൂറെങ്കിലും നടക്കുക

7. രാത്രി ഉറങ്ങാൻ പോകുന്നതിന് മുമ്പ് ഉപ്പുചേർത്ത ചെറുചൂടുവെള്ളം ഗാർഗിൾ ചെയ്യുക

8. ഭക്ഷണം വാരിവലിച്ചു കഴിക്കാതെ സമയമെടുത്ത് നന്നായി ചവച്ചരച്ച് കഴിക്കാം.

Content Highlights:Japanese Water Therapy For Losing Weight