ടിയും തൂക്കവും കൂടിയല്ലോ, അതുകൊണ്ട് വര്‍ക്ക്ഔട്ട് ചെയ്‌തേക്കാം എന്ന് പറഞ്ഞ് വര്‍ക്ക്ഔട്ട് തുടങ്ങുന്നവരാണ് പലരും. എന്നാല്‍ ടാര്‍ഗറ്റ് എത്തിപ്പിടിച്ചാല്‍ അതോടെ തീരും എല്ലാ ആവേശവും. തടി കുറഞ്ഞല്ലോ, ഇനി മതി എന്നൊരു ചിന്ത വന്ന് പതുക്കെ അങ്ങ് നിര്‍ത്തും. പിന്നെ വര്‍ക്ക്ഔട്ട് വീണ്ടും തുടങ്ങണമെങ്കില്‍ വീണ്ടും തടിക്കണം. ഇതാണ് പൊതുവേയുള്ള ഒരു അവസ്ഥ.

എന്നാല്‍ അതല്ല ശരിയായ രീതി. വര്‍ക്ക്ഔട്ടുകള്‍ കുറച്ചുകാലത്തേക്ക് മാത്രമായി ചെയ്യേണ്ട ഒന്നല്ല; ദിവസവും ചെയ്യേണ്ടതാണ്. ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യുന്നത് ഹൃദയപ്രശ്‌നങ്ങള്‍, ടൈപ്പ് 2 പ്രമേഹം, ചിലതരം കാന്‍സറുകള്‍, ഭാരനിയന്ത്രണം തുടങ്ങിയ പലതരം പ്രശ്‌നങ്ങള്‍ തടയാന്‍ സഹായിക്കും. 

വര്‍ക്ക്ഔട്ടുകള്‍ ഇന്‍ഡോറിലും ചെയ്യാം, ഔട്ട്‌ഡോറിലും ചെയ്യാം. രണ്ടിനും അതിന്റേതായ ഗുണങ്ങളുണ്ട്. 

ഔട്ട്‌ഡോര്‍ വര്‍ക്ക്ഔട്ട് ചെയ്യുമ്പോള്‍

ഔട്ട്‌ഡോര്‍ വര്‍ക്ക്ഔട്ടുകള്‍ എപ്പോഴും മൂഡ് ബൂസ്റ്ററുകളാണ്. സൂര്യപ്രകാശം ആവശ്യത്തിന് ലഭിച്ചുകൊണ്ടുള്ള ഔട്ട്‌ഡോര്‍ വര്‍ക്ക്ഔട്ട് ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളെ ഉത്പാദിപ്പിക്കാന്‍ സഹായിക്കും. ശരീരത്തിനും മനസ്സിനും ഉന്‍മേഷവും ഊര്‍ജവും കൂടുന്നതായി അനുഭവപ്പെടും. വിശപ്പ് കുറയും ശരീരവും മനസ്സും പുതുക്കമുള്ളതായി അനുഭവപ്പെടുകയും ചെയ്യും. വര്‍ക്ക്ഔട്ട് മടുപ്പിക്കില്ല എന്നതും ഔട്ട് ഡോര്‍ വര്‍ക്ക്ഔട്ടിന്റെ പ്രത്യേകതകളാണ്. 

ഔട്ട്‌ഡോര്‍ വര്‍ക്ക്ഔട്ട് മൂലമുണ്ടാകുന്ന മറ്റൊരു പ്രധാനപ്പെട്ട ഗുണമാണ് വിറ്റാമിന്‍ ഡിയുടെ ആഗിരണം. കാത്സ്യത്തിന്റെ ആഗിരണത്തെ വിറ്റാമിന്‍ ഡി മെച്ചപ്പെടുത്തും. ശരീരത്തില്‍ ആവശ്യത്തിന് സൂര്യപ്രകാശം കൊള്ളുമ്പോഴാണ് ഇതുണ്ടാവുക. ആവശ്യത്തിന് സൂര്യപ്രകാശം കൊള്ളുന്നത് വഴി വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കപ്പെടുകയും ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുകയും ചെയ്യും. 

ഔട്ട്‌ഡോര്‍ വര്‍ക്ക്ഔട്ടിന്റെ ഭാഗമായുള്ള ഓട്ടം പാര്‍ക്കിലൂടെയോ നല്ല പ്രകൃതി സൗന്ദര്യമുള്ള സ്ഥലങ്ങളിലൂടെയോ ആകുന്നത് മനസ്സിനെയും കൂള്‍ ആക്കും. 

ഔട്ട്‌ഡോര്‍ വര്‍ക്ക്ഔട്ട് ചെയ്യുമ്പോഴുള്ള ഒരു പ്രധാന പ്രശ്‌നം കടുത്ത ചൂട്, മലിനീകരണം, ഉയര്‍ന്ന താപനില എന്നിവയാണ്. അത്തരം പ്രശ്‌നങ്ങള്‍ മറികടക്കാന്‍ പ്രഭാതത്തിലുള്ള ഔട്ട് ഡോര്‍ വര്‍ക്ക്ഔട്ടുകള്‍ സഹായിക്കും. 

ഇന്‍ഡോര്‍ വര്‍ക്ക്ഔട്ട്  

ഫിറ്റ്‌നസ്സ് പ്രോഗ്രാമുകള്‍ ഒരു ഗ്രൂപ്പായി ചെയ്യാന്‍ ഏറെ നല്ലത് ഇന്‍ഡോര്‍ വര്‍ക്ക്ഔട്ട് ആണ്. ഒരു പരിശീലകന്റെ കീഴില്‍ വര്‍ക്ക്ഔട്ട് ചെയ്യാന്‍ ഏറ്റവും അനുയോജ്യം ഇന്‍ഡോര്‍ വര്‍ക്ക്ഔട്ടാണ്. ജിം വര്‍ക്ക്ഔട്ടുകള്‍, യോഗ തുടങ്ങിയവയെല്ലാം ഇന്‍ഡോറില്‍ ചെയ്യുന്നത് കൂടുതല്‍ സൗകര്യപ്രദമായിരിക്കും. 

നിരവധി മെഷീനുകള്‍ ഉപയോഗിച്ച് വര്‍ക്ക്ഔട്ട് ചെയ്യാം എന്നതാണ് ഇന്‍ഡോര്‍ വര്‍ക്ക്ഔട്ടിന്റെ മറ്റൊരു ഗുണം. പല മെഷീനുകളും മാറിമാറി ഉപയോഗിച്ച് സമയം പാലിച്ച് ഇന്‍ഡോറില്‍ വര്‍ക്ക്ഔട്ട് ചെയ്യാം.

പേഴ്‌സണല്‍ ട്രെയ്‌നിങ് ആണ് ഇന്‍ഡോര്‍ വര്‍ക്ക്ഔട്ടിന്റെ മറ്റൊരു സൗകര്യം. ഓരോരുത്തര്‍ക്കും വേണ്ട വര്‍ക്ക്ഔട്ടുകള്‍ വ്യത്യസ്തമായിരിക്കും. ഇതിന് അനുസരിച്ചായിരിക്കും പേഴ്‌സണല്‍ ട്രെയ്‌നര്‍ ഓരോ വ്യക്തികള്‍ക്കും ജിമ്മില്‍ പരിശീലനം നല്‍കുക. ഇത് ശാസ്ത്രീയമായി ഫിറ്റ്‌നസ്സ് നിലനിര്‍ത്താനും അവരവര്‍ക്ക് അനുയോജ്യമായ വര്‍ക്ക്ഔട്ടുകള്‍ പ്ലാന്‍ ചെയ്യാനും സഹായിക്കും. 

മലിനീകരണ പ്രശ്‌നങ്ങള്‍, മറ്റ് ബുദ്ധിമുട്ടുകള്‍ എന്നിവ ഇന്‍ഡോര്‍ വര്‍ക്ക്ഔട്ട് ചെയ്യുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയില്ല. 

ഇന്‍ഡോര്‍ ആയാലും ഔട്ട്‌ഡോര്‍ ആയാലും വര്‍ക്ക്ഔട്ട് മുടക്കരുത്. അത് ജീവിതത്തിന്റെ ഭാഗമാക്കണം. ദിവസവും അരമണിക്കൂറെങ്കിലും വ്യായാമത്തിനായി മാറ്റിവയ്ക്കണം. അതുവഴി ശരീരത്തിനും മനസ്സിനും ഒരുപോലെ ഊര്‍ജസ്വലത നേടാനാവും. 

Content Highlights: Indoor vs outdoor workout: Know which works better for you, Health, Fitness, Wellness