മികച്ച വ്യായാമങ്ങളില്‍ ഒന്നാണ് നടത്തം. അമിതഭാരം കുറയ്ക്കാനും ആകൃതിയൊത്ത ശരീരത്തിനും ശാരീരികക്ഷമതയ്ക്കും നടത്തം നല്ലതാണ്. എന്നാല്‍ പൊടി, പുക, വെയില്‍ തുടങ്ങി പല പ്രശ്‌നങ്ങളും പുറത്ത് നടക്കാനിറങ്ങുന്നതില്‍ നിന്ന് പലരെയും അകറ്റുന്നു. ഇതിന് പരിഹാരമാണ് ട്രെഡ്മില്ലുകള്‍.
മുന്‍പ് ഫിറ്റ്‌നസ്സ് സെന്ററുകളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ട്രെഡ്മില്ലുകള്‍ ഇന്ന് പല വീടുകളിലും സ്ഥാനം പിടിച്ചുകഴിഞ്ഞു.
എന്നാല്‍ ചിലര്‍ക്ക് ട്രെഡ്മില്‍ ഉപയോഗിക്കാന്‍ അല്പം പേടിയുണ്ട്. വീഴുമോ എന്നും മുട്ടുവേദന ഉണ്ടാകുമോ എന്നുമുള്ള പേടിയാണ് ഇതിന് കാരണം. എന്നാല്‍, ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ട്രെഡ്മില്ലിന്റെ ഗുണങ്ങള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്താം.
ഏതുതരം ട്രെഡ്മില്‍
- വലിയ ട്രെഡ്മില്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ചെറിയത് വേണ്ട.
- ട്രെഡ്മില്ലിന്റെ ബെല്‍റ്റിന് (നടക്കാന്‍ ഉപയോഗിക്കുന്ന റോള്‍ ചെയ്യുന്ന പ്രതലം) ചുരുങ്ങിയത് 50 ഇഞ്ച് നീളമെങ്കിലും ഉണ്ടായിരിക്കണം. അതാണ് സുരക്ഷിതം.
നടക്കുമ്പോള്‍
- ട്രെഡ്മില്ലില്‍ നടക്കുന്നതിന് മുന്‍പും ശേഷവും കുറച്ചു വെള്ളം കുടിക്കാം.
- ട്രെഡ്മില്ലിന്റെ മധ്യഭാഗത്തായിരിക്കണം നടക്കേണ്ടത്. നടക്കുമ്പോള്‍ മുന്നിലും പിന്നിലും ആവശ്യത്തിന് സ്ഥലം ഉണ്ടാകുന്ന തരത്തില്‍ വേണം നടക്കാന്‍. വളരെ മുന്നോട്ട് കയറിയും വളരെ പിന്നിലേക്ക് ഇറങ്ങിയും നടക്കരുത്.
- ആദ്യമായി ട്രെഡ്മില്‍ ഉപയോഗിക്കുന്നവര്‍ വീഴുമെന്ന് പേടിയുണ്ടെങ്കില്‍ ട്രെഡ്മില്ലിന്റെ ഹാന്‍ഡ്ബാറില്‍ പിടിച്ചുകൊണ്ട് നടക്കുന്നതാണ് നല്ലത്. ഒന്നു പരിചയമായിക്കഴിഞ്ഞാല്‍ ഹാന്‍ഡ്ബാറിലെ പിടിത്തം വിട്ട് കൈകള്‍ നന്നായി വീശി നടക്കാം.
- തുടക്കത്തില്‍ ചെറിയ വേഗതയില്‍ നടന്നുതുടങ്ങിയാല്‍ മതി. പതുക്കെ വേഗത കൂട്ടാം. സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ തന്നെ ഉയര്‍ന്ന വേഗം സെറ്റ് ചെയ്യരുത്.
- നടക്കുമ്പോള്‍ തല നിവര്‍ത്തിപ്പിടിച്ച് നേരെ നോക്കി നടക്കണം. നടുവും തലയും കുനിച്ച് നടക്കുന്നത് ആരോഗ്യകരമല്ല.
- വീട്ടിലാണെങ്കില്‍ ഒരു മാറ്റ് വിരിച്ച് അതിന് മുകളില്‍ വേണം ട്രെഡ്മില്‍ സെറ്റ് ചെയ്യാന്‍. വെറുംനിലത്ത് ട്രെഡ്മില്‍ വെച്ചാല്‍ നടക്കുന്നതിനിടെ മെഷീന്‍ നിരങ്ങിപ്പോകാന്‍ സാധ്യതയുണ്ട്.
- ദിവസവും 15-20 മിനിറ്റ് നേരം ട്രെഡ്മില്ലില്‍ നടന്നാല്‍ മതി.
- ട്രെഡ്മില്ലില്‍ ഓടുമ്പോള്‍ സ്വന്തം ശാരീരികക്ഷമത മനസ്സിലാക്കി സുരക്ഷിതമായ വേഗത്തില്‍ മാത്രം മെഷീന്‍ സെറ്റ് ചെയ്യുക. സാധിക്കാത്ത അത്രയും വേഗത്തില്‍ മെഷീന്‍ സെറ്റ് ചെയ്ത് ഓടുമ്പോള്‍ പെട്ടെന്ന് കിതച്ച് തളര്‍ന്ന് വീഴാന്‍ സാധ്യതയുണ്ട്.
- ട്രെഡ്മില്ലില്‍ നടക്കുന്നതിനിടെ ഫോണ്‍ റിങ് ചെയ്യുകയോ മറ്റോ ചെയ്താല്‍ മെഷീന്‍ ഓഫ് ചെയ്ത ശേഷം മാത്രം ഫോണ്‍ എടുത്താല്‍ മതി. നടക്കുന്നതിനിടയില്‍ ഫോണ്‍ ഉപയോഗിക്കുന്നത് ശ്രദ്ധ തെറ്റാനും ട്രെഡ്മില്ലില്‍ നിന്ന് വീഴാനും ഇടയാക്കും.
- ഓഫ് ചെയ്യാതെ ട്രെഡ്മില്ലില്‍ നിന്ന് ചാടിയിറങ്ങരുത്. ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ നിന്ന് ചാടിയിറങ്ങുമ്പോള്‍ ഉണ്ടാകുന്ന അപകടസാധ്യത ഈ സമയത്തുണ്ടാകും.
- ട്രെഡ്മില്ലില്‍ നടത്തം അവസാനിപ്പിക്കുമ്പോള്‍ വേഗത കുറച്ച് കൊണ്ടുവന്ന ശേഷം മാത്രം ഓഫാക്കുക. ഭൂരിഭാഗം മെഷീനുകളിലും സ്റ്റോപ്പ് ബട്ടണ്‍ പ്രസ് ചെയ്താല്‍ വേഗത കുറഞ്ഞ് കുറഞ്ഞ വന്ന ശേഷം പതുക്കെ മാത്രമേ ഓഫാകൂ. അത് സുരക്ഷിതമാണ്.
- രോഗികള്‍ ശ്രദ്ധിക്കണ്ടത്
- രോഗങ്ങള്‍ ഉള്ളവര്‍ ട്രെഡ്മില്ലില്‍ ഓടുന്നത് ഒഴിവാക്കുക. ഓടുമ്പോള്‍ പെട്ടെന്ന് ക്ഷീണം വരാനും വീഴാനും സാധ്യതയുണ്ട്.
- പ്രമേഹം, രക്തസമ്മര്‍ദ വ്യതിയാനങ്ങള്‍, മുട്ടുവേദനയുള്ളവര്‍ തുടങ്ങിയ പല രോഗങ്ങള്‍ ഉള്ളവരും പ്രായമുള്ളവരും ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ട്രെഡ്മില്ലില്‍ നടന്നാല്‍ മതി.
- രോഗങ്ങള്‍ ഉള്ളവരും, പ്രായമായവരും ട്രെഡ്മില്ലിലെ ഇന്‍ക്ലൈന്‍ ഒപ്ഷന്‍ (കയറ്റം കയറുന്ന പോലെ നടക്കാന്‍ സെറ്റ് ചെയ്യുന്ന ഒപ്ഷന്‍) ഉപയോഗിക്കരുത്. ഇന്‍ക്ലൈന്‍ മോഡില്‍ നടന്നാല്‍ കയറ്റം കയറുമ്പോള്‍ ഉണ്ടാകുന്ന അതേ ഫലം തന്നെയാണ് ഉണ്ടാവുക. ഇത് ചിലരില്‍ മുട്ടുവേദനയ്ക്ക് കാരണമാകാറുണ്ട്. അതിനാല്‍ ഒരേ നിലയില്‍ നടക്കുന്ന നോര്‍മല്‍ മോഡ് സെറ്റ് ചെയ്യുന്നതാണ് നല്ലത്.
വിവരങ്ങള്‍ക്ക് കടപ്പാട്:
നയന രാഗേഷ്
ഫിറ്റ്‌നസ്സ് ട്രെയ്‌നര്‍
ബട്ടര്‍ഫ്‌ളൈസ് ലേഡീസ് ഫിറ്റ്‌നസ്സ് സെന്റര്‍
കോഴിക്കോട്