ശാരീരികമായി ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിനും അമിതവണ്ണം കുറയ്ക്കുന്നതിനുമുള്ള മാര്‍ഗങ്ങളിലൊന്നാണ് ജിമ്മിലെ വര്‍ക്ക്ഔട്ട്. എന്നാല്‍ വര്‍ക്ക്ഔട്ടുകള്‍ക്ക് ശേഷവും വ്യക്തിശുചിത്വത്തില്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് രോഗാണുക്കളെയും രോഗങ്ങളെയും അകറ്റാന്‍ സഹായിക്കും.
വര്‍ക്ക്ഔട്ട് ഡ്രസ്സ് ഉപയോഗിച്ച് വിയര്‍പ്പ് തുടയ്ക്കരുത്
പലപ്പോഴും ജിമ്മില്‍ വര്‍ക്ക്ഔട്ടിനിടെ പലരും ചെയ്യുന്നതാണ് വര്‍ക്ക്ഔട്ട് ഡ്രസ്സിന്റെ ഒരു ഭാഗം ഉപയോഗിച്ച് വിയര്‍പ്പ് തുടയ്ക്കുന്നത്. ഇത് ചെയ്യരുത്. പകരം നനവില്ലാത്ത ഒരു ടവല്‍ ഉപയോഗിച്ച് മുഖം തുടയ്ക്കാം. ഇതുവഴി വര്‍ക്ക്ഔട്ട് ഡ്രസ്സില്‍ നിന്നും വായിലേക്കും മൂക്കിലേക്കും കണ്ണിലേക്കുമൊക്കെ രോഗാണുക്കള്‍ കടക്കുന്നത് തടയാനാകും. അതിനാല്‍ വര്‍ക്ക്ഔട്ടിന് പോകുമ്പോള്‍ വൃത്തിയുള്ള ഒരു ടവല്‍ കൊണ്ടുപോകാന്‍ മറക്കരുത്.
വര്‍ക്ക്ഔട്ടിന് മുന്‍പും ശേഷവും വ്യായാമ ഉപകരണം തുടച്ചു വൃത്തിയാക്കണം
വീട്ടിലോ ജിമ്മിലോ ആയിക്കോട്ടെ, നമ്മുടെ ഉപയോഗത്തിന് മുന്‍പും ശേഷവും ഉപകരണം തുടച്ചുവൃത്തിയാക്കണം. പലപ്പോഴും ഒരാളില്‍ നിന്നും പടരുന്ന രോഗാണുക്കള്‍ ഈ വ്യയാമ ഉപകരണങ്ങളില്‍ മേല്‍ ഉണ്ടാകാന്‍ ഇടയുണ്ട്. ഒരു സാനിറ്റൈസര്‍ സ്‌പ്രേയോ അല്ലെങ്കില്‍ ഒരു ആന്റിബാക്ടീരിയല്‍ വൈപ്പ്‌സോ ഉപയോഗിച്ച് നമ്മുടെ ഉപയോഗത്തിന് മുന്‍പും ശേഷവും ഉപകരണം തുടച്ചു വൃത്തിയാക്കാന്‍ മറക്കേണ്ട.
സ്വന്തം വസ്തുക്കള്‍ മറ്റാരുമായും പങ്കുവയ്ക്കരുത്
ജിമ്മില്‍ ഓരോരുത്തരുടെയും സ്വന്തമായ ടവലുകള്‍, ഇയര്‍ഫോണുകള്‍, ബോട്ടിലുകള്‍ തുടങ്ങിയവയൊന്നും പങ്കുവയ്ക്കരുത്. സ്വന്തം ആവശ്യത്തിന് ഉള്ളവ എല്ലാവരും കൈവശം സൂക്ഷിക്കണം. അല്ലെങ്കില്‍ ഇവ വഴി ബാക്ടീരിയ, യീസ്റ്റ്, ഫംഗസ് എന്നിവ മറ്റൊരാളിലേക്ക് പകരാനിടയുണ്ട്.
നന്നായി കൈ കഴുകുക
കൈകള്‍ നന്നായി കഴുകാതിരിക്കുന്നത് ബാക്ടീരിയകളും മറ്റ് രോഗാണുക്കളും അടിഞ്ഞുകൂടി രോഗസാധ്യത വര്‍ധിപ്പിക്കാന്‍ ഇടയാക്കുന്നു. 20 സെക്കന്‍ഡ് സമയമെടുത്ത് കൈകള്‍ വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം. ഇനി കൈകഴുകാന്‍ വെള്ളവും സോപ്പും ഒന്നും ലഭ്യമല്ലെങ്കില്‍ നല്ലൊരു സാനിറ്റൈസര്‍ ഉപയോഗിക്കാം.
Content Highlights: Four basic hygiene rules everyone must follow before and after the gym workout, Health, Fitness