ദിവസവും വ്യായാമം ചെയ്യുന്നവര്‍ പലപ്പോഴും വാംഅപ് എക്സര്‍സൈസുകള്‍ ഒഴിവാക്കുന്നത് കാണാം. വലിയ പ്രാധാന്യം ഇല്ലാത്തതാണെന്ന തോന്നലിലാണ് പലരും വാംഅപ് എക്സര്‍സൈസുകള്‍ ഒഴിവാക്കുന്നത്. എന്നാല്‍ അങ്ങനെ ഒഴിവാക്കേണ്ട ഒന്നല്ല വാംഅപ് എക്സര്‍സൈസുകള്‍. വ്യായാമത്തിന്റെ പ്രാഥമിക പാഠമാണ് വാംഅപ് വ്യായാമങ്ങള്‍. പ്രധാനപ്പെട്ട വ്യായാമങ്ങള്‍ ചെയ്യുന്നതിന് മുന്നോടിയായി പേശികളെ ഒരുക്കാനാണ് വാംഅപ് വ്യായാമങ്ങള്‍ ചെയ്യുന്നത്.
വിശ്രമാവസ്ഥയില്‍ നിന്നും ശരീരത്തെ പതുക്കെ ഉണര്‍ത്തിയെടുത്ത് പ്രധാന വ്യായാമങ്ങള്‍ക്ക് വേണ്ടി സജ്ജമാക്കുകയാണ് ഇതുവഴി ചെയ്യുന്നത്. ഹൃദയസ്പന്ദന നിരക്ക്, ശ്വാസോച്ഛ്വാസ നിരക്ക്, ശരീരതാപനില എന്നിവ പതുക്കെ വര്‍ധിപ്പിച്ച് വ്യായാമത്തിനായി ശരീരത്തെ പൂര്ണസജ്ജമാക്കുകയാണ് വാംഅപ് വഴി ചെയ്യുന്നത്.
ഗുണങ്ങള്‍
വാംഅപ്പിന് നിരവധി ഗുണങ്ങളുണ്ട്.
- ശരീരത്തിന് പരിക്കുകള്‍ ഏല്ക്കാതെ തടയാനാകുന്നു.
- സന്ധികള്‍ക്ക് ആരോഗ്യകരമായ ചലനം ലഭിക്കുന്നു.
- പേശികളുടെ പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുന്നു.
- പേശികളിലേക്കുള്ള ഓക്സിജന്‍ വിതരണവും രക്തപ്രവാഹവും വര്‍ധിപ്പിക്കുന്നു.
- വ്യായാമം ചെയ്ത ശേഷം പേശികള്‍ക്ക് ഉണ്ടാകാനിടയുള്ള വേദന കുറയ്ക്കുന്നു.
വാംഅപ് എത്രസമയം വേണം?
വാംഅപ് വ്യായാമങ്ങള്‍ ദീര്‍ഘനേരം ചെയ്യേണ്ടതില്ല. പൊതുവെ അഞ്ച് മുതല്‍ പത്ത് മിനിറ്റ് സമയം മതി. ഇതിന് ശേഷം ശരിക്കുമുള്ള വര്‍ക്ക്ഔട്ടുകള്‍ തുടങ്ങാം.
ഏതുതരത്തിലുള്ള വ്യായാമം വേണം?
തീവ്രത കുറഞ്ഞ ചെറിയ വ്യായാമങ്ങളാണ് നല്ലത്. പതുക്കെയുള്ള നടത്തം, പതുക്കെയുള്ള ജോഗിങ്, സൈക്ലിങ് തുടങ്ങിയവ. പേശികള്‍ക്ക് കായികക്ഷമത നല്കുന്ന ഷോള്‍ഡര്‍ സര്‍ക്കിള്‍സ്, നെക്ക് റൊട്ടേഷന്‍ എന്നിവയും ചെയ്യാം.
Content Highlights: Fitness Tips, Is it mandatory to warm up before exercising, Health, Fitness