ദ്യമായി ജിമ്മില്‍ പോകുന്നവര്‍ക്ക് ആശങ്കയുണ്ടാകും എന്തൊക്കെ വര്‍ക്ക്ഔട്ടുകളാണ് ആദ്യം ചെയ്യേണ്ടത് എന്ന്. വളരെ എളുപ്പത്തില്‍ ശീലിക്കാവുന്ന അഞ്ച് വര്‍ക്ക്ഔട്ടുകളാണ് ഇവ. ഈ വര്‍ക്ക്ഔട്ടുകള്‍ ഒന്ന് പരീക്ഷിച്ചു നോക്കൂ. 

സ്‌ക്വാട്ട്‌സ്

കാലുകള്‍ അല്പം അകത്തിക്കൊണ്ട് നേരെ നിവര്‍ന്ന് നില്‍ക്കുക. ഇരു കൈകളും മുന്നിലേക്ക് നീട്ടിപ്പിടിക്കുക. ഇനി പതുക്കെ മുട്ട് വളച്ച് ഒരു സാങ്കല്പിക കസേരയില്‍ ഇരിക്കുക. ഉടന്‍ തന്നെ ആ പൊസിഷനില്‍ ഇരുന്ന ശേഷം പഴയ പൊസിഷനിലേക്കെത്തുക. ഇത് തുടര്‍ച്ചയായി 16 എണ്ണം ചെയ്യണം. 

ലഞ്ചസ്

ഇരു കൈകളിലും ഓരോ ഡംബെല്ലുകള്‍ എടുക്കുക. കാലുകള്‍ അല്പം അകത്തി നിവര്‍ന്നു നില്‍ക്കുക. ഡംബെല്ലുകള്‍ ഇല്ലെങ്കില്‍ ഓരോ ലിറ്റര്‍ വെള്ളം നിറച്ച രണ്ട് ബോട്ടിലുകള്‍ പകരം ഉപയോഗിക്കാം. ഇനി വലതുകാല്‍ മുന്നോട്ടും ഇടതുകാല്‍ പിന്നോട്ടും നീട്ടി തറയ്ക്ക് സമാന്തരമാക്കി അരക്കെട്ട് അല്പം താഴ്ത്തുക. മുട്ടുകള്‍ തറയില്‍ മുട്ടിക്കരുത്. ഇനി വലതുകാലിന് പകരം ഇടതുകാല്‍ മുന്നിലേക്ക് വെച്ച് ഇതുപോലെ തന്നെ ചെയ്യുക. ഇത് തുടര്‍ച്ചയായി 16 എണ്ണം ചെയ്യണം.

ബെന്റ് ഓവര്‍ റോ

ഈ വര്‍ക്ക്ഔട്ട് ചെയ്യാനും കൈകളില്‍ ഡംബെല്‍ എടുക്കണം. കാലുകള്‍ അല്പം അകത്തിവെച്ച് നിവര്‍ന്ന് നില്‍ക്കുക. ഇനി, കൈകള്‍ പതുക്കെ മുന്നോട്ട് നീട്ടി അരക്കെട്ട് താഴ്ത്തി മുന്നോട്ട് നോക്കുക. ഇനി ഇതേ പൊസിഷനില്‍ നിന്നുകൊണ്ട് ഇരുകൈകളും വയറിന്റെ ഇരുവശങ്ങളിലേക്കുമായി അടുപ്പിക്കുക(വഞ്ചി തുഴയുന്ന പോലെ). ഇത് തുടര്‍ച്ചയായി 16 തവണ ചെയ്യുക. 

ഓവര്‍ഹെഡ് പ്രസ്

കൈകളില്‍ ഡംബെല്‍ എടുത്തുകൊണ്ട്  കാല്‍ അല്പം അകത്തിവെച്ച് നിവര്‍ന്ന് നില്‍ക്കുക. കൈകള്‍ ഉയര്‍ത്തി തലയ്ക്ക് മുകളേക്ക് കൊണ്ടുപോവുക. തിരിച്ച് തോള്‍ വരെ താഴ്ത്തി വീണ്ടും തലയ്ക്ക് മുകളിലേക്ക് കൊണ്ടുപോവുക. ഇത് തുടര്‍ച്ചയായി 16 തവണ ചെയ്യുക. 

ചെസ്റ്റ് പ്രസ്

കൈകളില്‍ ഡംബെല്‍ എടുക്കുക. മുട്ടുകള്‍ വളച്ച് കാലുകള്‍ അല്പം അകത്തി നിലത്ത് ഉറപ്പിച്ച് യോഗാമാറ്റില്‍ മലര്‍ന്ന് കിടക്കുക. ഇനി ഡംബെല്‍ ഉള്ള കൈകള്‍ മുകളിലേക്ക് ഉയര്‍ത്തുകയും നെഞ്ചിന്റെ നിലവരെ താഴ്ത്തുകയും ചെയ്യുക. ഇത് തുടര്‍ച്ചയായി 16 തവണ ചെയ്യുക. 

Content Highlights: 5 exercises for every gym newbie, Health, Fitness