കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചതോടെ മാസ്‌ക് ധരിച്ചുകൊണ്ട് വ്യായാമം ചെയ്യുന്നതിനെക്കുറിച്ച് ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. മാസ്‌ക് ധരിച്ചു് വ്യായാമം ചെയ്യുമ്പോള്‍ ശരീര ഊഷ്മാവ് വര്‍ധിക്കുമെന്നും ഹൃദയമിടിപ്പിന്റെ നിരക്കില്‍ വ്യത്യാസം വരുമെന്നും ചില സന്ദേശങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. എന്നാല്‍, മാസ്‌ക് ധരിച്ച് വ്യായാമം ചെയ്താല്‍ ശരീര ഊഷ്മാവ് വര്‍ധിക്കില്ലെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. മാത്രമല്ല, ഹൃദയമിടിപ്പ് നിരക്കിലും മാറ്റമൊന്നും വരുത്തില്ലെന്ന് യു.എസിലെ യൂണിവേഴ്‌സിറ്റി ഓഫ് കണക്ടികട്ട് നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. 

നാലു തരത്തിലുള്ള മാസ്‌കുകളാണ് ഗവേഷകസംഘം പഠനവിധേയമാക്കിയത്. സര്‍ജിക്കല്‍ മാസ്‌ക്, എന്‍ 95, കഴുത്തും മൂക്കും വായും മൂടുന്ന ഗെയ്റ്റര്‍, സ്‌പോട് മാസ്‌ക് എന്നിവയിലാണ് സംഘം ഗവേഷണം നടത്തിയത്. മാസ്‌ക് ധരിക്കാതെ വ്യായാമം ചെയ്യുമ്പോഴുള്ളതിനേക്കാള്‍ ഇവ നാലും ശരീര ഊഷ്മാവിലോ ഹൃദയമിടിപ്പിലോ മാറ്റമൊന്നും വരുത്തുന്നില്ലെന്ന് അവര്‍ കണ്ടെത്തി. സ്‌പോര്‍ട്‌സ് ഹെല്‍ത്ത് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
 
90 ഫാരന്‍ഹീറ്റ് അന്തരീക്ഷ ഊഷ്മാവില്‍ 60 മിനിറ്റ് ലഘുവായതും മിതമായതുമായ വ്യായാമമാണ് പഠനത്തില്‍ പങ്കെടുത്തവര്‍ ചെയ്തത്. 
മാസ്‌കിനു അകത്തും പുറത്തുമുള്ള ഈര്‍പ്പവും ഊഷ്മാവും ഗവേഷകസംഘം രേഖപ്പെടുത്തി. 

അതേസമയം, മാസ്‌ക് ധരിച്ചു കൊണ്ട് വ്യായാമം ചെയ്യുമ്പോള്‍ ചെറിയതോതിലുള്ള ശ്വാസതടസ്സമുണ്ടാകുന്നതായി പഠനത്തില്‍ കണ്ടെത്തി. മാസ്‌കിനുള്ളിലെ ഈര്‍പ്പത്തിന്റെയും ഊഷ്മാവിന്റെയും നിലയിലുള്ള മാറ്റമാണ് ഇതിനുകാരണം.

Content highlights: face masks do not significantly increase your body temperature during exercises says study