ഴ്ചയില്‍ 150 മിനിറ്റെങ്കിലും വ്യായാമം ചെയ്യുന്നത് കോവിഡ് ഗുരുതരമാവാതിരിക്കാന്‍ സഹായിക്കുമെന്ന് പഠനം. വ്യായാമം ചെയ്യുമ്പോള്‍ നിരവധി ഗുണങ്ങളാണ് ശരീരത്തിന് ലഭിക്കുന്നത്. വ്യായാമം ചെയ്യുമ്പോള്‍ അവയവങ്ങള്‍ക്ക് കരുത്തും പേശികള്‍ക്ക് വഴക്കവും ശരീരത്തിന് ഊര്‍ജസ്വലതയും ലഭിക്കുമെന്നും ഇത് രോഗത്തെ തടയുമെന്നും ഹാര്‍വാര്‍ഡ് ഹെല്‍ത്ത് പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. 

ബ്രിട്ടീഷ് ജേണല്‍ ഓഫ് സ്‌പോര്‍ട്‌സ് മെഡിസിന്‍ 48440 ആളുകളില്‍ നടത്തിയ പഠനമാണ് വിശകലനം ചെയ്തത്. ശാരീരിക അധ്വാനം കുറയുന്നത് കോവിഡ് 19 ഗുരുതരമാകാനുള്ള സാധ്യത വര്‍ധിപ്പിക്കും. ദിവസവും വ്യായാമം ചെയ്യുന്നവരില്‍ കോവിഡ് 19 ഗുരുതരമാവാതെ പ്രതിരോധിക്കപ്പെടുമെന്നും പഠനത്തില്‍ പറയുന്നു. 

യു.എസില്‍ കോവിഡ് പോസിറ്റീവായ 48000 ആളുകളില്‍ നടത്തിയ പഠനവും ഈ പഠനത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. 

ശാരീരികാധ്വാനത്തിലെ കുറവ് മൂലം അമിതഭാരം, പ്രമേഹം, ഹൃദ്രോഗങ്ങള്‍ തുടങ്ങിയ രോഗാവസ്ഥകള്‍ക്ക് വഴിയൊരുക്കാം. ഈ പ്രശ്‌നങ്ങള്‍ കോവിഡ് ഗുരുതരമാവാനും മരണത്തിലേക്കും വഴിയൊരുക്കാം. 

പഠനത്തില്‍ പങ്കെടുത്തവരെ ശാരീരികാധ്വാനത്തിന്റെ അടിസ്ഥാനത്തില്‍ മൂന്ന് ഗ്രൂപ്പുകളായാണ് തരംതിരിച്ചത്. ആഴ്ചയില്‍ 150 മിനിറ്റെങ്കിലും വ്യായാമം ചെയ്യുന്നവര്‍, ആഴ്ചയില്‍ 10 മിനിറ്റ് വ്യായാമം ചെയ്യുന്നവര്‍, ആഴ്ചയില്‍ 11 മിനിറ്റ് മുതല്‍ 149 മിനിറ്റ് വരെ വ്യായാമം ചെയ്യുന്നവര്‍ എന്നിങ്ങനെയാണ് തരംതിരിച്ചത്. 

പ്രായം, ലിംഗം, വംശം, ജീവിതശൈലി, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, വൃക്ക രോഗങ്ങള്‍ എന്നീ കാര്യങ്ങളും പരിഗണിച്ചിരുന്നു. 

കോവിഡ് ഉണ്ടായാലും ഇല്ലെങ്കിലും വ്യായാമം മുടക്കരുത്. വ്യായാമം കൃത്യമായി ചെയ്യുന്നത് ദീര്‍ഘായുസ്സിന് സഹായിക്കും. നന്നായി വ്യായാമം ചെയ്യുക, വാക്‌സിന്‍ എടുക്കുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നിവ വഴി കോവിഡില്‍ നിന്നും പ്രതിരോധം നേടാം. സ്ഥിരമായി വ്യായാമം ചെയ്യുന്നത് ഭാവിയില്‍ ഡിമെന്‍ഷ്യ ബാധിക്കാനുള്ള സാധ്യത 30 ശതമാനത്തോളം കുറയുമെന്ന് മറ്റൊരു പഠനത്തിലും വ്യക്തമാക്കിയിട്ടുണ്ട്. 

Content Highlights: Exercising more than 150 minutes/week inked to lower chance of Covid19 infection, Health, Covid19