ര്‍ത്തകരെ കണ്ടിട്ടില്ലേ, എത്ര പ്രായമായാലും ജരാനരകള്‍ അവരുടെ ശരീരത്തെ ബാധിക്കാത്തതായി തോന്നാറില്ലേ.? എന്നും ആരോഗ്യവും ഊര്‍ജസ്വലതയും നിറഞ്ഞതായിരിക്കും അവരുടെ ജീവിതം. ഏത് പ്രായത്തിലും ശരീരത്തിന്റെ ആകൃതിയും അവര്‍ നന്നായി നിലനിര്‍ത്തുന്നു. ഇത് നിങ്ങള്‍ക്കും നേടാം, വിരസമായ വ്യായാമ രീതികള്‍ക്ക് വിടപറയാം. പകരം ഡാന്‍സ് ചെയ്ത് ഫിറ്റ്നെസ് നേടാം.

'എയ്റോബിക് ഡാന്‍സ്' ആയിരുന്നു കേരളത്തില്‍ ഒരുകാലത്ത് പ്രചാരത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍, അത് ഇപ്പോള്‍ 'സുംബ'യിലേക്കും 'സല്‍സ'യിലേക്കും എല്ലാം വഴിമാറിയിരിക്കുന്നു. ഇന്ന് ഒട്ടേറെ ഫിറ്റ്നെസ് ഡാന്‍സ് സെന്ററുകള്‍ കേരളത്തിലെ ചെറു പട്ടണങ്ങളില്‍പ്പോലും പ്രാചാരത്തിലുണ്ട്, ജിമ്മില്‍ പോകുന്ന വിരസതയോ ക്ഷീണമോ സുംബ പഠിക്കാന്‍ പോകാന്‍ ആര്‍ക്കും ഉണ്ടാവില്ല എന്നതാണ് വസ്തുത.

മലയാളിയും സുംബയും

നിരവധി ഡാന്‍സ് മ്യൂസിക്കുകള്‍ ഇന്ന് മലയാളികള്‍ വ്യായാമത്തിനായി ഉപയോഗിക്കുന്നു. ഇവ പരിശീലിപ്പിക്കുന്ന സെന്ററുകളുടെ ബാഹുല്യം മലയാളികളുടെ ഫിറ്റ്നെസ് വിചാരത്തെ എടുത്തറിയിക്കുന്നു. അമിതഭാരം കുറയ്ക്കാന്‍ ഡാന്‍സ് വ്യായാമം ആക്കുന്നത് ശരീരത്തിലെ ഹോര്‍മോണ്‍ നില ബാലന്‍സ് ചെയ്ത് എപ്പോഴും ഒരു സന്തോഷാവസ്ഥയില്‍ മനസ്സിനേയും ശരീരത്തെയും നിലനിര്‍ത്തുന്നു.

സുംബയെ അറിയാം

ഫിറ്റ്നെസ് ഡാന്‍സുകളില്‍ ഏറ്റവും ജനപ്രിയം ലാറ്റിന്‍ വേരുകളുള്ള 'സുംബ'യ്ക്കാണ്. 'സല്‍സ', 'ഹിപ് ഹോപ്', 'ടാംഗോ', 'സോക്ക' എന്നിങ്ങനെ വിവിധ നൃത്തരൂപങ്ങളുടെ മിശ്രിതമാണ് സുംബ. വളരെ വേഗത്തിലുള്ള ചുവടുകളാണ് സുംബയുടെ പ്രത്യേകത. പക്ഷേ, ക്ഷീണമോ തളര്‍ച്ചയോ ഉണ്ടാവില്ല എന്നതും സുംബയെ വേറിട്ടുനിര്‍ത്തുന്നു. മലയാളികള്‍ക്കിടയില്‍ അമിത വണ്ണവും ജീവിത ശൈലീ രോഗങ്ങളും വ്യാപകമായ ഇക്കാലത്ത്, പലരും വ്യായാമം ഒക്കെ തുടങ്ങുമെങ്കിലും അത് ബോര്‍ അടിച്ച് പാതിവഴിയില്‍ ഉപേക്ഷിക്കുകയാണ് പതിവ്. പക്ഷേ നൃത്തത്തില്‍ വിരസതയ്ക്ക് സ്ഥാനമില്ലാത്തതുകൊണ്ട് സുംബ വ്യായാമങ്ങള്‍ രസകരമായിത്തന്നെ, അത് ചെയ്യുന്നവര്‍ മുന്നോട്ട് കൊണ്ടുപോകുന്നു.

ഇതിന് ഉപകരണങ്ങളോ ഒരുപാട് സ്ഥലമോ ആവശ്യമില്ല, മൊബൈല്‍ ഫോണില്‍ ചടുലമായ 'സുംബാ ഗാനങ്ങള്‍' ഇട്ട്, താളത്തിനൊത്ത് ആര്‍ക്കും നൃത്തം ചവിട്ടാം. എന്നാലും സുംബ സര്‍ട്ടിഫൈഡ് ആയിട്ടുള്ള ഒരു പരിശീലന കേന്ദ്രത്തില്‍ നിന്ന് നേരിട്ട് പഠിക്കുന്നതു തന്നെയാണ് എപ്പോഴും നല്ലത്.

ശരീരത്തില്‍ നിന്ന് 30 മിനിറ്റ് കൊണ്ട് 250 കലോറി വരെ എരിച്ചുകളയാന്‍ സുംബ ഡാന്‍സ് കൊണ്ട് സാധിക്കുന്നു. ഹൃദയത്തിന്റെ ആരോഗ്യവും നല്ല രീതിയില്‍ സംരക്ഷിക്കാന്‍ വളരെ മികച്ചതാണിത്.

മുട്ടുവേദന ഉള്ളവര്‍, ഒരു ഡോക്ടറുടെ ഉപദേശം തേടിയതിനു ശേഷമേ ഏത് നൃത്തരൂപവും അഭ്യസിക്കാവൂ. മുട്ടുവേദനയുള്ളവര്‍ക്ക് വെള്ളത്തിനടിയില്‍ വച്ച് അഭ്യസിക്കാവുന്ന 'അക്വാ സുംബ' മികച്ചതാണ്. അത് കാലുകള്‍ക്ക് ഒട്ടുംതന്നെ ആയാസം ഉണ്ടാക്കുന്നില്ല.

ശരീരത്തില്‍ നിന്ന് കലോറി നഷ്ടപ്പെടുത്തുന്നതിനും പൊണ്ണത്തടി കുറയ്ക്കുന്നതിനും മികച്ചതാണ് 'ബോളിവുഡ് ഡാന്‍സ്'. ഒരുപക്ഷേ, യാതൊരു അഭ്യാസവും കൂടാതെ താളബോധമുള്ള ആര്‍ക്കും നൃത്തം ഒരു വ്യായാമമായി സ്വീകരിക്കാവുന്നതാണ്. വയര്‍ കുറയ്ക്കാനും ശരീരത്തിന്റെ ആകൃതി നിലനിര്‍ത്താനും സഹായിക്കുന്ന മറ്റൊരു നൃത്തരൂപമാണ് 'ബെല്ലി ഡാന്‍സ്'.

ശാരീരികാരോഗ്യത്തിനൊപ്പം മാനസികാരോഗ്യവും കൂടി മെച്ചപ്പെടുത്താനും ഫിറ്റ്നെസ് ഡാന്‍സുകള്‍ പരിശീലിക്കുന്നതിലൂടെ സാധിക്കും. ഇവ സന്തോഷകരമായ മാനസികാനുഭവം നല്‍കുന്നു. ചിന്താശേഷി, ഓര്‍മശക്തി എന്നിവ മെച്ചപ്പെടുത്തുന്നതിന് പുറമെ, വിഷാദരോഗത്തില്‍ നിന്ന് കരകയറാനും സഹായിക്കും.

വ്യായാമം ചെയ്യാന്‍ മടിതോന്നില്ല എന്നതാണ് സുംബയുടെ മറ്റൊരു പ്രത്യേകത. ഇഷ്ട ഗാനത്തിനൊപ്പം മാനസിക ഉല്ലാസത്തോടെ നൃത്തച്ചുവടുകള്‍ വയ്ക്കുന്ന സുംബാ ഡാന്‍സ് ആബാലവൃദ്ധം ജനങ്ങളെയും ആകര്‍ഷിക്കുന്നതാണ്.

സുംബ ഡാന്‍സ് ഇപ്പോള്‍ കേരളത്തില്‍ തരംഗം സൃഷ്ടിച്ചുതുടങ്ങി. ഉറക്കച്ചടവോടെ രാവിലെ എഴുന്നേറ്റ് ഓടാന്‍ പോകാനോ നടക്കാന്‍ പോകാനോ ഉള്ള മടിയും കാലാവസ്ഥാ വ്യതിയാനവും ഒന്നും, ഒരു മുറിയില്‍ ചെയ്യാവുന്ന സുംബ ഡാന്‍സിനെ ബാധിക്കുന്നില്ല.

'വാം അപ്പി'ല്‍ തുടങ്ങി 'കൂള്‍ ഡൗണി'ല്‍  അവസാനിക്കുന്നതാണ് ഫിറ്റ്നെസ് ഡാന്‍സിന്റെയും രീതി. ആദ്യത്തെ 10 മിനിട്ട് വാം അപ്പിനുള്ളതാണ്. അതിനുശേഷം ഡാന്‍സ് തുടങ്ങാം. അവസാന 10 മിനിട്ട് കൂള്‍ ഡൗണ്‍ ചെയ്യാനുള്ളതാണ്.

fitness

ജീവിതശൈലീ രോഗങ്ങള്‍ ഇനി ഇല്ലേ ഇല്ല

ജീവിതശൈലീ രോഗങ്ങളെ ചെറുത്തുനില്‍ക്കാന്‍  വ്യായാമം വളരെ പ്രധാനമാണ്. ശരിയായ ആഹാര ശീലവും വ്യായാമവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. 'സുംബ' എന്ന വ്യായാമരീതി വ്യായാമ രംഗത്ത് മാറ്റം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.

1990-ല്‍ കൊളംബിയയിലെ നര്‍ത്തകനും നൃത്തസംവിധായകനുമായ ആല്‍ബര്‍ട്ട് ബീറ്റ്‌പേഴ്സ് ആണ് സുംബ രൂപകല്പന ചെയ്തത്. ദിവസവും ഒരു മണിക്കൂര്‍ സുംബ അഭ്യസിക്കുകയാണെങ്കില്‍  അഞ്ഞൂറു മുതല്‍ ആയിരം വരെ കലോറിയെ എരിച്ചുകളയാന്‍ സാധിക്കും.

പ്രധാനമായും ലാറ്റിന്‍ സംഗീതമാണ് ആദ്യകാലത്ത് സുംബയ്ക്ക് ഉപയോഗിച്ചിരുന്നത്. ഇന്ന് അതില്‍ നിന്ന് മാറി വിവിധ നൃത്തരൂപങ്ങളുടെ സംഗീതം ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു.

ജങ്ക് ഫുഡ്‌സ് ഇനി വേണ്ടേ വേണ്ട

വറുത്തതും പൊരിച്ചതും ഉള്‍പ്പടെയുള്ള 'ജങ്ക് ഫുഡ്സ്' പുതു തലമുറയുടെ ആഹാരശീലത്തെ അപ്പാടെ മാറ്റിമറിച്ചു എന്നുതന്നെ പറയാം.

പ്രഭാതഭക്ഷണത്തില്‍, ആവിയില്‍ പുഴുങ്ങിയ ആഹാരങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തുക. പ്രഭാതഭക്ഷണം ഒഴിവാക്കരുത്. ശരീരത്തിന് ഊര്‍ജം നല്‍കുന്നതില്‍ പ്രഭാതഭക്ഷണം ഏറെ പ്രധാനമാണ്.

ഉച്ചയ്ക്ക് ഇലക്കറികള്‍ അടങ്ങിയ കറികള്‍ കൂടുതല്‍ ഉള്‍പ്പെടുത്തണം. ചോറിന്റെ അളവ് കുറയ്ക്കുക. മാക്‌സിമം ഉച്ചയ്ക്ക് മാത്രമായി ചോറ് പരിമിതപ്പെടുത്തുക.

രാത്രിഭക്ഷണത്തില്‍ ഓട്സ്, ഗോതമ്പ് എന്നിവ ഉള്‍പ്പെടുത്തുക. രാത്രിഭക്ഷണം കഴിവതും 8 മണിക്ക് മുന്‍പായി കഴിക്കുക.

നമ്മള്‍ കഴിക്കുന്ന ഓരോ ആഹാരത്തിന്റെയും കലോറി അറിഞ്ഞിരുന്നാല്‍ ഒരു പരിധിവരെ അമിതഭക്ഷണം അകത്താക്കുന്നതില്‍ കുറവു വരും. ഫോണില്‍ കലോറി തിട്ടപ്പെടുത്തുന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. അത് ഒരു പരിധിവരെ നമ്മുടെ ഭക്ഷണക്രമം നിയന്ത്രിക്കുകയും ചെയ്യും.

ഒരു ദിവസം 12 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് 2 ഗ്ലാസ് വെള്ളം കുടിച്ചാല്‍, നമ്മള്‍ അതില്‍ കുറച്ച് ഭക്ഷണം അകത്താക്കിയല്‍ മതി.

പഴങ്ങള്‍, ഇലക്കറികള്‍ പോലുള്ള നാരുകള്‍ അടങ്ങിയ ആഹാരങ്ങള്‍ ഭക്ഷണമെനുവില്‍ ഉള്‍പ്പെടുത്തുക.

ആരോഗ്യമുള്ള പുരുഷന് 2000 കലോറിയും ഒരു സ്ത്രീക്ക് 1800 കലോറിയുമാണ് ഒരു ദിവസം ആവശ്യമുള്ളത്. കലോറി മനസ്സിലാക്കി ഭക്ഷണക്രമം നിയന്ത്രിക്കുകയും 40 മിനിറ്റ് നൃത്തം പോലുള്ള, എളുപ്പം കലോറി എരിയുന്ന വ്യായാമം ചെയ്യുകയും ചെയ്താല്‍ ആരോഗ്യമുള്ള ശരീരം ഏത് പ്രായത്തിലും നമുക്ക് കാത്തുസൂക്ഷിക്കാം.

സ്‌ട്രെസ് മറന്നേക്കൂ... എന്നും ചെറുപ്പം

ചെറുപ്പം നിലനിര്‍ത്താന്‍ വ്യായാമം പോലെ തന്നെ നമ്മുടെ മനസ്സിന്റെ ആരോഗ്യവും വളരെ പ്രധാനമാണ്. ശരീരത്തിന്റെ ആരോഗ്യവും മനസ്സിന്റെ സൗഖ്യവും തമ്മില്‍ ബന്ധപ്പെട്ടാണിരിക്കുന്നത്.

മാനസിക സമ്മര്‍ദം കൂടുമ്പോള്‍ നമ്മളില്‍ പലരും അമിതഭക്ഷണം അകത്താക്കുന്നത് പതിവാണ്. അതുകൊണ്ട് കഴിവതും, ജീവിതത്തില്‍ എന്തു ടെന്‍ഷന്‍ നേരിട്ടാലും അതൊക്ക സമചിത്തതയോടു കൂടി തരണം ചെയ്യാനുള്ള കഴിവ് ആര്‍ജിച്ചാല്‍ അതു നിങ്ങളെ കൂടുതല്‍ ആരോഗ്യവും സൗന്ദര്യവും ഉള്ള ശരീത്തിന്റെ ഉടമയാക്കും.

നമ്മള്‍ ടെന്‍ഷന്‍ അടിച്ചതുകൊണ്ട് ഒരു ടെന്‍ഷനും ഇല്ലാതാകുന്നില്ല, പിന്നെ, അതിനെക്കുറിച്ച് ആലോചിച്ച് എന്തിന് ശരീരവും മനസ്സും കേടാക്കണം?

മാനസിക സമ്മര്‍ദം അകറ്റുക. സമ്മര്‍ദം കൂടുമ്പോള്‍ നമ്മുടെ ശരീരത്തില്‍ ഫ്രീ റാഡിക്കല്‍സ് കൂടുതല്‍ ഉണ്ടാവുന്നു, അത് കോശങ്ങള്‍ വേഗം നശിക്കാന്‍ ഇടയാക്കുന്നു.

ഇത് തടയാന്‍ ആന്റി ഓക്‌സിഡന്റ് ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തുക, ഗ്രീന്‍ ടീ, മഞ്ഞള്‍ച്ചായ, ഇഞ്ചി, നാരാങ്ങ ഇവയൊക്കെ നിങ്ങളില്‍ ചെറുപ്പം നിറയ്ക്കുന്ന ആഹാര വസ്തുക്കളാണ്.

നെഗറ്റീവ് ആയി ചിന്തിക്കല്ലേ പണികിട്ടും!

ചിലരെ കണ്ടിട്ടില്ലേ എന്തിലും 'നെഗറ്റീവ്' മാത്രം കാണുന്നവര്‍. പക്ഷേ, പുതിയ പഠനങ്ങള്‍ പറയുന്നത് നെഗറ്റീവ് ആയി ചിന്തിക്കുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് പ്രായം കൂടുതല്‍ തോന്നിക്കും എന്നാണ്. സ്‌ട്രെസ് തോന്നുമ്പോള്‍ മൊബൈലില്‍ നല്ലൊരു പാട്ടു വച്ച്, നന്നായി ഒന്ന് ഡാന്‍സ് ചെയ്ത് നോക്കൂ, നിങ്ങള്‍ ഫ്രഷ് ആകുന്നത് സ്വയം അനുഭവിച്ചറിയൂ... അേപ്പാ, ഇന്നുമുതല്‍ ഫിറ്റ്‌നസ് തുടങ്ങുകയല്ലേ...?

Content Highlight: Fitness, zumba dance, zumba dance for weight loss,Dance and Fitness,  zumba burn belly fat