നല്ല രീതിയിൽ പുഷ്അപ് എടുക്കാനാവാതെ കഷ്ടപ്പെടുമ്പോൾ വളരെ കൂളായി അതെല്ലാം ചെയ്യുന്ന മറ്റുള്ളവരെ നോക്കി അസൂയപ്പെടാറുണ്ടോ? നന്നായി പുഷ്അപ് എടുക്കാൻ സാധിക്കാത്തതിന് കാരണം ഇക്കാര്യങ്ങളാണ്.

കൃത്യമായി വാംഅപ് ചെയ്യാത്തത്

വർക്ക്ഔട്ട് തുടങ്ങുന്നതിന് മുൻപ് വളരെ പ്രാധാന്യത്തോടെ ചെയ്യേണ്ട ഒന്നാണ് വാംഅപ്. ശരീരത്തിലെ പേശികൾക്ക് അയവ് നൽകി സുഗമമായി വ്യായാമം ചെയ്യാൻ ഇത് സഹായിക്കും. വാംഅപ് ഒന്നും ഇല്ലാതെ പുഷ്അപ് പോലെയുള്ള കഠിനമായ വ്യായാമം ചെയ്യുമ്പോൾ പേശികൾക്ക് അയവില്ലാത്തതിനാൽ നല്ല ബുദ്ധിമുട്ടുള്ളതായി അനുഭവപ്പെടും. ഇത് പുഷ്അപ് എടുക്കാൻ സാധിക്കാത്ത അവസ്ഥയിലെത്തിക്കും. പുഷ്അപ് ചെയ്യുന്നതിന് മുമ്പായി പത്തോ ഇരുപതോ മിനിറ്റ് നേരം വാംഅപ് ചെയ്യണം.

പോഷകക്കുറവ്

ഇന്ധനമില്ലാതെ ശരീരത്തിന് പ്രവർത്തിക്കാനാവില്ല. ശക്തികുറഞ്ഞ പേശികളുള്ളയാളാണ് നിങ്ങളെങ്കിൽ ആവശ്യത്തിന് പോഷകങ്ങൾ ലഭിക്കാതെ വ്യായാമം ചെയ്താൽ പരിക്കേൽക്കാനുള്ള സാധ്യത കൂടും. പ്രോട്ടീൻ, ഫൈബർ, നല്ല കൊഴുപ്പ് തുടങ്ങി ആരോഗ്യകരമായ പോഷകങ്ങൾ കൃത്യമായ അളവിൽ കഴിക്കണം. എങ്കിൽ മാത്രമേ പേശികൾക്ക് ഉറപ്പേകി ശരീരത്തിന് നന്നായി പ്രവർത്തിക്കാൻ സാധിക്കുകയുള്ളൂ.

ഭാരം ഉയർത്തി ശീലമില്ലാത്തത്

ഭാരം ഉയർത്തിക്കൊണ്ടുള്ള വ്യായാമങ്ങൾ ശീലിച്ചിട്ടുണ്ടെങ്കിൽ പേശികൾക്ക് ഉറപ്പുണ്ടാകും. അത് കായികക്ഷമത കൂടാനും നന്നായി വ്യായാമം ചെയ്യാനും സഹായിക്കും. ഇത് പരിക്കേൽക്കുന്നത് കുറയ്ക്കാനും സഹായിക്കും.

ശരീരത്തിനുണ്ടാകുന്ന ക്ഷീണം

ശരീരത്തിന് ക്ഷീണമുണ്ടാവുമ്പോൾ പേശികളും തളരും. ഈ സമയത്ത് പുഷ്അപ് എളുപ്പത്തിൽ ചെയ്യാനാവില്ല. ഇടവേളയെടുക്കാതെ വ്യായാമം ചെയ്യുന്നതും നല്ലതല്ല. ആഴ്ചയിലൊരിക്കൽ വർക്ക്ഔട്ടിനും അവധി കൊടുക്കുന്നത് നല്ലതാണ്. അപ്പോൾ വരുന്ന ആഴ്ച ആക്ടീവാകാൻ സഹായിക്കും.

പുഷ്അപ് ചെയ്യുന്നതിലെ തെറ്റുകൾ

പുഷ്അപ് ചെയ്യുന്നതിൽ തെറ്റുകൾ ഉണ്ടാകുമ്പോൾ അത് നന്നായി ചെയ്യാനാവില്ല. ശരീരനില ശരിയായിരുന്നാൽ മാത്രമേ വർക്ക്ഔട്ട് കൃത്യമായി ചെയ്യാനാവൂ. എത്ര ഭാരം ഉയർത്തിയെന്നതോ എത്ര സമയം ചെയ്തു എന്നതിലോ അല്ല കാര്യം. അതെല്ലാം ശരിയായ രീതിയിൽ ആയിരുന്നോ ചെയ്തിരുന്നത് എന്നാണ് നോക്കേണ്ടത്. വർക്ക്ഔട്ടുകൾ കൃത്യമായ രീതിയിൽ അല്ല ചെയ്തിരുന്നതെങ്കിൽ ആ പ്രയത്നം പാഴായിപ്പോകും. പുഷ്അപ് ചെയ്യുമ്പോൾ കൈപ്പത്തികൾ തറയിൽ തോളകലത്തിൽ നന്നായി അമർത്തിവെച്ചാണ് ചെയ്യേണ്ടത്. വയറിന്റെ ഭാഗവും അരക്കെട്ടും ഉൾപ്പെടുന്ന ശരീരത്തിന്റെ മധ്യഭാഗം നേർരേഖയിലായിരിക്കാനും ശ്രദ്ധിക്കണം.

ശ്വാസോച്ഛ്വാസം കൃത്യമാവാതിരിക്കൽ

പലരും വ്യായാമം ചെയ്യുമെങ്കിലും ശ്വസനത്തിന്റെ കാര്യത്തിൽ വളരെ പിന്നിലാണ്. വർക്ക്ഔട്ട് എന്തുമായിക്കൊള്ളട്ടെ, കൃത്യമായി ശ്വാസോച്ഛ്വാസം ചെയ്തില്ലെങ്കിൽ അത് പ്രശ്നമാകും. കൃത്യമായി ശ്വാസോച്ഛ്വാസം ചെയ്താൽ വളരെ നല്ല ഫലമാണ് ലഭിക്കുക. നന്നായി ശ്വാസോച്ഛ്വാസം ചെയ്യുമ്പോൾ ശരീരത്തിൽ ഓക്സിജൻ നില നന്നായി ഉയരും. ഇത് ഹൃദയസ്പന്ദന നിരക്ക് ഉയർത്താനും കൂടുതൽ കലോറി കത്തിത്തീരാനും സഹായിക്കും. കൂടുതൽ ഓക്സിജൻ രക്തത്തിലെത്തുന്നത് കൂടുതൽ നന്നായി പ്രവർത്തിക്കാൻ ഊർജവും നൽകും.

Content Highlights:cant do push ups here are the reasons you needs to know about Push ups, Health, Fitness