രു വ്യക്തിയുടെ അഴകിന്റെയും ആരോഗ്യത്തിന്റെയും അളവാണ് ബോഡി മാസ് ഇന്‍ഡക്സ്(ബി.എം.ഐ). ആരോഗ്യമുള്ള ശരീരമാണോ നമ്മുടേതെന്ന് മനസ്സിലാക്കാന്‍ ആരോഗ്യവിദഗ്ധര്‍ അടക്കം നിര്‍ദ്ദേശിക്കുന്നതും ബിഎംഐ കണക്കാണ്.ബോഡി മാസ് ഇന്‍ഡക്‌സ് നിയന്ത്രണവിധേയമാക്കിയാല്‍ അമിഭാരം, ഭാരമില്ലായ്മ തുടങ്ങിയ പല ജീവിതശൈലീ രോഗങ്ങളെ ഒരു പരിധിവരെ പടിക്ക് പുറക്ക് നിര്‍ത്താം. 

ശരീരഭാരത്തെ ഉയരത്തിന്റെ വര്‍ഗം കൊണ്ട് ഹരിച്ചാണ് ഓരോ വ്യക്തിയുടെയും ബോഡി മാസ് ഇന്‍ഡക്സ് കണ്ടെത്തുന്നത്. ശരീരഭാരം കിലോഗ്രാമിലും ഉയരം മീറ്ററിലും വേണം കണക്കാക്കാന്‍. ബി.എം.ഐ സൂചിക 18.5 നും 22.9 നും ഇടയില്‍ നിലനിര്‍ത്തുന്നതാണ് ഒരു പ്രായപൂര്‍ത്തിയായ വ്യക്തിയുടെ ബോഡി മാസ് ഇന്‍ഡക്സ്. ബി.എം.ഐ 18.5 ല്‍ താഴെയാണെങ്കില്‍ അത് തൂക്കക്കുറവായാണ് കണക്കാക്കുന്നത്. ബി.എ.ഐ 18.5നും-24.9നും ഇടയിലാണെങ്കില്‍ ശരിയായ തൂക്കം. 25 മുതല്‍ 29.9 വരെ അമിത ഭാരം, 30 ന് മുകളിലാണെങ്കില്‍ പൊണ്ണത്തടി എന്നിങ്ങനെയാണ് കണക്ക്.

തടികുറച്ച് ഷേപ്പ് നേടാം
ശരീരത്തില്‍ അമിതമായ കൊഴുപ്പ് അടിഞ്ഞ് കൂടുമ്പോഴാണ് ഒരു വ്യക്തിയില്‍ അമിതഭാരം ഉണ്ടാകുന്നത്. കൊഴുപ്പ് കൂടുതലായി ശരീരത്തിലെത്തുന്നത് കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ്. ഇത് വലിയ തോതില്‍ ജീവിത ശൈലീ രോഗങ്ങളിലേക്കും തള്ളിവിടും. ഭക്ഷണ ക്രമത്തില്‍ ഉണ്ടാക്കുന്ന മാറ്റത്തിലൂടെ ശരീയായ ആരോഗ്യവും രോഗങ്ങളില്‍ നിന്നുള്ള രക്ഷയും നേടാമെങ്കിലും പലരും ഇത് ഗൗരവത്തോടെയെടുക്കുന്നില്ല. ഓരോരുത്തരുടെയും ശാരീരിക അധ്വാനത്തിന് അനുസരിച്ചുള്ള ഭാരമാണ് ആവശ്യം. പക്ഷെ പലപ്പോഴും കണ്ട് വരുന്നത് അമിത ഭക്ഷണവും അധ്വാനക്കുറവുമാണ്. 

തടികുറക്കാന്‍ ചില നിര്‍ദ്ദേശങ്ങള്‍

  • പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക. ഇവയില്‍ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. പക്ഷെ കഴിക്കുന്നതിന് മുമ്പ് ഇവ സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തണം. 
  • ഭക്ഷണം സാവകാശം ചവച്ചരച്ച് കഴിക്കുക. വേഗത്തില്‍ ഭക്ഷണം കഴിച്ചാല്‍ കൂടുതല്‍ ഭക്ഷണം അകത്തേക്ക് പോവും
  • മധുരപലഹാരങ്ങളും എണ്ണപ്പലഹാരങ്ങളും നിയന്ത്രിക്കുക.ഇട നേരങ്ങളില്‍ ഇവ കഴിക്കുന്നതും ഒഴിവാക്കണം.
  • തടികുറക്കാന്‍ ശ്രമിക്കുന്നവര്‍ ഭക്ഷണത്തിന് മുമ്പ് ധാരാളം വെള്ളം കുടിക്കുക
  • കൊഴുപ്പ് കൂടിയതും സംസ്‌കരിച്ചതും എണ്ണയില്‍ വറുത്തതുമായി ഭക്ഷണ സാധനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക.ഓര്‍ക്കുക എണ്ണയില്‍ വറുത്തെടുക്കുന്ന എന്തും ആരോഗ്യത്തിന് ദോഷകരമാണ്.
  • വിശക്കുമ്പോള്‍ മാത്രം കഴിക്കുക. വെള്ളം അടക്കം വയര്‍ പൂര്‍ണമായും നിറയ്ക്കാതെ പകുതി വയറില്‍ നിര്‍ത്തുക. 
  • ഇലക്കറികള്‍ ധാരാളം കഴിക്കുക. ഇതില്‍ പോഷകങ്ങള്‍ ധാരാളം ഉണ്ടെന്ന് മാത്രമല്ല. വയറ് നിറഞ്ഞതായും അനുഭവപ്പെടും. 
  • പഞ്ചസാര, മദ്യം, ഉപ്പ്, എണ്ണ എന്നിവ  കുറക്കുക.

ശരീരത്തിന്റെ അമിതഭാരം കുറയ്ക്കുക എന്നതിനൊപ്പം പ്രായത്തിനനുസരിച്ചുള്ള ഭാരമല്ല, കുറഞ്ഞ ഭാരമാണ്(under weight) ആണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ അതിനനുസരിച്ച് ഭക്ഷണക്രമവും ജീവിതരീതിയിലും ക്രമീകരിക്കണം.