Representative Image| Photo: Canva.com
പ്രണയത്തിലാകുന്നതു പോലെ എളുപ്പമാകില്ല വേർപിരിയലുകൾ. പലപ്പോഴും അവ നൽകുന്ന വേദനയും സമ്മർദവുമൊക്കെ അതിജീവിക്കാൻ ഏറെ നാളുകൾ വേണ്ടിവന്നേക്കാം. ബ്രേക്കപ്പുകൾ സ്വയം അതിജീവിക്കാനാവാതെ വിദഗ്‌ധോപദേശം തേടുന്നതും സാധാരണമാണ്. പ്രണയം മാത്രമല്ല, പ്രിയ്യപ്പെട്ട ഒരാളുമായി അകലുന്നതോ അവരുടെ മരണമോ ഒക്കെ ഇത്തരത്തിൽ കടുത്ത മാനസിക വേദനയുണ്ടാക്കാം. വേർപിരിയലുകൾ അത് എത്തരത്തിൽ ഉള്ളതായാലും മാനസിക വേദന ഉണ്ടാക്കുന്നതിന് പിന്നിൽ ചില വ്യക്തമായ കാരണങ്ങളുമുണ്ട്.
ഇംഗ്ലണ്ടിലെ ഡോ.ഫോക്സ് ഓൺലൈൻ ഫാർമസിയിൽ മെഡിക്കൽ റൈറ്ററായ ഡോ.ഡെബോറാ ലീ ഇതിനു പിന്നിലെ കൃത്യമായ കാരണങ്ങളെക്കുറിച്ച് പങ്കുവെക്കുന്നുണ്ട്. പ്രണയത്തിലാകുമ്പോൾ സ്വാഭാവികമായും ചില ഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. അവയിലുണ്ടാകുന്ന വ്യതിയാനമാണ് ഹൃദയവേദന ഉണ്ടാക്കുന്നതിനും പിന്നിലെന്ന് പറയുകയാണ് അദ്ദേഹം.
പ്രണയത്തിലാകുമ്പോൾ ഓക്സിടോസിൻ, ഡോപമൈൻ തുടങ്ങിയ സന്തോഷവും സ്നേഹവും തോന്നിക്കുന്ന ഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടുന്നു. പക്ഷേ പ്രണയത്തിൽ നിന്ന് വേർപിരിയുമ്പോൾ ഈ ഹോർമോണുകൾ കുറയുകയും അതേ സമയം സമ്മർദത്തിന് കാരണമാകുന്ന കോർട്ടിസോൾ എന്ന ഹോർമോണിന്റെ അളവ് കൂടുകയും ചെയ്യുന്നു.
കോർട്ടിസോളിന്റെ അളവ് കൂടുന്നത് രക്തസമ്മർദം, ശരീരഭാരം കൂടുക, മുഖക്കുരു, ഉറക്കമില്ലായ്മ, അമിത ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്ന് ഡോ.ഡെബോറാ പറയുന്നു. അതുമാത്രമല്ല ശാരീരികമായ മറ്റു ചില പ്രശ്നങ്ങളിലേക്കും ഇവ നയിക്കാമെന്ന് ഡെബോറാ പറയുന്നു.
Takotsubo cardiomyopathy അഥവാ ബ്രോക്കൺ ഹാർട്ട് സിൻഡ്രോം എന്ന അവസ്ഥയാണത്. കഠിനമായ വൈകാരിക-ശാരീരിക സമ്മർദം മൂലം സംഭവിക്കുന്നതാണിത്. ഹൃദയം രക്തം പമ്പ് ചെയ്യുന്നതിൽ താത്‌ക്കാലിക മാറ്റങ്ങൾ ഉണ്ടാക്കുകയും നെഞ്ചുവേദന പോലുള്ള ശാരീരിക പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും.
മിക്കയാളുകളിലും ഈ വേദന ഏതാനും ദിവസങ്ങൾക്കുള്ളിലോ ആഴ്ച്ചകൾക്കുള്ളിലോ അപ്രത്യക്ഷമാകാറാണ് പതിവ്. എന്നാൽ വളരെ ചുരുക്കം ചിലരിൽ മരണകാരണവുമായിട്ടുണ്ട്.
ചിലരിൽ പാനിക് അറ്റാക്ക് പോലുള്ള അവസ്ഥകളിലേക്കും ബ്രേക്കപ്പുകളുടെ ഹൃദയവേദന കൊണ്ടെത്തിക്കാറുണ്ട്.
വേർപിരിയലുണ്ടാക്കുന്ന ഹൃദയവേദന മറികടക്കാൻ ചില വഴികൾ
വ്യായാമം
മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിൽ വ്യായാമത്തിന് വലിയ സ്ഥാനമാണുള്ളത്. വ്യായാമം ചെയ്യുന്നതുവഴി ഡോപമൈൻ ഉത്പാദിക്കപ്പെടുകയും സെറോടോണിന്റെ ഉത്പാദനം കൂടുകയും ചെയ്യുന്നു. ഇത് സമ്മർദത്തെ അതിജീവിച്ച് സന്തോഷകരമായ ജീവിതം മുന്നോട്ടു നയിക്കാൻ സഹായിക്കുന്നു.
വെയിൽ കൊള്ളാം
ഡോപമൈന്റെ ഉത്പാദനം നിയന്ത്രിക്കുന്നതിൽ വിറ്റാമിൻ ഡിക്ക് പ്രധാന പങ്കാണുള്ളത്. സൂര്യപ്രകാശം ഏൽക്കുകയാണ് അതിനുള്ള പ്രധാനവഴി. കൂടാതെ സെറോടോണിൻ ഉത്പാദനത്തിലും സൂര്യപ്രകാശത്തിന് സ്ഥാനമുണ്ട്.
യോഗ, മെഡിറ്റേഷൻ
യോഗ, മെഡിറ്റേഷൻ തുടങ്ങിയ കാര്യങ്ങളിൽ സജീവമായി ഇരിക്കുന്നവരിൽ ഡോപമൈന്റെ അളവ് വർധിക്കുന്നതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മെഡിറ്റേഷനും യോഗയും ചെയ്തതിനു പിന്നാലെ അവരുടെ സെറോടോണിൻ അളവിലും മാറ്റം വരുന്നതായി പഠനങ്ങൾ പറയുന്നു. കൂടാതെ ഉത്കണ്ഠ വർധിപ്പിക്കുന്ന norepinephrine എന്ന ഹോർമോണിന്റെ അളവും മെഡിറ്റേഷനു ശേഷം കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഉറക്കവും ഭക്ഷണവും
മതിയായ ഉറക്കവും ഡോപമൈൻ ഉത്പാദനവും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. സുഖകരമായ ഉറക്കം ലഭിക്കാത്തവരിൽ ഡോപമൈന്റെ ഉത്പാദനത്തിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഒപ്പം പോഷകസമ്പന്നമായ ഭക്ഷണം കഴിക്കേണ്ടതും പ്രധാനമാണ്.
സംഗീതവും സൗഹൃദവും
സൗഹൃദങ്ങൾക്ക് സമയം കണ്ടെത്തുന്നതും സംഗീതം ആസ്വദിക്കുന്നതും ഹാപ്പി ഹോർമോണുകൾ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. പ്രിയ്യപ്പെട്ട പാട്ടുകൾ കേൾക്കുന്ന സമയത്ത് ഡോപമൈന്റെ അളവിൽ മാറ്റം ഉണ്ടാകുന്നതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഒപ്പം അവനവന് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുകയും ഹോബികൾക്കായി സമയം കണ്ടെത്തുകയും ചെയ്യുന്നതും മാനസികോല്ലാസം പകരും.
സ്വന്തമായി പരിശ്രമിച്ചിട്ടും മാനസികസമ്മർദം അതിജീവിക്കാനായില്ലെങ്കിൽ വിദഗ്ധ സഹായം തേടേണ്ടതും അനിവാര്യമാണ്.
Content Highlights: Experts Explain The Science Behind Why Heartbreak Hurts So Much
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..