Representative Image | Photo: Gettyimages.in
കഴിഞ്ഞ ദിവസമാണ് വിദ്യാർഥികൾക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയതിന്റെ പേരിൽ നടൻ ശ്രീജിത്ത് രവിയെ പോലീസ് അറസ്റ്റ് ചെയ്തത്. തൃശ്ശൂര്‍ എസ്.എന്‍ പാര്‍ക്കില്‍ നടന്ന സംഭവത്തിലാണ് അറസ്റ്റ്. ആറുവർഷങ്ങൾക്ക് മുമ്പും നടനെ സമാനമായ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ എക്സിബിഷനിസം എന്ന ലൈംഗിക വൈകൃതത്തെക്കുറിച്ചും ചർച്ചകൾ ഉയരുകയുണ്ടായി. എക്സിബിഷനിസത്തെക്കുറിച്ചും അതിന്റെ അനുബന്ധ പ്രശ്നങ്ങളെക്കുറിച്ചും പങ്കുവെക്കുകയാണ് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ വർഷാ വിദ്യാധരൻ.
വനിതാ ഹോസ്റ്റലുകൾക്ക് മുമ്പിലും ബസിലും ട്രെയിനിലും പൊതുവഴിയിലുമൊക്കെയാണ് എക്സിബിഷനിസം എന്ന അവസ്ഥയിലുള്ളവർ നിൽക്കാറുള്ളത്. ലൈംഗികാവയവ പ്രദർശനക്കമ്പം അഥവാ എക്സിബിഷനിസം എന്നു പറയുന്നത് പാരാഫീലിയ എന്നുപറയുന്ന ഒരുകൂട്ടം സൈക്യാട്രിക് ഡിസോർഡർ വിഭാഗത്തിൽ വരുന്ന രോഗാവസ്ഥയാണ്. ലൈംഗിക ഉത്തേജനത്തിനുവേണ്ടി ജനനേന്ദ്രിയം അപരിചിതനായ ഒരു വ്യക്തിക്കുമുന്നില്‍ അപ്രതീക്ഷിതമായി തുറന്ന് കാണിക്കുകയും അവരെ ഞെട്ടിക്കുകയും ചെയ്യുകയാണ് ഇക്കൂട്ടർ ചെയ്യുക. ഇതുവഴി എക്സിബിഷനിസം ഉളളയാൾക്ക് ലൈംഗിക ഉത്തേജനം ലഭിക്കുകയാണ് ചെയ്യുന്നത്.
രണ്ടുതൊട്ട് നാലുശതമാനം പേരിൽ ഈ സ്വഭാവ വൈകൃതം കാണുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്. പ്രത്യേകിച്ച് പുരുഷന്മാരിലാണ് ഈ മാനസികാവസ്ഥ കൂടുതലായി കാണപ്പെടുന്നത്. അതിൽ തന്നെ കൗമാരപ്രായക്കാരിൽ പത്തുശതമാനത്തോളം കാണപ്പെടുന്നുണ്ട്.
അപരിചിതരോട് സ്വകാര്യ ഭാഗങ്ങൾ പ്രദർശിപ്പിക്കുകയും അതുവഴി ലൈംഗിക ഉത്തേജനം ലഭിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷം ചെയ്യുന്നവർക്ക് മതിയായ ചികിത്സ ലഭ്യമാക്കേണ്ടതാണ്. കുറ്റബോധം, അഭിമാനക്ഷതം, സെക്ഷ്വൽ ഫ്രസ്ട്രേഷൻ, ഒറ്റപ്പെട്ടുവെന്ന തോന്നൽ തുടങ്ങിയവയൊക്കെ സ്ഥിതി വീണ്ടും വഷളാക്കുന്ന ഘടകങ്ങളാണ്.
ഇതിനോട് അനുബന്ധിച്ചുള്ള മറ്റു ചില മാനസിക പ്രശ്നങ്ങളും ചിലരിൽ കാണാറുണ്ട്. വിഷാദം, ഉത്കണ്ഠ, സ്കിസോഫ്രീനിയ, ലഹരി ഉപയോഗിക്കുന്ന പ്രശ്നങ്ങൾ തുടങ്ങിയവയൊക്കെ പാരാഫീലിയ രോഗങ്ങളുടെ അനുബന്ധ പ്രശ്നങ്ങളായി കാണാറുണ്ട്.
കുട്ടിക്കാലത്ത് വൈകാരികമായോ, ലൈംഗികപരമായോ അതിക്രമം നേരിട്ടവരിൽ പിൽക്കാലത്ത് എക്സിബിഷനിസത്തിനുള്ള സാധ്യത കണ്ടെത്തിയിട്ടുണ്ട്. സൈക്കോസോഷ്യലായിട്ടുള്ള കാരണങ്ങൾ, ബയോളജിക്കൽ ഘടകങ്ങൾ തുടങ്ങിയവയൊക്കെ ഇതിനുപിന്നിലെ കാരണങ്ങളാണ്.
എക്സിബിഷനിസത്തിനൊപ്പം അനുബന്ധ പ്രശ്നങ്ങളുടെയും കൂടി രോഗ നിർണയത്തിന് അനുസരിച്ചാണ് ചികിത്സ നിശ്ചയിക്കാറുള്ളത്. സോഷ്യൽ സ്കിൽ ട്രെയിനിങ്, കൃത്യമായി ചിന്തിക്കാൻ കോഗ്നിറ്റീവ് റീസ്ട്രക്ചറിങ്, ലൈംഗിക വിദ്യാഭ്യാസം തുടങ്ങിയവയെല്ലാം ചികിത്സാ കാലത്ത് നൽകും. എന്താണ് അയാളുടെ പ്രശ്നം എന്ന് മനസ്സിലാക്കിച്ച് ശരിയായ പെരുമാറ്റത്തിലേക്ക് നയിക്കുന്ന തെറാപ്പികളും അനുബന്ധ പ്രശ്നങ്ങളുടെ ഗൗരവസ്ഥിതി അനുസരിച്ച് മരുന്നുകൾ ആവശ്യമെങ്കിൽ അവയും നൽകും.
ലഹരി സാധനങ്ങൾ ഉപയോഗിക്കാത്ത, വ്യക്തിത്വ വൈകല്യ പ്രശ്നങ്ങളില്ലാത്ത വ്യക്തിയാണെങ്കിൽ ചികിത്സാപുരോഗതി ഉണ്ടാകാറുണ്ട്. എല്ലാ രോഗങ്ങളെയും പോലെ ഇവിടെയും കൃത്യമായി കണ്ടെത്തി ചികിത്സ നൽകുക എന്നതു തന്നെയാണ് പ്രധാനം. ഇത്തരത്തിലുള്ള വികലമായ ചിന്തകൾ മനസ്സിൽ തോന്നുമ്പോൾ തന്നെ ചികിത്സ തേടാൻ ശ്രമിക്കുക. ഒപ്പം കുട്ടികൾക്കെതിരെ ഇത്തരം പ്രവർത്തികൾ ഉണ്ടാകുമ്പോൾ പൊതുജനശ്രദ്ധയുള്ള പ്രശ്നമായി സമീപിക്കുക കൂടി ചെയ്താലേ കൃത്യമായി കണ്ടെത്തി ചികിത്സ ലഭ്യമാക്കാൻ കഴിയൂ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..