സാധാരണഗതിയില്‍ നാമറിയാതെയാണ് ശ്വാസോച്ഛ്വാസം നടക്കുന്നത്. ശ്വാസകോശസംബന്ധമായ പലരോഗങ്ങളുമുള്ള അവസ്ഥയില്‍ ചിലപ്പോള്‍ ശ്വാസോച്ഛ്വാസം അസുഖകരമായ ഒരനുഭവമാകാറുണ്ട്. അതിനെ ശ്വാസതടസ്സം, ശ്വാസംമുട്ടല്‍, വിമ്മിട്ടം എന്നിങ്ങനെ പല പേരില്‍ നാം വിശേഷിപ്പിക്കുന്നു.

ശ്വാസോച്ഛ്വാസം നടക്കുന്നതിന് വളരെയേറെ സാങ്കേതികത്തികവുള്ള ഒരുസംവിധാനം ശരീരത്തിലുണ്ട്. ശ്വാസകോശം, നെഞ്ചിലെയും വയറ്റിലെയും പേശികള്‍, അവയ്ക്കിടയിലുള്ള ഡയഫ്രം എന്ന അവയവം, മേല്‍പ്പറഞ്ഞ പേശികളുടെ നാഡീവ്യവസ്ഥ, ശ്വാസകോശത്തിലേക്ക് രക്തമെത്തിക്കുന്ന ധമനികള്‍, ഹൃദയം, സൂഷ്മ്‌നാനാഡി, തലച്ചോറിലെ മെഡുല്ല എന്ന ഭാഗം, ഇവയെല്ലാം ഈ പ്രക്രിയയില്‍ പങ്കെടുക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, അവയിലേതെങ്കിലുമൊന്നിനുള്ള അസുഖംപോലും ശ്വാസതടസ്സത്തിന് കാരണമാവുന്നു.

ആസ്ത്മയാണ് ശ്വാസംമുട്ടലിന്റെ ഏറ്റവും കൂടുതലായി കണ്ടുവരുന്ന കാരണം. ഇടവിട്ടുള്ള ശ്വാസതടസ്സം, നെഞ്ചിനുള്ളിലെ കുറുങ്ങല്‍, ചുമ, തുടര്‍ച്ചയായ ജലദോഷം, തുമ്മല്‍ തുടങ്ങിയ അലര്‍ജിയുടെ ലക്ഷണങ്ങളും ആസ്ത്മയോടൊപ്പമുണ്ടാവാം. കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ കാണപ്പെടാമെങ്കിലും ഈ രോഗം ചെറുപ്പത്തില്‍ത്തന്നെ ആരംഭിക്കുകയാണ് പതിവ്. രാത്രികാലങ്ങളിലും തണുപ്പ്, പൊടി, പുക മുതലായവ നിറഞ്ഞ അന്തരീക്ഷത്തിലുമാണ് ആസ്ത്മയുടെ ആക്രമണം കടുക്കുന്നത്.

ബ്രോങ്കൈറ്റിസ്
ക്രോണിക് ബ്രോങ്കൈറ്റിസ് ആണ് ശ്വാസംമുട്ടലിന്റെ മറ്റൊരു പ്രധാനകാരണം. ഇത് പുകവലിക്കാരായ പുരുഷന്മാരിലാണ് കൂടുതലായി കണ്ടുവരുന്നത്. മിക്കവാറും നാല്പതിനുമേല്‍ പ്രായമുള്ളവരില്‍. പുകവലി കൂടാതെ അന്തരീക്ഷമലിനീകരണം, വിറകുപയോഗിച്ച് പാചകം ചെയ്യുമ്പോഴുണ്ടാവുന്ന പുക, പൊടിപടലങ്ങള്‍ നിറഞ്ഞ അന്തരീക്ഷത്തിലെ ജോലി എന്നിവയും ക്രോണിക് ബ്രോങ്കൈറ്റിസിന് വഴിവെക്കുന്നു. ഖനികളിലെയും കയര്‍മേഖലയിലെയും തൊഴിലാളികള്‍, കല്പണിക്കാര്‍, പെയിന്റര്‍മാര്‍ എന്നിവര്‍ ഇതില്‍പ്പെടുന്നു. ക്രോണിക് ബ്രോങ്കൈറ്റിസ് ബാധിച്ചവരില്‍ ശ്വാസംമുട്ടലിനോടൊപ്പം കടുത്ത ചുമയും കാണപ്പെടുന്നു.

ഹൃദ്രോഗം
ഹൃദ്രോഗംമൂലമുള്ള ശ്വാസംമുട്ടല്‍ ആയാസകരമായ കൃത്യങ്ങള്‍ ചെയ്യുമ്പോഴാണ് പലപ്പോഴും അനുഭവപ്പെടുന്നതെങ്കിലും ചിലപ്പോള്‍ പെട്ടെന്ന് വിശ്രമാവസ്ഥയിലും ഉറക്കത്തിനിടയിലും ഉണ്ടാവാം. ഒപ്പം നെഞ്ചുവേദന, നെഞ്ചിടിപ്പ് എന്നിവയുമുണ്ടാവാം. ഹൃദയാഘാതമുണ്ടായിട്ടുള്ളവര്‍, വാല്‍വുകള്‍ക്ക് തകരാറുള്ളവര്‍, അമിതരക്തസമ്മര്‍ദമുള്ളവര്‍ എന്നിവര്‍ക്കാണ് ഇത്തരം ശ്വാസംമുട്ടല്‍ ഉണ്ടാവാന്‍ കൂടുതല്‍ സാധ്യത.

ശ്വാസകോശത്തിന്റെ പുറത്തുള്ള നേര്‍ത്ത ഒരു ആവരണമാണ് പ്ലൂറ. പ്ലൂറയെ ബാധിക്കുന്ന രോഗങ്ങളായ പ്ലൂറസി, പ്ലൂറയ്ക്കുള്ളില്‍ പഴുപ്പോ നീരോ കെട്ടുന്നതുകൊണ്ടുണ്ടാവുന്ന പ്ലൂറല്‍ എഫ്യൂഷന്‍, ന്യൂമോതൊറാക്‌സ് എന്നിവയിലും ശ്വാസതടസ്സം ഉണ്ടാവാം. പെട്ടെന്ന് തുടങ്ങുകയും ദീര്‍ഘമായി ശ്വാസംഎടുക്കുമ്പോള്‍ കൂടുകയും ചെയ്യുന്ന കഠിനമായ നെഞ്ചുവേദനയും ശ്വാസതടസ്സവും ആണ് ശ്വാസകോശത്തിന്റെ പുറത്ത് വായു കടന്നുകൂടുന്ന ന്യൂമോതൊറാക്‌സിന്റെ മറ്റു ലക്ഷണങ്ങള്‍.

ശ്വാസകോശാര്‍ബുദം, ന്യൂമോണിയ, ക്ഷയരോഗം, രക്തക്കുറവ് മുതലായവയാണ് ശ്വാസതടസ്സത്തിന്റെ മറ്റു കാരണങ്ങള്‍.

ശ്വാസതടസ്സത്തിന്റെ കാരണങ്ങള്‍ കണ്ടെത്താനായി പല പരിശോധനകള്‍ വേണ്ടിവരാം. ഹൃദ്രോഗം തിരിച്ചറിയാനായി ഇ.സി.ജി.യും മറ്റുകാരണങ്ങള്‍ കണ്ടെത്താനായി നെഞ്ചിന്റെ എക്‌സ്-റേയും എടുക്കുകയാണ് രോഗനിര്‍ണയത്തിന് ഏറ്റവും ലളിതമായ മാര്‍ഗം. കൂടാതെ കഫം, രക്തം എന്നിവയുടെ പരിശോധനയും സ്‌കാനിങ്ങും മറ്റും വേണ്ടിവന്നേക്കാം.

പി.എഫ്.ടി (സൈ്പറോമെട്രി)
ശ്വാസതടസ്സത്തിന്റെ കാരണം കണ്ടെത്താന്‍ ഏറ്റവും പ്രയോജനപ്പെടുന്ന ഒരു പരിശോധനയാണ് സ്‌പൈറോമെട്രി. രോഗിയുടെ ശ്വാസോച്ഛ്വാസത്തിലൂടെ ശ്വാസകോശത്തിനുള്ളിലേക്കും പുറത്തേക്കും കയറിയിറങ്ങുന്ന വായുവിന്റെ ഗതിവേഗവും അളവുകളും കമ്പ്യൂട്ടറിന്റെ സഹായത്തോടെ അപഗ്രഥിക്കുന്നതുവഴി ശ്വാസതടസ്സത്തിന്റെ കാരണം കണ്ടെത്താനും ഫലപ്രദമായ ചികിത്സ നിര്‍ണയിക്കാനും കഴിയുന്നു.

ചികിത്സ
ശ്വാസതടസ്സത്തിന്റെ കാരണം മനസ്സിലാക്കി വേണം ചികിത്സ തുടങ്ങേണ്ടത്. ആസ്ത്മയ്ക്കും ക്രോണിക് ബ്രോങ്കൈറ്റിസിനും ഇന്‍ഹേലര്‍ ചികിത്സയാണ് അഭികാമ്യം. നേരിട്ട് ശ്വാസകോശത്തില്‍ (എവിടെയാണോ ഔഷധം പ്രവര്‍ത്തിക്കേണ്ടത്, അവിടേക്ക്) കടന്നുചെല്ലുന്നതിനാല്‍ വളരെ ചെറിയ അളവിലുള്ള മരുന്നുപോലും വളരെവേഗം രോഗശമനമുണ്ടാക്കുന്നു. ഗുളികകളോ കുത്തിവെപ്പോ സ്വീകരിച്ചാല്‍ 10 മുതല്‍ 30 മിനിറ്റിനുള്ളില്‍ മാത്രം ആശ്വാസം ലഭിക്കുമ്പോള്‍ ഇന്‍ഹേലര്‍ ചികിത്സ അതിവേഗം ആശ്വാസം തരുന്നു (സെക്കന്‍ഡുകള്‍ക്കുള്ളില്‍). ഇതേ ഔഷധം വായിലൂടെയോ കുത്തിവെപ്പ്പായോ സ്വീകരിച്ചാല്‍ കൂടിയ ഡോസില്‍ ഉപയോഗിക്കേണ്ടിവരുന്നു.

വായിലൂടെ അകത്താക്കുന്ന മരുന്നുകള്‍ ദഹനേന്ദ്രിയങ്ങള്‍വഴി ആഗിരണം ചെയ്യപ്പെടുകയും രക്തത്തില്‍ കലര്‍ന്ന് ശ്വാസകോശത്തിലെത്തുമ്പോള്‍ ഒപ്പം വൃക്ക, കരള്‍, മസ്തിഷ്‌കം, ഹൃദയം മുതലായ അവയവങ്ങളിലും കടന്നുചെന്ന് പാര്‍ശ്വഫലങ്ങളുണ്ടാക്കുന്നു. ഇങ്ങനെ സ്റ്റീറോയ്ഡ് കലര്‍ന്ന മരുന്നുകള്‍ ദീര്‍ഘകാലം ഉപയോഗിച്ചാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, അമിതവണ്ണം, അസ്ഥികള്‍ക്ക് ബലക്കുറവ് മുതലായ കുഴപ്പങ്ങള്‍ക്ക് കാരണമാവുന്നു. എന്നാല്‍, സ്റ്റീറോയ്ഡ് കലര്‍ന്ന ഇന്‍ഹേലറുകള്‍പോലും കൃത്യമായതോതില്‍ ദീര്‍ഘകാലം ഉപയോഗിച്ചാലും യാതൊരു പാര്‍ശ്വഫലങ്ങളുണ്ടാകുന്നില്ല.

കാരണം, ഗുളികകളോ കുത്തിവെപ്പോ എടുക്കുമ്പോള്‍ ശരീരത്തിന്റെ ഉള്ളില്‍ കടക്കുന്ന മരുന്നിന്റെ 1/20 മുതല്‍ 1/40 ഭാഗം മാത്രമേ ഇന്‍ഹേലറുകള്‍ വഴി ഉള്ളില്‍ കടക്കുന്നു; അതുതന്നെ, ശ്വാസകോശത്തില്‍ മാത്രം. അതിനാല്‍ ഇന്‍ഹേലര്‍ ചികിത്സ ഗര്‍ഭിണികള്‍ക്കും കൊച്ചുകുട്ടികള്‍ക്കുംപോലും തികച്ചും സുരക്ഷിതമാണ്. ലോകമാസകലം നടന്നിട്ടുള്ള അനേകം പഠനങ്ങള്‍ ഇക്കാര്യം അസന്ദിഗ്ധമായി തെളിയിച്ചിട്ടുണ്ട്.

ഗുളികകളും കുത്തിവെപ്പും കൊണ്ടുമാത്രം ചികിത്സിച്ചാല്‍ ശ്വാസതടസ്സത്തിന് കുറച്ചൊക്കെ ആശ്വാസമുണ്ടാകുമെങ്കിലും ശ്വാസകോശത്തിനുണ്ടാവുന്ന നീര്‍ക്കെട്ടിന് മാറ്റമുണ്ടാവാത്തതിനാല്‍ കാലക്രമേണ രോഗം മൂര്‍ച്ഛിക്കുകയും ശ്വാസകോശത്തിന് സ്ഥായിയായ കേടുണ്ടാവുന്നതുവഴി ആസ്ത്മ ചികിത്സിച്ചാലും ഭേദമാവാത്ത ഘട്ടത്തിലെത്തുകയും ചെയ്യുന്നു. എന്നാല്‍ സ്റ്റീറോയ്ഡുകള്‍ അടങ്ങിയ ഇന്‍ഹേലറുകള്‍ ഈ അവസ്ഥ ഫലപ്രദമായി തടയുന്നു. അതിനാല്‍ ഇന്‍ഹേലറുകള്‍ കടുത്ത ആസ്ത്മാരോഗികള്‍ക്കുമാത്രമാണ് വേണ്ടിവരിക എന്ന തെറ്റിദ്ധാരണ അകറ്റി ആരംഭദശയില്‍ത്തന്നെ ഈചികിത്സ സ്വീകരിക്കുകയാണ് അഭികാമ്യം.

ഇന്‍ഹേലറുകള്‍ ഉപയോഗിച്ചുതുടങ്ങിയാല്‍പ്പിന്നെ അവയില്ലാതെ ജീവിക്കാനാവില്ലെന്നും അവ അഡിക്ഷനുണ്ടാക്കുമെന്നുമുള്ള ധാരണ തെറ്റാണ്. അത്തരത്തിലുള്ള മരുന്നുകള്‍ ഒന്നുംതന്നെ അവയിലില്ല. എന്നാല്‍ രോഗകാഠിന്യം കൂടിയവരില്‍ ഇവ ദീര്‍ഘകാലം (ചിലര്‍ക്ക് ജീവിതകാലം മുഴുവനും) വേണ്ടിവന്നേക്കാം. പക്ഷേ, അതുകൊണ്ട് ഗുണമല്ലാതെ ദോഷമൊന്നുമില്ലതാനും.

ഒരിക്കല്‍ ഇന്‍ഹേലര്‍ ഉപയോഗിച്ചിട്ട് ഫലം കിട്ടിയില്ല എന്ന കാരണത്താല്‍ ഈ ചികിത്സയില്‍ വിശ്വാസം നഷ്ടപ്പെട്ടവര്‍ ധാരാളമുണ്ട്. എന്നാല്‍ ഇതു ശരിയല്ല, കാരണം ഒരിക്കല്‍ ഉപയോഗിച്ച ഔഷധം കൂടാതെ മറ്റനേകം ഔഷധങ്ങള്‍ ഇന്‍ഹേലര്‍ രൂപത്തില്‍ ലഭ്യമാണല്ലോ. അവയില്‍ മറ്റൊന്ന് ഫലിച്ചേക്കാം. മാത്രമല്ല, ആദ്യം ശരിയായ രീതിയിലും ഡോസിലുമായിരിക്കില്ല ഉപയോഗിച്ചതെന്നുംവരാം.

എല്ലാ ആസ്ത്മാരോഗികളെയും ഇന്‍ഹേലര്‍ ഉപയോഗിച്ചുമാത്രം ചികിത്സിക്കാന്‍ കഴിഞ്ഞെന്നുവരില്ല. അങ്ങനെയുള്ളവര്‍ക്ക് ഗുളികകള്‍, സിറപ്പുകള്‍, കുത്തിവെപ്പുകള്‍ മുതലായവ വേണ്ടിവരാം. ഡെറിഫിലിന്‍, ബാംബുടറോള്‍, മോന്റീലുകാസ്റ്റ്, കിറ്റോറ്റിഫന്‍, സ്റ്റീറോയ്ഡ് ഗുളികകള്‍ മുതലായവ കൂടുതല്‍ കടുത്ത രോഗമുള്ളവര്‍ക്കുവേണ്ടിവരുന്നു.

ഡോ. പി. വേണുഗോപാല്‍
venuparijatham@gmail.com