Representative Image| Photo: Gettyimages
തൈറോയ്ഡ് ഹോര്‍മോണിന്റെ ഉത്പാദനത്തിന് തടസ്സം നില്‍ക്കുന്ന ചില ഭക്ഷ്യവസ്തുക്കള്‍ ഉണ്ട്. ഇവയെ ഗോയിട്രോജന്‍സ് എന്ന് വിളിക്കുന്നു. ഇവയിലെ ചില ഘടകങ്ങളാണ് തൈറോയ്ഡ് ഹോര്‍മോണിന്റെ ഉത്പാദനത്തിന് തടസ്സമാകുന്നത്.
സോയാബീന്‍സ്, ക്രൂസിഫറസ് വിഭാഗത്തില്‍പ്പെടുന്ന കോളിഫ്‌ളവര്‍, കാബേജ്, ബ്രോക്കോളി തുടങ്ങിയവയാണ് ഗോയിട്രോജന്‍സിന്‍ മുന്‍പന്തിയില്‍ ഉള്ളത്. ഇവയില്‍ അടങ്ങിയിരിക്കുന്ന ഐസോതയോസൈനേറ്റ് ആണ് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നത്. സോയയില്‍ അടങ്ങിയിരിക്കുന്ന ഐസോഫ്‌ളേവോണ്‍സ് എന്ന ഘടകവും തൈറോയ്ഡ് ഉത്പാദനത്തെ ബാധിക്കുന്നുണ്ട്.
മരച്ചീനി, ബ്രോക്കോളി, കാബേജ്, കോളിഫ്‌ളവര്‍, നിലക്കടല, കടുക്, റാഡിഷ്, ചീര, സ്‌ട്രോബെറി, മധുരക്കിഴങ്ങ് തുടങ്ങിയവയിലും തയോസൈനേറ്റ് അടങ്ങിയിട്ടുണ്ട്. ആപ്പിള്‍, ഓറഞ്ച്, സോയ, ചായ പ്രത്യേകിച്ച് ഗ്രീന്‍ ടീ എന്നിവയിലും പ്രധാനമായും ഫ്‌ളേവോണ്‍സ് അടങ്ങിയിരിക്കുന്നു.
ഗോയിട്രോജന്‍സ് ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കേണ്ട ആവശ്യം ഇല്ല. ഉപയോഗം പരിമിതപ്പെടുത്തിയാല്‍ മതിയാകും.
ഹൈപ്പോതൈറോയ്ഡിസം
ഒഴിവാക്കുകയോ, നിയന്ത്രിക്കുകയോ ചെയ്യേണ്ട ഭക്ഷണങ്ങള്‍: ക്രൂസിഫറസ് പച്ചക്കറികള്‍(കാബേജ്, കോളിഫ്‌ളവര്‍, ബ്രോക്കോളി തുടങ്ങിയവ), സോയയും ഉത്പന്നങ്ങളും, മരച്ചീനി, മധുരക്കിഴങ്ങ്, റാഡിഷ്, അമിതമധുരം ഉള്ള ഭക്ഷ്യവസ്തുക്കള്‍, നിലക്കടല, ഗ്രീന്‍ ടീ.
നിയന്ത്രിക്കേണ്ടവ: മൈദ, ഗോതമ്പ്, ചായ, കാപ്പി, എണ്ണയില്‍ വറുത്ത ഭക്ഷ്യവസ്തുക്കള്‍, കൃത്രിമ പാനീയങ്ങള്‍.
ഉള്‍പ്പെടുത്തേണ്ടവ: അയഡൈസ്ഡ് ഉപ്പ്, കടല്‍ മത്സ്യങ്ങള്‍, പാലും, പാലുത്പന്നങ്ങളും, മുഴുധാന്യങ്ങള്‍, പഴവര്‍ഗങ്ങള്‍, ജീവികം ഡി അടങ്ങിയ ഭക്ഷണങ്ങള്‍.
ഹെപ്പര്‍ തൈറോയ്ഡിസം
ഒഴിവാക്കേണ്ടവ: മുട്ടയുടെ മഞ്ഞക്കരു, പാല്‍, പാല്‍ ഉത്പന്നങ്ങള്‍, അയഡിന്‍ഡ ചേര്‍ന്ന ഉപ്പിന്റെയും കടല്‍ മത്സ്യങ്ങളുടെയും ഉപയോഗം കുറയ്ക്കുക.
ഉള്‍പ്പെടുത്തേണ്ടവ: അയഡിന്‍ അളവ് കുറഞ്ഞ ഉപ്പ്, മുഴുധാന്യങ്ങള്‍, കാപ്പി, ചായ, ക്രൂസിഫറസ് പച്ചക്കറികള്‍, സോയാ ഉത്പന്നങ്ങള്‍.
തൈറോയ്ഡ് ഗ്രന്ഥിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് ആന്റിഓക്‌സിഡന്റുകള്‍ ചേര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ കഴിക്കേണ്ടതാണ്. ആപ്പിള്‍, അവക്കാഡോ, കാരറ്റ്, ഓമേഗ 3 ഫാറ്റി ആസിഡുകള്‍, ജീവകം സി അടങ്ങിയ പഴവര്‍ഗങ്ങള്‍ ആയ ഓറഞ്ച്, മുസംബി, പേരയ്ക്ക, ജീവകം ഇ അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ എന്നിവ ഉള്‍പ്പെടുത്തുക.
അയഡിന്റെ ആവശ്യകത
ഭക്ഷണത്തില്‍ നിന്ന് ലഭിക്കുന്ന അയഡിന്‍ ഉപയോഗിച്ചാണ് തൈറോയ്ഡ് ഗ്രന്ഥി ഹോര്‍മോണ്‍ ഉത്പാദനം നടത്തുന്നത് ഈ ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഭംഗം വരുമ്പോള്‍ ഹോര്‍മോണ്‍ അളവില്‍ ഏറ്റക്കുറച്ചിലുകള്‍ വരാം.
അയഡിന്‍ കുറവുകൊണ്ടുണ്ടാകുന്നതില്‍ ഏറ്റവും പ്രകടമായ ആരോഗ്യപ്രശ്‌നങ്ങളില്‍ ഒന്ന് ഗോയിറ്റര്‍ തന്നെയാണ്. ശാരീരിക വളര്‍ച്ചയ്ക്കും ബുദ്ധിവികാസത്തിനും ആഹാരത്തില്‍ നിന്നും ഒരു നിശ്ചിത അളവില്‍ അയഡിന്‍ ലഭിക്കേണ്ടതുണ്ട്. ഒരു ദിവസത്തെ ഭക്ഷണത്തില്‍ 150-200 മൈക്രോഗ്രാം അയഡിന്‍ അടങ്ങിയിരിക്കണം എന്നാണ് കണക്ക്. അയഡിന്റെ അളവ് കൂടുന്നതും ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.
അയഡിന്റെ ഉറവിടങ്ങള്‍
അയഡിന്റെ ഏറ്റവും നല്ല സ്രോതസ്സ് കടല്‍ മത്സ്യങ്ങളാണ്. എന്നാല്‍ ചില മീനുകളില്‍ അയഡിന്‍ തലയിലും ചെകിളപ്പൂവിലും ആണ് ശേഖരിക്കപ്പെടുന്നത്. എന്നാല്‍ പലരും മീനിന്റെ തലയും ചെകിളപ്പൂവും ഒഴിവാക്കുന്നതിനാല്‍ അയഡിന്‍ വേണ്ടത്ര ലഭിക്കുകയില്ല.
കടലില്‍ വളരുന്ന കെല്‍പ്പ് എന്നറിയപ്പെടുന്ന ഒരു തരം പച്ചപ്പായല്‍ അയഡിന്റെ പ്രധാന ഉറവിടമാണ്. ഇത് സാലഡ് ഡ്രസ്സിങ്ങിന് ഉപയോഗിക്കുന്നു. കിഴങ്ങുവര്‍ഗങ്ങള്‍, പയറുവര്‍ഗങ്ങള്‍, മുട്ട എന്നിവ അയഡിന്റെ സ്രോതസ്സുകളാണ്.
അയഡിന്‍ ഉപ്പ് എങ്ങനെ സൂക്ഷിക്കാം
- ഉപ്പ് പാത്രം നേരിട്ട് ചൂട് തട്ടുന്ന സ്ഥലങ്ങളില്‍ വെക്കരുത്.
- സൂര്യപ്രകാശം നേരിട്ട് കിട്ടുന്ന സ്ഥലങ്ങളില്‍ വെക്കാന്‍ പാടില്ല.
- ഉപ്പ് പാത്രം തുറന്നുവെക്കാന്‍ പാടില്ല.
- ഉപ്പില്‍ വെള്ളം ചേര്‍ത്തുവെച്ചാല്‍ അയഡിന്‍ നഷ്ടം വരും.
Content Highlights: Best diet for Thyroid problems-Hypothyroidism-Hyperthyroidism- What to eat for thyroid patients
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..