മനസ്സു തുറന്ന് സംസാരിച്ചോളൂ; ടെൻഷൻ, സ്‌ട്രെസ്, വിഷാദം എന്നിവ കുറയ്ക്കാനാവും


ഡോ.സെബിൻ എസ്.കൊട്ടാരം

Representative Image | Photo: Canva.com

പ്രായമായ ചില ആളുകളെ കാണുമ്പോൾ, സംസാരം നിർത്തുന്നതേയില്ലല്ലോ എന്ന് ചിലപ്പോഴെങ്കിലും തോന്നിയിട്ടില്ലേ. പ്രായമായവരും ഏകാന്തത അനുഭവിക്കുന്നവരുമൊക്കെ എത്ര സംസാരിച്ചാലും മതിവരാത്തവരാണ്. സംസാരിക്കാൻ അധികംപേരില്ലാത്തതാവാം ഒരുപക്ഷേ, സംസാരം നീട്ടാൻ കാരണം.

മനുഷ്യബന്ധങ്ങൾക്ക് നൽകാൻ പറ്റിയ മികച്ച വ്യായാമമാണ് സംസാരം. പലപ്പോഴും ബന്ധങ്ങളിലെ അകൽച്ചയ്ക്കും വേർപ്പെടുത്തലുകൾക്കുമെല്ലാം സംസാരക്കുറവ് വലിയ പങ്കുവഹിക്കുന്നുണ്ട്. ബന്ധങ്ങളെ ശക്തമാക്കുക മാത്രമല്ല, ഭാഷ പഠിക്കാൻകൂടി സഹായകമാകുന്നത് വ്യക്തികൾ തമ്മിലുള്ള സംഭാഷണങ്ങളിലൂടെയാണ്. കൊച്ചുകുട്ടിയുടെ ആശയവിനിമയശേഷി വികസിക്കുന്നത് ആ കുട്ടി ചുറ്റുപാടിൽനിന്ന് കേൾക്കുന്ന സംഭാഷണങ്ങളിലൂടെയാണ്. പക്ഷേ, പലപ്പോഴും തിരക്കുപിടിച്ചജീവിതത്തിൽ ആളുകൾ കുറയ്ക്കുന്നതും പരസ്പരമുള്ള സംസാരമാണ്. ഉള്ളുതുറന്നുള്ള സംസാരം പല പ്രശ്‌നങ്ങൾക്കും പരിഹാരമുണ്ടാക്കും. മാനസികസമ്മർദം, ഉത്കണ്ഠ, വിഷാദം തുടങ്ങിയ വിവിധ മാനസികപ്രശ്‌നങ്ങൾക്കും പരിഹാരമായി ഇന്ന് മനശ്ശാസ്ത്രജ്ഞർ ഉപയോഗിക്കുന്നതും കോഗ്‌നിറ്റീവ് ബിഹേവിയർ തെറാപ്പി (CBT) പോലെയുള്ള ടോക് തെറാപ്പികളാണ് (talk therapy).

ഉള്ളിലുള്ള വിഷമം ആരോടെങ്കിലും ഒന്ന് പറയാൻകഴിയാതെ വീർപ്പുമുട്ടുന്ന ധാരാളം പേരുണ്ടാകും. ആരോടും പറയാതെ ഉള്ളിലടക്കിവെച്ച് ഒടുവിൽ സ്വയം ജീവനൊടുക്കുന്ന സംഭവങ്ങളുമുണ്ട്. അപ്പോൾ സംസാരമെന്നത് അത്ര നിസ്സാരമല്ലെന്ന് ചുരുക്കം. അത് ഒരാളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ ഏറെ സഹായിക്കുന്നുണ്ട്. അതുകൊണ്ടാണ് അമേരിക്ക ഉൾപ്പെടെ പല വിദേശരാജ്യങ്ങളിലും ആളുകൾക്ക് കടന്നുവന്ന് ഇഷ്ടമുള്ള വിഷയങ്ങൾ സംസാരിക്കാൻ അവസരമൊരുക്കുന്ന 'ടോക്കിങ് പാർലറുകൾ' തുറന്നിരിക്കുന്നത്. സംസാരിക്കാൻ ആരുമില്ലാതെ വീർപ്പുമുട്ടുന്നവർക്ക് ഇത്തരം പാർലറുകൾ വലിയ ആശ്വാസമാണ് നൽകുന്നത്.

കോവിഡ്കാലത്ത് തിരിഞ്ഞുനോക്കാതെ കാടുപിടിച്ചുപോയ പാർക്കുകളും വഴിയോരവിശ്രമകേന്ദ്രങ്ങളുമെല്ലാം വീണ്ടും ആളുകളുടെ സാന്നിധ്യത്താൽ നിറഞ്ഞുതുടങ്ങിയത് ഒറ്റപ്പെട്ട ജീവിതം മനുഷ്യൻ ഇഷ്ടപ്പെടാത്തതിനാലാണ്. കോവിഡ്കാലത്ത് ജോലി നഷ്ടപ്പെട്ട് വീട്ടിലിരിക്കുന്നവർ, രണ്ടുവർഷമായി സ്‌കൂളിൽ പോകാത്ത കുട്ടികൾ, വയോധികർ, തുടങ്ങിയവരൊക്കെ മറ്റുള്ളവരുമായി സംസാരിക്കാൻ സാഹചര്യമില്ലാതെ ഉൾവലിഞ്ഞ് ജീവിക്കുന്ന കാഴ്ച കാണാൻസാധിക്കും. ജോലിസ്ഥലത്തെ ഇടവേളകളിലെ സൗഹൃദസംഭാഷണങ്ങൾ പലർക്കും വലിയ ആശ്വാസമായിരുന്നുവെന്ന് തിരിച്ചറിയുന്നത് 'വർക്ക് ഫ്രം ഹോമി'ലേക്കും ജോലി നഷ്ടപ്പെട്ട് വീട്ടിലിരിക്കേണ്ടിവന്ന അവസ്ഥയിലേക്കും മാറിയപ്പോഴാണെന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.

Also Read

മനസ്സിന് അസുഖം തോന്നിയാൽ ശാസ്ത്രീയ ചികിത്സ ...

മൃ​ഗങ്ങളുടെ കടിയേറ്റയുടൻ സോപ്പ് ഉപയോ​ഗിച്ച് ...

പെട്ടെന്ന് ഭാരം കുറയ്ക്കാൻ എളുപ്പവഴി തേടല്ലേ, ...

അത്രയ്ക്ക് പേടിക്കേണ്ടതുണ്ടോ പനിയെ? ലക്ഷണങ്ങൾ ...

എപ്പോഴൊക്കെയാണ് ബൈപാസ്‌ സർജറി വേണ്ടിവരുന്നത്? ...

സംസാരത്തിന്റെ ഗുണങ്ങൾ

ഒരു വ്യക്തിക്ക് ആ വ്യക്തിയോടും മറ്റുള്ളവരോടുമുള്ള ബന്ധത്തെ ശക്തിപ്പെടുത്താൻ ഏറെ സഹായകരമാണ് തുറന്ന സംസാരങ്ങൾ.
ഒരു വ്യക്തി തന്നോടുതന്നെ സംസാരിക്കുന്നതാണ് ആത്മഭാഷണം (self talk). തന്നെക്കുറിച്ചുള്ള മനോഭാവങ്ങളും കാഴ്ചപ്പാടുകളും അഭിപ്രായങ്ങളുമാണ് ആത്മഭാഷണത്തിൽ നിറയുന്നത്. ഇത് പ്രസാദാത്മകമോ നിഷേധാത്മകമോ ആകാം. നിഷേധാത്മകമാണെങ്കിൽ അത് ആ വ്യക്തിയുടെ ഉത്പാദനക്ഷമതയെയും, (productivtiy) സന്തോഷത്തെയും സമാധാനത്തെയും കുറയ്ക്കാൻ കാരണമാവുന്നു. ഇവർക്ക് ആത്മാഭിമാനവും ആത്മവിശ്വാസവും കുറവായിരിക്കും. എന്നെ ഒന്നിനും കൊള്ളില്ല എന്നതരത്തിലാകും ഇത്തരക്കാരുടെ ആത്മഭാഷണം.
എന്നാൽ, പ്രസാദാത്മകമായ ആത്മഭാഷണം നടത്തുന്നവർ തങ്ങളിലെ നന്മകൾ, തന്റെ കഴിവുകൾ, അനുഗ്രഹങ്ങൾ എന്നിവയെ വിലമതിക്കുകയും അതിൽ അഭിമാനം കൊള്ളുകയും സന്തോഷിക്കുകയും ചെയ്യും. കൂടുതൽ മികവുറ്റ നേട്ടങ്ങൾ സ്വന്തമാക്കാൻ ഇത്തരം ചിന്ത അവരെ സഹായിക്കുന്നു.

സാമൂഹിക ബന്ധവും സംസാരവും

ഏറ്റവും നല്ല രീതിയിൽ മറ്റുള്ളവരുമായി തുറന്നുസംസാരിക്കുന്നവർക്ക് സമൂഹത്തിലും സ്വീകാര്യത ഏറെയായിരിക്കും. തുറന്ന് സംസാരിക്കുന്നവരുടെ വാക്കുകൾ ആദ്യം കേൾക്കുമ്പോൾ ചിലപ്പോൾ ചിലർക്ക് ബുദ്ധിമുട്ട് തോന്നാമെങ്കിലും ദീർഘകാലത്തേക്ക് ആളുകൾ വിശ്വസിക്കുന്നത് തുറന്നുസംസാരിക്കുന്നവരെയാണ്.

അതേസമയം, മനസ്സിൽ ഒന്ന് ചിന്തിക്കുകയും മറ്റൊന്ന് പറയുകയും ചെയ്യുന്നവരുണ്ട്. ഇത്തരക്കാർ ഒരാളെക്കുറിച്ച് ആ വ്യക്തിയോട് ഒന്ന് പറയുകയും മറ്റുള്ളവരോട് കടകവിരുദ്ധമായി സംസാരിക്കുകയും ചെയ്യും. ഇവരെ ആളുകൾ അധികം വിശ്വസിക്കില്ല.

സംസാരം നൽകുന്ന നേട്ടങ്ങൾ

  • പരസ്പരമുള്ള സംസാരസമയം വർധിപ്പിക്കുന്നത് ദാമ്പത്യജീവിതത്തിൽ, ബിസിനസിൽ, ജോലിയിൽ, ഒക്കെ ബന്ധങ്ങളെ കൂടുതൽ ഊഷ്മളമാക്കും.
  • പുതിയ ആശയങ്ങൾ സംസാരത്തിലൂടെ പിറവിയെടുക്കുന്നു.
  • ഒരാളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും സംസാരത്തിന് കഴിയും.
  • ഒരാളുടെ വ്യക്തിത്വത്തിന്റെ പ്രതിഫലനമാണ് സംസാരം.
  • മുറിഞ്ഞ ബന്ധങ്ങളെ വിളക്കാൻ സംസാരം സഹായിക്കുന്നു.
  • ടെൻഷൻ, സ്‌ട്രെസ്, വിഷാദം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.
  • മധുരമായതും ആത്മാർഥത നിറഞ്ഞതുമായ വാക്കുകൾ മറ്റുള്ളവരെ നിങ്ങളിലേക്കാകർഷിക്കുന്നു.
  • പ്രശ്‌നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്നു.
  • സാമൂഹികപിന്തുണ ഉറപ്പാക്കുന്നു.
  • വികാരങ്ങൾ അടക്കിവയ്ക്കാതെ മറ്റുള്ളവരുമായി തുറന്ന് പങ്കുവയ്ക്കുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്തും, പ്രശ്‌നങ്ങളെ ശരിയായ രീതിയിൽ നേരിടാൻ സഹായിക്കുകയും ചെയ്യും.
കൺസൾട്ടന്റ് സൈക്കോളജിസ്റ്റും മോട്ടിവേഷണൽ ട്രെയിനറുമാണ് ലേഖകൻ

ആരോ​ഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്

Content Highlights: benefits of talking therapy, why talking is important


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented