ഉപ്പ് പലതരമുണ്ട്; അവ ഉപയോഗിക്കുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം


ഡോ. കെ.എസ്. രജിതന്‍

2 min read
Read later
Print
Share

ആഹാരത്തിന് രുചി പകരുന്നതുമാത്രമല്ല, ഉപ്പിന് മറ്റുചില ഗുണങ്ങള്‍ കൂടിയുണ്ട്. എന്നാല്‍ അളവ് കൂടിയാല്‍ അത് രുചിയെയും ആരോഗ്യത്തെയും ബാധിക്കും

Representative Image| Photo: Gettyimages

യുര്‍വേദത്തില്‍ കറിയുപ്പിനെക്കുറിച്ചും മറ്റുതരം ഉപ്പുകളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്നുണ്ട്. രസങ്ങളില്‍ ലവണ വര്‍ഗത്തിലാണ് ആയുര്‍വേദം ഉപ്പിനെക്കുറിച്ച് വിവരിക്കുന്നത്. ആഹാരത്തിന് രുചി വേണമെങ്കില്‍ കറിയുപ്പ് പ്രധാന ഘടകമാണ്. മാത്രമല്ല ചിലതരം ഭക്ഷണ പദാര്‍ഥങ്ങള്‍ കേടുകൂടാതെ ദീര്‍ഘകാലം സൂക്ഷിക്കുന്നതിനും ഉപ്പ് ഉപയോഗിക്കുന്നു. സോഡിയവും ക്ലോറൈഡും നിശ്ചിത അളവില്‍ ശരീരത്തിന് ആവശ്യമാണ്.

രക്തസമ്മര്‍ദം ശരിയായ രീതിയില്‍ നിലനിര്‍ത്തുന്നതില്‍ സോഡിയം പ്രധാന ഘടകമാണ്. ഹൃദയം, പേശികള്‍, നാഡികള്‍ എന്നിവയുടെ പ്രവര്‍ത്തനത്തിലും സോഡിയത്തിന് പ്രധാന പങ്കുണ്ട്.

ക്ലോറൈഡിന്റെ അംശം ശരീരത്തിലെ ജലത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നു. മാത്രമല്ല, ദഹനത്തെ സഹായിക്കുന്നു. ഉപ്പ് ഉഷ്ണവീര്യമേറിയതും തീക്ഷണവുമാണ്. രുചി പ്രദാനം ചെയ്യുന്ന ഉപ്പ് ദീപനശക്തി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

അമിതോപയോഗം അപകടം

എല്ലാ വിധത്തിലും ശരീരത്തിന് അത്യന്താപേക്ഷിതമായ ഘടകമാണെങ്കിലും കറിയുപ്പിന്റെ അമിതോപയോഗം ദോഷം ചെയ്യും. ഉപ്പ് കൂടുതല്‍ കഴിച്ചാല്‍ ഛര്‍ദിയും വയറിളക്കവും വരാം. ശരീരം കൂടുതല്‍ തടിച്ചുവരും. ശരീരത്തില്‍ നീരും വരും. ത്വഗ്രോഗങ്ങളും ഉണ്ടാകും.

ഉപ്പ് കൂടുതലായി കഴിക്കുന്നത് രക്തവാതം ഉണ്ടാകാന്‍ കാരണമായേക്കും. ഉപ്പ് കൂടിയ അളവില്‍ ദീര്‍ഘകാലം ഉപയോഗിച്ചാല്‍ അകാലനര, അകാല വാര്‍ധക്യം എന്നിവ ബാധിക്കും. കറിയുപ്പ് കൂടുതലായി ഉപയോഗിക്കുന്നതുകൊണ്ട് ശരീരത്തിന്റെ ഓജസ്സ് നശിക്കുകയും ശരീരം ക്ഷയിക്കുകയും ചെയ്യുന്നു.

വേദന ശമിപ്പിക്കാന്‍

  • അല്പമായ അളവില്‍ ഉപ്പ് ഉപയോഗിക്കുന്നത് ഉമിനീര്‍ ഗ്രന്ഥികളുടെയും പചനഗ്രന്ഥികളുടെയും പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു.
  • കടലില്‍ നിന്ന് എടുക്കുന്ന ഉപ്പില്‍ അയഡിന്‍ അടങ്ങിയിട്ടുള്ളതുകൊണ്ട് ഗോയിറ്റര്‍ പോലുള്ള ഗ്രന്ഥിവീക്കങ്ങള്‍ തടയാന്‍ കഴിയും.
  • സന്ധിവേദനയും ഗ്രന്ഥിവീക്കവുമുള്ളവര്‍ക്ക് ഉപ്പ് കിഴികെട്ടി സ്വേദിപ്പിക്കാം.
  • തൊണ്ടവേദന, തൊണ്ടയിലെ പഴുപ്പ് എന്നീ രോഗങ്ങളുള്ളവര്‍ ഉപ്പുവെള്ളം കവിള്‍ കൊള്ളുന്നത് നല്ലതാണ്.
  • ആമാശയവ്രണങ്ങളുള്ളവര്‍ ഒരു ടീസ്പൂണ്‍ ഉപ്പ് ഒരു ഗ്ലാസ് തണുത്ത വെള്ളത്തില്‍ കലക്കിക്കുടിച്ചാല്‍ താത്കാലിക ശമനം കിട്ടും.
  • ഉപ്പുവെള്ളം കൊണ്ട് നസ്യം ചെയ്താല്‍ വാതികമായ തലവേദന ശമിക്കും.
  • കുറച്ച് ഉപ്പ് എടുത്ത് വെള്ളത്തില്‍ ചാലിച്ച് ലേപനം ചെയ്താല്‍ വ്രണങ്ങളില്‍ നിന്നുള്ള രക്തസ്രാവം കുറയും.
  • മുറിവെണ്ണയില്‍ ഉപ്പുചേര്‍ത്ത് തിളപ്പിച്ച് ആ ഉപ്പുകൊണ്ടുതന്നെ കിഴികെട്ടി മുറിവെണ്ണയില്‍ മുക്കി ചെറുചൂടോടെ കിഴിവെച്ചാല്‍ നീര്‍ക്കെട്ടുമൂലമുള്ള സന്ധിവേദനയ്ക്ക് ശമനം കിട്ടും.
  • പല്ലുതേക്കുന്നതിനും പല്ല് വൃത്തിയാക്കുന്നതിനും ഉപ്പ് പ്രധാനമാണ്.
ഇന്തുപ്പിന്റെ ഉപയോഗം

ആയുര്‍വേദത്തില്‍ കറിയുപ്പ് ഉള്‍പ്പടെ പത്തുതരം ഉപ്പുകളെക്കുറിച്ച് വിവരിക്കുന്നുണ്ട്. ഇന്തുപ്പ്(സൈന്ധവം), തുവര്‍ച്ചില ഉപ്പ്(സൗവര്‍ച്ചലം), വിളയുപ്പ്(വിഡം), കറിയുപ്പ്(സാമുദ്രം), ഓരുപ്പ്(ഒത്ഭിദം), രോമകം, ഗുഡികാഹ്വയം, ഈഷസൂത്രം, വാലുകേലം, ശൈലമൂലകരോത്ഭവം എന്നിവയാണ് പത്തുതരം ഉപ്പുകള്‍.

ഉപ്പുകളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമായത് ഇന്തുപ്പാണ്. ഇന്തുപ്പ് ജഠരാഗ്നി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ത്രിദോഷങ്ങളെ സമാവസ്ഥയിലാക്കുന്ന ഇന്തുപ്പാണ് ഔഷധാവശ്യത്തിന് കൂടുതലായി ഉപയോഗിക്കുന്നത്. ഇന്തുപ്പ് കഴിച്ചാല്‍ മലബന്ധം കുറയും. വിരേചനത്തെ ഉണ്ടാക്കും. വമന വിരേചനാദി പഞ്ചകര്‍മ ചികിത്സകളില്‍ ഇന്തുപ്പാണ് ഉപയോഗിക്കുന്നത്. ത്രിദോഷങ്ങളായ ഇന്തുപ്പിനും തുവര്‍ച്ചില ഉപ്പിനും ശേഷമാണ് കറിയുപ്പിന്റെ സ്ഥാനം. അതായത്, ഔഷധാവശ്യത്തിന് ത്രിലവണം ചേര്‍ക്കുക, പഞ്ചലവണം ചേര്‍ക്കുക എന്നൊക്കെ വിധിച്ചിട്ടുള്ള സന്ദര്‍ഭങ്ങളില്‍ മൂന്ന് ഉപ്പ് ചേര്‍ക്കുകയാണെങ്കില്‍ ഇന്തുപ്പും തുവര്‍ച്ചില ഉപ്പും വിളയുപ്പും ചേര്‍ക്കണം. അഞ്ചുപ്പുകളാണെങ്കില്‍ ത്രിലവണങ്ങള്‍ക്കൊപ്പം കറിയുപ്പും ഓരുപ്പും ചേര്‍ക്കണം.

(ഔഷധി പഞ്ചകര്‍മ ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റാണ് ലേഖകന്‍)

Content Highlights: Benefits of salts, Different types of Salts, Ayurveda Salts

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Indhu Thamby

1 min

ഏഴാം വയസ്സിലാണ് എനിക്ക് ടൈപ്പ് വണ്‍ പ്രമേഹമുണ്ടെന്ന് തിരിച്ചറിഞ്ഞത്: ചലച്ചിത്ര നടി ഇന്ദു തമ്പി

Oct 20, 2021


.
Premium

9 min

എന്തു കേട്ടാലും കല്ലുപോലെ കരയാതിരിക്കുന്നു എന്നത് ബോള്‍ഡ്‌നസ്സ് അല്ല | അഞ്ജു ജോസഫുമായി അഭിമുഖം

Jul 27, 2023


oily food

1 min

അമിതമായ എണ്ണയുടെ ഉപയോഗം ആരോഗ്യത്തിന് ദോഷകരമാവുന്നത് ഇങ്ങനെയാണ്

Feb 17, 2022


Most Commented