Representative Image| Photo: Gettyimages
ആഹാരത്തിന്റെ മുഖ്യ ധാരയിലേക്ക് യവം എന്ന ധാന്യം വന്നുകൊണ്ടിരിക്കുന്നു. കാലം കൊണ്ടുവന്ന ഒരു മാറ്റമാണ് ഇത്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഒരു പ്രധാന ആഹാരമായിരുന്നു യവം. പിന്നീട് അരിയും ഗോതമ്പും മറ്റ് ധാന്യങ്ങളും ഇഷ്ടഭക്ഷണമായി മാറി. ആഹാരത്തിന്റെ കാര്യത്തില്‍ ഈ തിരിച്ചുപോക്കിന് കാരണം ജീവിതശൈലീരോഗങ്ങള്‍ തന്നെ. അമിതവണ്ണവും പ്രമേഹവും എടുത്തുപറയാവുന്ന ഉദാഹരണങ്ങള്‍. ഈ പശ്ചാത്തലത്തില്‍ യവത്തെക്കുറിച്ച് കൂടുതല്‍ അറിയേണ്ടതുണ്ട്.
ബാര്‍ലി വര്‍ഗത്തില്‍പ്പെട്ട ഒരു ധാന്യമാണ് യവം. ആവശ്യത്തിന് അന്നജവും ജീവകങ്ങളും ഉള്ള യവത്തില്‍ ഫൈബര്‍(നാര്) ധാരാളം ഉണ്ട്. കൊഴുപ്പ് ഇല്ലതാനും. അതുകൊണ്ടാണ് അമിതവണ്ണമുള്ളവര്‍ക്ക് ഇത് പ്രധാന ആഹാരമായി മാറുന്നത്. യവം പോഷണമാണ് ബൃംഹണമല്ല(തടിപ്പിക്കുന്നതല്ല).
വിറ്റാമിന്‍ ബി കോംപ്ലക്‌സ്, കാത്സ്യം, പൊട്ടാസ്യം, ഇരുമ്പ്, മഗ്നീഷ്യം, സെലിനിയം മുതലായവയുടെ ജൈവ സാന്നിധ്യം യവത്തിലുണ്ടെന്ന് പോഷകശാസ്ത്ര വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്. യവത്തിന് മാലിന്യങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള കഴിവുണ്ട്. ശ്വാസകോശരോഗങ്ങള്‍ക്ക് ഫലപ്രദമായി ഉപയോഗിക്കുന്ന അഗസ്ത്യരസായനം, വസിഷ്ഠരസായനം, അതിസ്ഥൗല്യത്തില്‍ ഉപയോഗിക്കുന്ന വിഡംഗാദി ചൂര്‍ണം, നാഡീജന്യരോഗങ്ങളില്‍ ഉപയോഗിക്കുന്ന ധാന്വന്തരം കഷായം മുതലായവയില്‍ യവം ഒരു ചേരുവയാണ്. ചുരുക്കിപ്പറഞ്ഞാല്‍ കോശങ്ങളെ വിമലീകരിക്കുന്നതിന് യവം സഹായിക്കുന്നുണ്ട്.
പ്രമേഹരോഗിയുടെ ആഹാരത്തില്‍ യവത്തിന് പ്രാധാന്യമുണ്ട്. കാരണം യവം ഇന്‍സുലിനെ കൂടുതല്‍ പ്രവര്‍ത്തനക്ഷമമാക്കുന്നു. മാത്രമല്ല, പ്രമേഹരോഗികളുടെ ശരീരബലം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. പേശികള്‍, അസ്ഥികള്‍ മുതലായവയ്ക്ക് ക്ഷീണവും തേയ്മാനവും കൂടാതെ സംരക്ഷിക്കുന്നു. ലൈംഗികശേഷി അന്യൂനമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. നാഡീജന്യ രോഗങ്ങളുടെ തീവ്രത കുറയ്ക്കുന്നു.
തൊലിക്കടിയിലും പേശികള്‍ക്കിടയിലും അടിഞ്ഞുകൂടി കിടക്കുന്ന ദുര്‍മേദസ്സിനെ വിലയിപ്പിച്ച് കളയാന്‍ ചൂര്‍ണരൂപത്തിലുള്ള യവം ഉപയോഗിക്കാറുണ്ട്. മുതിരപ്പൊടി, ഭസ്മം മുതലായ സമാനസ്വഭാവമുള്ള പദാര്‍ഥങ്ങളുമായി യോജിപ്പിച്ച് ദേഹത്ത് തേച്ച് തിരുമ്മുന്നത് ഇത്തരം അവസ്ഥകളില്‍ പ്രയോജനപ്രദമായി കാണുന്നു. ' ഉദ്വര്‍ത്തനം' എന്നാണ് ഈ ചികിത്സയുടെ പേര്. യവം കഞ്ഞിവെച്ച് നെല്ലിക്കാപ്പൊടിയും തിപ്പലിപ്പൊടിയും നെയ്യും ചേര്‍ത്ത് (അളവുകള്‍ വ്യക്തികള്‍ക്കനുസരിച്ച് വൈദ്യനിര്‍ദേശാനുസരണം തിട്ടപ്പെടുത്തി) ഉപയോഗിച്ചാല്‍ മലശോധന തൃപ്തികരമാകും.
(കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ അഡീഷണല്‍ ചീഫ് ഫിസിഷ്യനാണ് ലേഖകന്‍)
Content Highlights: Barley, Benefits of barley, Diabetes reducing, Weightloss
ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..