ആര്‍ത്തവം ക്രമമായി വന്നുതുടങ്ങുകയും ഗുഹ്യരോമ വളര്‍ച്ചയുണ്ടാകുകയും ചെയ്തിട്ടും സ്തനവളര്‍ച്ചയുണ്ടാവുന്നില്ല എന്നത് വലിയൊരു പ്രശ്‌നമായി ചിലരെങ്കിലും കരുതാറുണ്ട്. മറ്റു ശാരീരിക-മാനസിക പ്രശ്‌നങ്ങളൊന്നുമില്ലാത്തവര്‍ക്ക് സ്തനവളര്‍ച്ച ഒരു പ്രശ്‌നമേയല്ല. ശരീരപ്രകൃതിയനുസരിച്ച് ചിലരുടേത് തടിച്ച സ്തനങ്ങളാവും, ചിലരുടേത് ശുഷ്‌കമാവും എന്നു മാത്രം. കൂടുതല്‍ കൊഴുപ്പു കലര്‍ന്ന ഭക്ഷണം കഴിക്കുകയും ശരീരം കൂടുതല്‍ തടിക്കുകയും ചെയ്താല്‍ സ്തനവലിപ്പവും തെല്ലു കൂടുമെന്നു മാത്രം. ഗര്‍ഭകാലത്ത് സ്തനവലിപ്പത്തിനും ഘടനയ്ക്കും ഉചിത വ്യതിയാനങ്ങളുണ്ടാകും. ചുരുക്കം ചിലരിലെങ്കിലും കൂടിയ സ്തനവലിപ്പവും പ്രശ്‌നമാകാറുണ്ട്. ഇതൊക്കെ പ്രശ്‌നമാണെന്ന തെറ്റിധാരണയാണ് കുഴപ്പം.

സ്തനവളര്‍ച്ചയ്ക്കു വേണ്ടി മാത്രം ഹോര്‍മോണ്‍ ചികിത്സകളെടുക്കുന്നതും ലേപനങ്ങള്‍ പുരട്ടുന്നതുമൊന്നും പ്രയോജനം ചെയ്യാറില്ല.ലേപനങ്ങളൊ ഔഷധങ്ങളൊ പുരട്ടിയാല്‍ സ്തനവലിപ്പം കൂടുമെന്നത് മിഥ്യാധാരണയാണ്. ഹോര്‍മോണുകളടങ്ങിയ മരുന്നുകള്‍ സ്തനങ്ങളുടെ വലിപ്പം വര്‍ധിപ്പിച്ചേക്കാം. പക്ഷേ, ഇവ മറ്റ് പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുംമെന്നത് തിര്‍ച്ചയാണ്. ശരീരപ്രകൃതി സ്വന്തം വ്യക്തിത്വത്തിന്റെ ഭാഗമായി അംഗീകരിക്കാനുള്ള ആത്മവിശ്വാസം നേടുകയാണ് വേണ്ടത്. പെണ്‍കുട്ടിയുടെ ഏറ്റവും വലിയ കൈമുതല്‍ ആത്മവിശ്വാസംതന്നെ.


സ്തനവലിപ്പവും ലൈംഗികതയും


സ്തനവലിപ്പം ലൈംഗികതയെ ബാധിക്കുമെന്നത് തെറ്റിധാരണയാണ്. ശരീര പ്രകൃതിയാണ് സ്തനവലിപ്പം നിര്‍ണയിക്കുന്നത്. പാരമ്പര്യം, പ്രായം, പ്രസവം, മുലയൂട്ടല്‍ തുടങ്ങിയവ സ്തനത്തിന്റെ വലിപ്പത്തിന് മാറ്റം വരുത്താം. ശരീരത്തിന് മൊത്തത്തില്‍ വണ്ണം വയ്ക്കുകയും കൊഴുപ്പടിയുകയും ചെയ്യുമ്പോള്‍ സ്തനങ്ങളുടെ വലിപ്പം കൂടുന്നു.


സ്തനവളര്‍ച്ചയുടെ ആരംഭം


കൗമാരത്തിന്റെ തുടക്കത്തില്‍ ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഉല്‍പാദിപ്പിച്ചു തുടങ്ങുന്നതോടെയാണ് സ്തനവളര്‍ച്ചയുടെ ആരംഭം. പ്രൊജസ്‌ട്രോണ്‍, പ്രൊലാക്ടിന്‍ തുടങ്ങിയ ഹോര്‍മോണുകള്‍കൂടി പ്രവര്‍ത്തനം തുടങ്ങുന്നതോടെ ഘട്ടംഘട്ടമായി സ്തനംകൂടുതല്‍ വികസ്വരമാവുന്നു. ഗര്‍ഭകാലത്ത് ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളുടെ ഫലമായി സ്തനങ്ങള്‍ക്ക് കൂടുതല്‍ വലിപ്പവും മൃദുത്വവുമുണ്ടാകും. പ്രസവാനന്തരം പാലുല്‍പാദിപ്പിച്ചുതുടങ്ങും.

മുന്തിരിപ്പഴത്തിന്റെ ആകൃതിയിലുള്ള അടരറകളിലാണ് പാല്‍ ഉല്‍പാദിപ്പിക്കുന്നത്. മുലക്കണ്ണിലേക്ക് തുറക്കുംവിധം ക്രമീകരിക്കപ്പെട്ടവയാണ് അറകള്‍. ഈ ക്രമീകരണമാണ് സ്തനത്തിന് സവിശേഷ ആകൃതി നല്‍കുന്നത്. ഓരോ ചെറിയ അടരറയില്‍നിന്നും മുലപ്പാല്‍ ഒഴുകി മുന്‍ഭാഗത്തുള്ള സംഭരണികളിലെത്തും. ഈ സംഭരണികള്‍ മുലക്കണ്ണിലെ 1520 ചെറുസുഷിരങ്ങളിലൂടെ പുറത്തേക്കു തുറക്കുന്നു. ഉദ്ധാരണശേഷിയുള്ള കലകള്‍ കൊണ്ടു നിര്‍മിതമാണ് മുലക്കണ്ണുകള്‍. കുഞ്ഞ്പാല്‍ കുടിക്കാനൊരുങ്ങുമ്പോഴും ലൈംഗികോത്തേജനമുണ്ടാകുമ്പോഴും തണുപ്പുള്ളപ്പോഴും മുലക്കണ്ണ് ഉദ്ധൃതമാവും.

മുലക്കണ്ണുകള്‍ക്കു ചുറ്റുമുള്ള നേരിയ ഇരുണ്ട ഭാഗമാണ് ഏരിയോള . മുലക്കണ്ണിലും ഏരിയോളയിലും നിരവധി നാഡീതന്തുക്കളുള്ളതിനാല്‍ വളരെയധികം സ്പര്‍ശ സംവേദനശേഷിയുണ്ടാവും. പേശീതന്തുക്കളും കൊഴുപ്പുമൊക്കെ ചേര്‍ന്നാണ് സ്തനങ്ങള്‍ക്ക് രൂപവും മാര്‍ദ്ദവവും നല്‍കുന്നത്. സ്തനം ഒരു ലൈംഗികാവയവം കൂടിയാണെന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

കടപ്പാട്:


ഡോ. ഖദീജാ മുംതാസ്,
ഡോ. പ്രീതാ രമേഷ്