ആദ്യാര്‍ത്തവം, ഗര്‍ഭധാരണം, പ്രസവം എന്നിവയൊക്കെപ്പോലെ സ്ത്രീജീവിതത്തിലെ ഒരു സുപ്രധാന വഴിത്തിരിവുതന്നെയാണ് ആര്‍ത്തവവിരാമവും. കേരളത്തിലെ സാമൂഹ്യ, ആരോഗ്യ സാഹചര്യങ്ങള്‍ ഇന്ന് ഏറെ മെച്ചപ്പെട്ടുകഴിഞ്ഞു. ഇതിന്റെ ഫലമായി ആയുസ്സും വര്‍ദ്ധിച്ചു. 45-55 വയസിനിടെ ആര്‍ത്തവം നിലയ്ക്കുന്ന സ്ത്രീ അതിനുശേഷവും ചുരുങ്ങിയത് 15-20 വര്‍ഷമെങ്കിലും സുഖമായി ജീവിക്കുന്നു. അതുകൊണ്ടുതന്നെ ആര്‍ത്തവാനന്തര കാലത്തെ ആരോഗ്യരക്ഷ കൂടുതല്‍ പ്രധാനവുമാകുന്നു.
എന്താണ് ഋതുവിരാമം?
അണ്ഡാശയങ്ങളില്‍ അണ്ഡോത്പാദനവും ഹോര്‍മോണ്‍ ഉത്പാദനവും നിലയ്ക്കുകയും അതിന്റെ ഫലമായി ആര്‍ത്തവം ഇല്ലാതാവുകയും ചെയ്യുന്ന ശാരീരികപ്രതിഭാസമാണ് ഋതുവിരാമം. അണ്ഡാശയങ്ങളുടെ പ്രവര്‍ത്തനശേഷി കുറയുന്ന സ്വാഭാവികമാറ്റം മാത്രമാണിത്. മലയാളി സ്ത്രീകളുടെ ആര്‍ ത്തവവിരാമപ്രായം 48-50 വയസ്സാണെന്ന് ചില പൊതുനിഗമനങ്ങളുണ്ട്.
അണ്ഡോത്പാദനം നിലയ്ക്കുന്നതോടെ പ്രത്യുല്‍പാദനശേഷി ഇല്ലാതാവുന്നു. ഈസ്ട്രജന്‍ ഹോര്‍മോണിന്റെ അഭാവം ചില സ്ത്രീകളിലെങ്കിലും ശാരീരിക-മാനസിക പ്രത്യാഘാതങ്ങള്‍ ഉളവാക്കാറുണ്ട്. സാധാരണഗതിയില്‍, ശരീരത്തില്‍ പ്രകൃത്യാ ഉണ്ടാകുന്ന ഒരു പരിണാമം മാത്രമാണ് ആര്‍ത്തവവിരാമം. അണ്ഡാശയവും ഗര്‍ഭപാത്രവും നീക്കം ചെയ്തവര്‍, കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കു ചികിത്സ ചെയ്തതുമൂലം ഉണ്ടാകാവു ന്ന പാര്‍ശ്വഫലങ്ങള്‍ അനുഭവിക്കുന്നവര്‍ എന്നിങ്ങനെ ചുരുക്കംചിലരില്‍ നേരത്തെതന്നെ ആര്‍ത്തവവിരാമം ഉണ്ടായി എന്നുവരാം.
അനുബന്ധ പ്രശ്‌നങ്ങള്‍
പൊടുന്നനെ ശരീരത്തിലുണ്ടാകുന്ന ഉഷ്ണം പറക്കല്‍, ത്വക്കില്‍ ചെമപ്പും തുടുപ്പും, അമിത വിയര്‍പ്പ്, കടുത്ത ക്ഷീണം, ദേഷ്യം, ഉറക്കക്കുറവ്, വിഷാദം തുടങ്ങിയ നിരവധി പ്ര ശ്‌നങ്ങള്‍ ഈകാലത്ത് ഉണ്ടാകാറുണ്ട്. ഹോട്ട്ഫ്‌ളഷ് എന്നറിയപ്പെടുന്ന ഉഷ്ണംപറക്കല്‍ ആര്‍ത്തവവിരാമത്തിന്റെ ആദ്യഘട്ടത്തില്‍ 60 ശതമാനം സ്ത്രീക ള്‍ക്കും അനുഭവപ്പെടാറുണ്ട്. പെട്ടെന്നുണ്ടാകുന്നചൂടും വേദനയും ഏതാനും മിനിറ്റുകളേ നീണ്ടുനില്‍ക്കൂ. ഏതാനും വര്‍ഷങ്ങള്‍ക്കകം ഇത് ഭേദമായിക്കൊള്ളും.
സൈ്ത്രണഹോര്‍മോണുകളുടെ അഭാവംമൂലം ഗര്‍ഭപാത്രം, അണ്ഡാശയം, യോനി, യോനീദളങ്ങള്‍, സ്തനങ്ങള്‍ തുടങ്ങിയ സൈ്ത്രണാവയവങ്ങള്‍ ചുരുങ്ങിത്തുടങ്ങും. സ്തനങ്ങള്‍ക്ക് ദൃഢതനഷ്ടപ്പെട്ട് ഇടിഞ്ഞുതൂങ്ങിയേക്കാം. യോനിയില്‍ ഈര്‍പ്പം കുറഞ്ഞ് വരള്‍ച്ചയനുഭവപ്പെടാം. ഇതുമൂലം ലൈംഗികബന്ധം വേദനാജനകമായിത്തീരാം. മൂത്രം പിടിച്ചുനിര്‍ത്താനുള്ള ശേഷി കുറയും. കൂടെക്കൂടെ മൂത്രമൊഴിക്കേണ്ടിവരിക, മൂത്രം ചുടിച്ചില്‍, ചിലര്‍ക്ക് മൂത്രത്തില്‍ പഴുപ്പ് തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാവാറുണ്ട്. ചിലരില്‍ ആര്‍ത്തവം ക്രമേണകുറഞ്ഞ് തീരെ ഇല്ലാതായി നിലയ്ക്കുകയാണ് ചെയ്യുക. 40-45 വയസില്‍ ആര്‍ത്തവം ക്രമം തെറ്റിത്തുടങ്ങുന്നതും സ്രവത്തിന്റെ അളവു ചുരുങ്ങുന്നതും ഋതുവിരാമത്തിന്റെ ഭാഗമായിത്തന്നെ ആയിരിക്കും. അപൂര്‍വം പേരില്‍ പൊടുന്നനെ ആര്‍ത്തവം നിലയ്ക്കുന്നതായും കണ്ടിട്ടുണ്ട്.
ഈസ്ട്രജന്‍ ഒരു കവചം
സൈ്ത്രണതയുടെ കാവലാളാണ് ഈസ്ട്രജന്‍ എന്നു പറയാം. ചര്‍മകാന്തിയും നഖാങ്ങളുടെയും മുടിയുടെയും തിളക്കവും കാത്തുസൂക്ഷിക്കുന്നത് മുഖ്യമായും ഈസ്ട്രജന്‍ ഹോര്‍മോണാണ്. ഹൃദ്രോഗമുള്‍പ്പെടെ നിരവധി ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്ന് സ്ത്രീയെ സംരക്ഷിച്ചു നിര്‍ത്തുന്ന കവചംകൂടിയാണ് ഈസ്ട്രജന്‍. ആര്‍ത്തവവിരാമമാകുന്നതോടെ ശരീരത്തില്‍ ഈസ്ട്രജന്‍ ഇല്ലാതാകുന്നു. ഇത് ചര്‍മകാന്തിയും ശരീരവടിവും നഷ്ടപ്പെടാന്‍ കാരണമാകും. ഹൃദ്രോഗമുള്‍പ്പെടെ നിരവധി രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയും കൂടും.
വൃദ്ധയാകുന്നുവോ?
ആര്‍ത്തവവിരാമമാകുന്നതോടെ സ്ത്രീ വൃദ്ധയാകുന്നില്ല. ശരീരത്തില്‍ അല്‍പം കൊഴുപ്പുനിക്ഷേപമുള്ളവര്‍ക്ക് ചര്‍മകാന്തിയും ദേഹത്തിന്റെ തുടുപ്പും വലിയൊരളവോളം നിലനിര്‍ത്താന്‍ കഴിയും. നന്നേ മെലിഞ്ഞവരിലാണ് ആര്‍ത്തവവിരാമം കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുക. ഋതുവിരാമമാകുമ്പോള്‍, സ്ത്രീകളില്‍ പൊതുവേ അല്‍പം കൊഴുപ്പു കൂടിക്കാണാറുണ്ട്. ഇത് പ്രകൃതിയൊരുക്കുന്ന ഒ രു സുരക്ഷാസന്നാഹം തന്നെ. കൊഴുപ്പ് ഈസ്ട്രജന്‍ ഉല്‍പാദനത്തെ സഹായിക്കുന്നു.
ആര്‍ത്തവവിരാമത്തോടടുത്ത ഘട്ടത്തിലുണ്ടാകുന്ന ചെറിയ അസ്വാസ്ഥ്യങ്ങളെ പ്രതിരോധിക്കാനും മറികടക്കാനും അവയെക്കുറിച്ച് ശരിയായ അറിവു നേടുകയാണ് വേണ്ടത്. വീട്ടിലുള്ളവരുടെ സഹകരണംകൂടിയുണ്ടെങ്കില്‍ സാധാരണഗതിയില്‍ ഇതൊരു പ്രശ്‌നമാവാറില്ല. ഭര്‍ത്താവോ മക്കളോ ഒപ്പം കഴിയുന്ന മറ്റ് അടുത്ത ബന്ധുക്കളോ ആ രായാലും സ്ത്രീയുടെ അവസ്ഥയറിഞ്ഞ് ശ്രദ്ധയും സ്നേഹപരിചരണങ്ങളും നല്‍കണം.
ഋതുവിരാമാനന്തരം 5-10 വര്‍ഷമെങ്കിലും കഴിയുമ്പോള്‍ മാത്രമാണ് വാര്‍ദ്ധക്യത്തിലേക്കു കടക്കുക. തലച്ചോറ്, ഹൃദയം, അസ്ഥികള്‍ എന്നിവയൊക്കെ ക്രമേണ കൂടുതല്‍ കൂടുതല്‍ ദുര്‍ബലമാകാന്‍ തുടങ്ങും. മസ്തിഷ്‌കപ്രവര്‍ത്തനങ്ങളില്‍ സ്ത്രീഹോര്‍മോണുകള്‍ക്ക് വലിയ പങ്കുണ്ട്. ആര്‍ത്തവവിരാമമാകുന്നതോടെ ചില സ്ത്രീകള്‍ക്കെങ്കിലും ഓര്‍മക്കുറവുപോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. ചിലരില്‍ വിഷാദവും മാനസിക പിരിമുറുക്കങ്ങളും ഉണ്ടാകാറുണ്ട്. വാര്‍ദ്ധക്യമാവുന്നതോടെ ഇവയില്‍ പലതും കൂടുതല്‍ ശക്തമായി എന്നുവരാം. പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കാനുള്ള കഴിവ് ആര്‍ത്തവവിരാമത്തോടെ കുറയുന്നതായി കണ്ടിട്ടുണ്ട്. സ്ത്രീകളില്‍ മറവിരോഗം (അല്‍ഷിമേഴ്‌സ്) ബാധിക്കുന്നതും ആര്‍ത്തവാനന്തരകാലത്താണ്.
ലൈംഗികത
ആര്‍ത്തവവിരാമമാകുന്നതോടെ സ്ത്രീകളില്‍ പൊതുവെ ലൈംഗികതാല്‍പര്യം കുറയുന്നതായി കാണാറുണ്ട്. മക്കള്‍, അവരുടെ ജോലി, വിവാഹം, ഭര്‍ത്താവിന്റെയും കു ടുംബാംഗങ്ങളുടെയും ആരോഗ്യം തുടങ്ങി നൂറുകൂട്ടം പ്രശ്‌നങ്ങളെച്ചൊല്ലി വേവലാതിപ്പെടുന്നതിനിടെ ലൈംഗികതയെക്കുറിച്ചു പലരും മറന്നുകളയും. ഹോര്‍മോണുകളുടെ അഭാവംകൊണ്ട് ജനനേന്ദ്രിയങ്ങളിലുണ്ടാകുന്ന വരള്‍ച്ചയും ചുരുങ്ങലും ഒരു പ്രശ്‌നമാകാറുണ്ട്. ലൈംഗികബന്ധം വേദനാജനകമാവാന്‍ ഇതു കാരണമാകും. എന്നാല്‍, ആര്‍ത്തവവിരാമം സ്ത്രീലൈംഗികതയുടെ അവസാനമൊന്നുമല്ല. ദമ്പതികളുടെ മനപ്പൊരുത്തം അനുസരിച്ച് ആഹ്ലാദകരമായ ലൈംഗികജീവിതം തുടര്‍ന്നും സാധ്യമാണ്. ആര്‍ത്തവത്തിന്റെ പൊല്ലാപ്പുകളും ഗര്‍ഭധാരണത്തെക്കുറിച്ചുള്ള ഭയവും ഇല്ലാതാകുന്നത് കൂടുതല്‍ ഹൃദ്യമായ ലൈംഗികജീവിതത്തിനു വഴി തെളിക്കുകയും ചെയ്യാം. കുടുംബ പ്രാരാബ്ധങ്ങളെല്ലാം ഒഴിഞ്ഞവര്‍ക്ക് അത് കൂടുതല്‍ നല്ലതുമാണ്. ലൈംഗികബന്ധമെന്നാല്‍ കേവലം ജനനേന്ദ്രിയ ബന്ധം മാത്രമല്ലെന്നും ഹൃദയൈക്യമാണ് അതില്‍ പ്രധാനമെന്നും തിരിച്ചറിയാനും അത് ആസ്വദിക്കാനും കഴിയുന്നത് ആര്‍ത്തവാനന്തരമായിരിക്കാം. ആര്‍ത്തവവിരാമം പുതിയൊരു ആഹ്ലാദകാലത്തിന്റെ തുടക്കമാക്കി മാറ്റാന്‍ കഴിയും.
ഹൃദ്രോഗം
സ്ത്രീകള്‍ക്ക് ഹൃദ്രോഗസാധ്യത കുറവാണെങ്കിലും മധ്യവയസ്സില്‍ ഈ പ്രവണതമാറും. സ്ത്രീഹോര്‍മോണായ ഈസ്ട്രജന്‍ ഹൃദയത്തെയും രക്തക്കുഴലുകളെയും പ്രത്യേകം സംരക്ഷിക്കുന്നുണ്ട്. ആര്‍ത്തവവിരാമത്തോടെ ഹോര്‍മോണ്‍ നില താഴുന്നതുകൊണ്ട് സ്ത്രീകളിലെ ഹൃദ്രോഗസാധ്യത പൊടുന്നനെകൂടും. ആര്‍ത്തവാനന്തര കാലത്ത് ഹൃദയാരോഗ്യ പരിപാലനത്തിലും പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ തുടങ്ങിയവയുടെ നിയന്ത്രണത്തിലും പ്രത്യേകം ശ്രദ്ധിക്കണമെന്നര്‍ത്ഥം.
അസ്ഥിഭംഗം
ആര്‍ത്തവാനന്തരഘട്ടത്തില്‍ ഏറ്റവുമധികം പ്രകടമാകുന്ന അസ്വാസ്ഥ്യമാണ് അസ്ഥിഭംഗം. 30 വയസു കഴിയുമ്പോള്‍ മുതല്‍ സ്ത്രീശരീരത്തില്‍ നിന്ന് കാത്സ്യത്തിന്റെ അളവു മെല്ലെ കുറഞ്ഞുവരാറുണ്ട്. ഇത് ക്രമേണ അസ്ഥിദ്രവിക്കലായി മാറും. ആര്‍ത്തവാനന്തരകാലത്ത് ഓരോ വര്‍ഷവും മൂന്നു മുതല്‍ അഞ്ചുവരെ ശതമാനം അസ്ഥിശോഷണമുണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് അസ്ഥിഭം ഗം അഥവാ ഓസ്റ്റിയോപൊറോസിസ് എന്ന അസുഖമായി മാറുന്നു.
അസ്ഥിഭംഗം തീവ്രമായി അസ്ഥികളില്‍ ദ്വാരം വീണ് വലകള്‍ പോലെയാകുന്ന ഗുരുതരാവസ്ഥയും ചിലരില്‍ ഉണ്ടാകാറുണ്ട്. നടുവേദന, പൊക്കം കുറയല്‍, കൂന്, കൂടെക്കൂടെ എല്ലൊടിയല്‍, പല്ലിളകിക്കൊഴിയല്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഇതിന് അകമ്പടിയായേക്കാം. മെലിഞ്ഞവരില്‍ ഇതു കൂടുതല്‍ ശക്തമായി അനുഭവപ്പെടാം. വെറുതേ കാലൊന്നു മടങ്ങിയാല്‍, കുളിമുറിയില്‍ ചെറുതായൊന്നു വീണാല്‍ ഒക്കെ എല്ലൊടിയുകയോ പൊട്ടുകയോ ചെയ്യുന്നതിനു കാരണം ഇത്തരം അസ്ഥിശോഷണമാണ്. ഭക്ഷണത്തില്‍ വേണ്ടത്ര കാത്സ്യം അടങ്ങിയിട്ടുണ്ടെന്നുറപ്പു വരുത്തുകയാണ് ഇതിന് ഏറ്റവും നല്ല പ്രതിരോധം. തുടയെല്ലിനു പൊട്ടലുണ്ടാകുന്നത് ഇത്തരം പ്രശ്‌നങ്ങളില്‍ പ്രധാനമാണ്. പൊട്ടലിലൂടെ 30 ശതമാനത്തോ ളം കാത്സ്യം നഷ്ടമുണ്ടാകും. ഈസ്ട്രജന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ശീലിച്ചും ശരീരഭാരം ക്രമീകരിച്ചും അസ്ഥിഭംഗത്തെ പ്രതിരോധിക്കുകയാണ് വേണ്ടത്.
ഋതുവിരാമവും ഉദ്യോഗവും
ഓഫീസുകളിലും മറ്റും ജോലി ചെയ്യുന്ന സ്ത്രീകളില്‍ ആര്‍ത്തവവിരാമത്തിന്റെ അനുബന്ധപ്രശ്‌നങ്ങള്‍ കൂടുതല്‍ പ്രശ്‌നമുണ്ടാക്കാനിടയുണ്ട്. ഉദ്യോഗത്തില്‍ ഉന്നതനിലയിലെത്തിയ ശേഷമായിരിക്കുമല്ലോ സ്വാ ഭാവികമായും ആര്‍ത്തവവിരാമം. തിരക്കുകളും ഉത്തരവാദിത്വവും കൂടുതലായിരിക്കും. പ്രത്യേക യോഗങ്ങളിലോ മറ്റോ പങ്കെടുത്തുകൊണ്ടിരിക്കുമ്പോള്‍ ഉഷ്ണം പറക്കലോ മറ്റ് അസ്വസ്ഥതകളോ വന്നാല്‍ ആകെ അലങ്കോലമായതുതന്നെ. പെട്ടെന്നു ദേഷ്യംവരിക, ഒന്നിനോടും ഒരു താല്‍പര്യവും തോന്നാതിരിക്കുക തുടങ്ങിയവയും ഉദ്യോഗസ്ഥകള്‍ക്കു പ്രശ്‌നമാകും. വീട്ടിലുള്ളവരും അവരെ മനസ്സിലാക്കാത്ത സാഹചര്യമാണെങ്കില്‍ പിന്നെ പറയാനുമില്ല. നിരന്തര ദേഷ്യക്കാരും അസ്വസ്ഥരുമായ അധ്യാപികമാരും മുതിര്‍ന്ന ഉദ്യോഗസ്ഥകളും നമുക്കു സുപരിചിതരാണല്ലോ. സ്വന്തം ശാരീരിക, മാനസിക വ്യതിയാനങ്ങള്‍ സ്വയം മനസ്സിലാക്കാന്‍ സ്ത്രീക്കു കഴിയുന്നതു നന്ന്. അവരെ അറിഞ്ഞു സഹായിക്കാനും പരിചരിക്കാനും മക്കള്‍ക്കും ഭര്‍ത്താവിനും മറ്റു കുടുംബാംഗങ്ങള്‍ക്കും ബാധ്യതയുണ്ട്.
ജീവിതരീതി
ആര്‍ത്തവാനന്തരജീവിതം ആഹ്ലാദകരമാക്കുന്നതില്‍ സര്‍വപ്രധാനം ജീവിതരീതി തന്നെ. കുടുംബാന്തരീക്ഷമാണ് ഇതില്‍ മുഖ്യം. ഭക്ഷണരീതികളും പ്രധാനംതന്നെ. സ്ത്രീകളെ സംബന്ധിച്ചിടത്തോളം മെയ്യനങ്ങാ ജീവിതം അപ്രായോഗികമായിരുന്നു. വീട്ടുജോലികളും കു ഞ്ഞുങ്ങളുടെയും കുടുംബാംഗങ്ങളുടെയും പരിചരണവും ഒക്കെയായി അവര്‍ സദാ തിരക്കിലായിരിക്കും. അതുകൊണ്ടുതന്നെ വ്യായാമം അവര്‍ക്കൊരു പ്രശ്‌നമായിരുന്നില്ല. എന്നാല്‍ ആധുനിക ജീവിതശൈലി പലരുടെയും വ്യായാമസാധ്യതകള്‍ കുറച്ചു കളഞ്ഞു. അരയ്ക്കാനും അലക്കാനും പൊടിക്കാനുമൊക്കെ യന്ത്രങ്ങളായി. പട്ടണങ്ങളില്‍ താമസിക്കുന്നവരും മറ്റും എല്ലാ പണികള്‍ക്കും ജോലിക്കാരെ ആശ്രയിക്കുന്നതും വ്യായാമക്കുറവിനു കാരണമാകുന്നു.
ഭക്ഷണം
ഭക്ഷണശീലമാണ് മറ്റൊരു പ്രധാന സംഗതി. നിത്യവും 1000-1500 മില്ലിഗ്രാം കാത്സ്യം അടങ്ങിയ ഭക്ഷണം കഴിക്കണം. പാലും പാലുല്‍പ്പന്നങ്ങളും ഇതിനു നല്ലതാണ്. പാല്‍ പ ഥ്യമല്ലാത്തവര്‍ കാത്സ്യത്തിനു വേണ്ട മറ്റു ഭക്ഷ്യഘടകങ്ങള്‍ സ്വീകരിക്കണം. ഈസ്ട്രജന്‍ ഘടകങ്ങള്‍ ധാരാളമടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ മധ്യവയസ്സുമുതലേ ശീലിക്കുന്നതാണ് നല്ലത്. പയറുവര്‍ഗങ്ങളില്‍ ഇവ ധാരാളമുണ്ട്. ചേന, കാച്ചില്‍ തുടങ്ങിയ നാടന്‍ഭക്ഷ്യവസ്തുക്കളും നന്ന്. ഏറ്റവുമധികം ഈസ്ട്രജന്‍ ഘടകങ്ങളടങ്ങിയത് സോയാബീനിലാണ്. ജപ്പാനിലെയും മറ്റും സ്ത്രീകള്‍ക്ക് ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ കുറവായിട്ടാണ് കാണുന്നത്. അതിനു കാരണം അവര്‍ധാരാളമായി സോയാബീനും മറ്റും കഴിക്കുന്നതാണെന്നു കരുതുന്നു. ആഹാരപദാര്‍ത്ഥങ്ങളില്‍ അടങ്ങിയ ഇത്തരം ഈസ്ട്രജന്‍ ഘടകങ്ങളെ ഫൈറ്റോ ഈസ്ട്രജന്‍ എന്നാണു പറയുക. നാട്ടിന്‍പുറത്തു ലഭ്യമായ പച്ചക്കറികളിലും മറ്റും ഇവ വേണ്ടത്രയുണ്ട്.
ഹോര്‍മോണ്‍ ചികിത്സ
അടുത്തകാലത്തായി മലയാളി സ്ത്രീകള്‍ ഹോര്‍മോണ്‍ ചികിത്സയെക്കുറിച്ച് കൂടുതല്‍ ബോധവതികളാകുന്നുണ്ട്. ഹോര്‍മോണ്‍ ചികിത്സയുടെ ഗുണദോഷങ്ങളെക്കുറിച്ച് ഇപ്പോ ഴും കൃത്യമായൊരു തീര്‍പ്പ് പറയാറായിട്ടില്ല. ഇതിന് നിരവധി പാര്‍ശ്വഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട് വിദഗ്ധര്‍. ചെറിയ അസ്വസ്ഥതകള്‍ക്ക് ചെറിയ തോതിലുള്ള ഹോര്‍മോണ്‍ ചികിത്സ സ്വീകരിക്കുന്നതു ഗുണകരമാണ്. ശരീരത്തില്‍ ഒട്ടിച്ചു വയ്ക്കാവുന്ന പൊട്ടുകള്‍ , ഗുളികകള്‍ തുടങ്ങി പല രൂപത്തില്‍ ഇവ ലഭിക്കും.
ദീര്‍ഘകാലം ഹോര്‍മോണ്‍ ചികിത്സ സ്വീകരിക്കുന്നത് സ്തനാര്‍ബുദം ഉള്‍പ്പെടെ പലവിധ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നു കരുതുന്നു. ഡോക്ടറുടെ വിദഗേ്ധാപദേശമില്ലാതെ ഹോര്‍മോണ്‍ ചികിത്സ സ്വീകരിക്കരുത്. ഇപ്പോള്‍ പ്രത്യേക പ്രശ്‌നങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകമായി പ്രയോഗിക്കാവുന്ന ഹോര്‍മോണ്‍ചികിത്സ നിലവിലുണ്ട്. അസ്ഥിഭംഗം, വിഷാദം തുടങ്ങി പ്രത്യേക പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്ന കേന്ദ്രങ്ങളില്‍ മാത്രം പ്രവര്‍ത്തിക്കുന്ന സവിശേഷ പ്രതികരണ ഹോര്‍മോണ്‍ ചികിത്സയാണിത്. സെലക്ടീവ് ഈസ്ട്രജന്‍ റിസപ്റ്റര്‍ മോഡുലേറ്റര്‍ എന്നാണ് ഇതിനു പേര്. എല്ലിലോ രക്തക്കുഴലിലോ തലച്ചോറിന്റെ പ്രത്യേക ഭാഗങ്ങളിലോ ഉള്ള ഈസ്ട്രജന്‍ കുറവു മാത്രം പരിഹരിക്കുന്നതാണിത്. അതിനാല്‍ പാര്‍ശ്വഫലങ്ങള്‍ നന്നേകുറയും. സ്തനങ്ങളില്‍ അസുഖമുള്ളവര്‍, കരള്‍രോഗമുള്ളവര്‍ എന്നിവര്‍ക്കൊന്നും ഹോര്‍മോണ്‍ ചികിത്സ നന്നല്ല.
നാട്ടിന്‍പുറം നന്മകളാല്‍...
പഴയ മട്ടിലുള്ള കൂട്ടുകുടുംബങ്ങളും നാട്ടിന്‍പുറത്തെ ജീവിതവും ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ നന്നായി പ്രതിരോധിക്കാറുണ്ട്. വീട്ടില്‍ കൂടുതല്‍ അംഗങ്ങളുള്ളതുകൊണ്ടും അടുത്ത ബന്ധുക്കള്‍, അയല്‍വാസികള്‍ തുടങ്ങിയവരുമായി നല്ലബന്ധം പു ലര്‍ത്തുന്നതുകൊണ്ടും പ്രശ്‌നങ്ങള്‍ പറയാനും അറിയാനും ആശ്വസിപ്പിക്കാനും പരിചരിക്കാനും ആളുണ്ടാവുന്നു. വീട്ടുപണികള്‍ വേണ്ടത്ര ശാരീരികവ്യായാമം നല്‍കുന്നു. നാടന്‍ പച്ചക്കറികളും മറ്റും കഴിക്കുന്നതും കൃത്രിമ ഭക്ഷ്യവസ്തുക്കള്‍ ഒഴിവാക്കുന്നതും ഏറെഗുണകരമാണ്. പേരക്കുട്ടികള്‍ക്കും മറ്റും ഒപ്പമായിരിക്കുന്നത് മിക്ക മുത്തശ്ശിമാര്‍ക്കും ഏറെ ഹൃദയാഹ്ലാദം പകരും. വീട്ടിലെ ആഹ്ലാദകരവും സ്നേഹഭരിതവുമായ സാഹചര്യങ്ങളാണ് ഏതുകാര്യത്തിലും ഏറ്റവും ആരോഗ്യകരം.
ഡോ. വി. രാജശേഖരന്‍നായര്‍
പ്രൊഫസര്‍, ഗൈനക്കോളജി
മെഡിക്കല്‍ കോളേജ്,
തിരുവനന്തപുരം.
അവലംബം:
മാതൃഭൂമി ആരോഗ്യമാസിക